തൃശൂർ: ഒമാനിൽ താമസിക്കുന്ന മലയാളി വീട്ടമ്മയ്‌ക്കെതിരെ ഫേസ്‌ബുക്കിലൂടെ അപവാദപ്രചാരണം നടത്തിയയാൾ പിടിയിൽ. വീട്ടമ്മയ്‌ക്കെതിരായ മുൻവൈരാഗ്യം തീർക്കാൻ തൃശൂർ സ്വദേശിയെ കരുവാക്കിയ മലയാളി ദമ്പതിമാർക്കെതിരെയും നിയമനടപടി.

ഒമാനിലെ സോഹാറിൽ താമസിക്കുന്ന മലയാളി വീട്ടമ്മയെ ഫേസ്‌ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലാണു തൃശൂർ സ്വദേശി നാട്ടിൽ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സലാലയിലുള്ള മലയാളി ദമ്പതികൾക്കെതിരെ ഒമാനിലും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഭർത്താവിനും പെൺമക്കൾക്കും ഒപ്പം സൊഹാറിൽ താമസിക്കുന്ന വീട്ടമ്മക്കെതിരെയാണ് മകളുടെ പേരിൽ തന്നെ വ്യാജ അക്കൗണ്ടുണ്ടാക്കി അപവാദ പ്രചാരണം നടത്തിയിരുന്നത്. ശല്യം നിരന്തരമായതോടെ കുടുംബം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രവാസികാര്യമന്ത്രി എന്നിവർക്ക് പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ ആദ്യം അക്കൗണ്ട് റദ്ദാക്കി. എന്നാൽ, മറ്റ് പേരുകളിൽ ഇവർ അക്കൗണ്ട് തുറന്ന് അപവാദ പ്രചാരണം തുടരവെയാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സലാലയിൽ താമസിക്കുന്ന മറ്റൊരു മലയാളി ദമ്പതികൾക്ക് വേണ്ടിയാണ് ഇയാൾ പോസ്റ്റ് ഇട്ടിരുന്നതെന്നാണ് സൂചന. ഇവർക്കെതിരായ നടപടികൾക്കായി ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിട്ടുണ്ട്.