- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ കൂടി ഓട്ടോയിൽ കയറി, വേഗത്തിൽ പോകാൻ ആവശ്യപ്പെട്ടു'; ആശുപത്രിയിൽ പറഞ്ഞത് അപകടത്തിലുണ്ടായ പരിക്കെന്ന്; സത്യം തെളിയിച്ചത് സിസിടിവിയും; പാലക്കാട് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിനു സമീപം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ഫിറോസിന്റെ സഹോദരൻ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനായ റഫീഖ് ആണ് അറസ്റ്റിലായത്. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മർദനമേറ്റു മരിച്ചത്.ക്രിക്കറ്റ് ബാറ്റു കൊണ്ടുള്ള അടി തലയിലേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു.
അനസിനെ അടിച്ചുകൊന്ന ഫിറോസ്, സഹോദരൻ കൂടിയായ റഫീക്കിനൊപ്പമാണ് ബൈക്കിൽ സംഭവ സ്ഥലത്തെത്തിയത്. ബൈക്കിൽ നിന്നിറങ്ങി അനസിനെ കൈയിൽ കരുതിയിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഫിറോസ് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം നടന്നത് റഫീക്കിന്റെ അറിവോടെയല്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ അനസ് നടന്നുവരുമ്പോൾ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന ഫിറോസ് വണ്ടി പാർക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.
ഫിറോസും ഒപ്പമുണ്ടായിരുന്ന റഫീക്കും ചേർന്ന് ഒരു ഓട്ടോയിൽ കയറ്റി അനസിനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയിൽ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.പാലക്കാട് നോർത്ത് പൊലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിക്കുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. അന്വേഷണത്തിൽ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസിലായി. തുടർന്നാണ് സംഭവത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫിറോസിനെ കസ്റ്റഡിലെടുത്തതെന്ന് പൊലീസ് പറയുന്നു.
യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈയ്ക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ അബദ്ധത്തിൽ അടി തലയിൽ കൊള്ളുകയായിരുന്നുവെന്നുമാണ് ഫിറോസ് മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം മർദ്ദനമേറ്റ് അവശനിലയിലായിരുന്ന അനസിനെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോയിൽ കയറ്റുമ്പോൾ കടുത്ത ഛർദ്ദി ഉണ്ടായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു.
വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ ഫിറോസ് ആവശ്യപ്പെട്ടു. ഫിറോസിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. രാവിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനസ് മരിച്ചു എന്ന് മനസിലായത്. പിന്നാലെ ഫിറോസ് ഓട്ടോയിൽ മറന്നുവെച്ചിരുന്ന ബാറ്റ് കണ്ടെത്തുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവർ പറയുന്നു. അനസിനെ ആശുപത്രിയിൽ എത്തിച്ചശേഷം പണം വാങ്ങാതെ മടങ്ങിയതായും അബ്ദുള്ള പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ