കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയെ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. 'പിടികിട്ടാപ്പുള്ളി'യെന്നു ഹൈക്കോടതിക്കു പൊലീസ് റിപ്പോർട്ടു നൽകിയിട്ടുള്ള ആളാണ് അർഷോ. 2018 നവംബർ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആർഷൊയ്ക്ക് എതിരെ വധശ്രമക്കേസെടുത്തത്.

അറസ്റ്റിലായ പ്രതിക്ക് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും കർശന വ്യവസ്ഥകളോടെ പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ ആവർത്തിച്ചതോടെ ഹൈക്കോടതി ജാമ്യം റദ്ദാക്കി. തുടർന്നാണ് അർഷോ പിടികിട്ടാപ്പുള്ളിയാണെന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനു ശേഷം ഇയാൾ നിരവധി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.

എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന അർഷോയെ പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിനു പുറമേ പൊതുവേദികളിൽ ഇയാൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചാണ് നിയമ നടപടി ആവശ്യം ഉയർന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനാണ് ഡിജിപി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയത്.

എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു കോടതിയിൽ പൊലീസിന്റെ മറുപടി. ഇതിനിടെ പൊതു വേദിയിലെത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തു കളിക്കുകയാണെന്നു യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി നൽകിയിട്ടുണ്ടെന്നാണ് അർഷോ പറയുന്നത്.

നിസാമിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2019 ജനുവരി 22-നാണ് ആർഷോയെ അറസ്റ്റ് ചെയ്തത്. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തിലേർപ്പെട്ടാൽ ജാമ്യം റദ്ദാക്കാനുള്ള കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജാമ്യം അനുവദിച്ച ശേഷം ഇയാൾ നിരവധി കേസുകളിൽ പ്രതിയായി. അങ്ങനെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കോടതിയെ അറിയിച്ചപ്പോഴാണ് പ്രതിയെ കാണാനില്ലെന്ന് പൊലീസിന്റെ പ്രതികരണമുണ്ടായത്.

കഴിഞ്ഞ വർഷം ഒക്ടോബർ 21-ന് ഗാന്ധിജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് വനിതാ നേതാവിനെ ലൈംഗികമായി അതിക്രമിച്ച കേസിലും ഇയാൾ പ്രതിയായി. രാഷ്ട്രീയ-പൊലീസ് പിന്തുണയോടെയാണ് ഇയാൾ നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ച് നടക്കുന്നത്. പിടികിട്ടാപ്പുള്ളിയെന്ന നിലയിലിരിക്കുമ്പോഴാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നത് സംസ്ഥാന പൊലീസിന്റെ കഴിവ് കേടായി തന്നെ പറയേണ്ടിവരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് മൂന്നോ നാലോ തവണ ഹൈക്കോടതിയിൽ കേസ് വന്നപ്പോഴും അർഷോമിനെ കാണാനില്ലെന്നാണ് കേരള പൊലീസ് അറിയിച്ചത്. നിയമവാഴ്ചയെ അംഗീകരിക്കുമെന്നും സ്വന്തം വഴികൾ നേരെയാക്കുമെന്നും കരുതിയാണ് കോടതി പ്രതിയോട് ദയകാട്ടിയതെന്നായിരുന്നു അർഷോമിന് ജാമ്യം നൽകിയ ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് പറഞ്ഞത്. കോടതി കാണിച്ച മൃദുസമീപനം ദുരുപയോഗം ചെയ്ത് ഒട്ടേറെ കുറ്റകൃത്യങ്ങളിലേർപ്പെട്ടു. പല കേസുകളും രാഷ്ട്രീയ സ്വഭാവമുള്ളതാണ്. എന്നാൽ ചിലത് ഗുരുതര കുറ്റങ്ങളാണ്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന വിശദീകരണം നൽകാൻ പ്രോസിക്യൂട്ടിങ് ഏജൻസി നൽകിയ നിർദേശത്തെക്കുറിച്ച് അന്വേഷിക്കാനും ക്രൈം ഡിജിപിക്ക് ജസ്റ്റിസ് സുനിൽ തോമസ് 2022 ഫെബ്രുവരിയിൽ നിർദ്ദേശം നൽകിയിരുന്നു.

അതിന് ശേഷം പലവട്ടം ഈ കേസ് വിളിച്ചപ്പോഴും പ്രതിയെ കാണാനില്ലെന്ന പതിവ് പല്ലവിയായിരുന്നു പൊലീസ് ആവർത്തിച്ചത്. കാണ്മാനില്ലെന്ന് പൊലീസ് ആവർത്തിച്ചു പറഞ്ഞ പ്രതിയാണ് ഇന്നലെ മലപ്പുറം ഏലംകുളത്ത് നടന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് പി.എം ആർഷൊയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയാ പി.എം ആർഷൊ എറണാകുളം മഹാരാജാസ് കോളേജിൽ എംഎ ആർക്കിയോളജി വിദ്യാർത്ഥിയാണ്. നിലവിൽ, എസ്എഫ്‌ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയും ഗാന്ധിജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമാണ്.

ഏറ്റവുമൊടുവിൽ ഇപ്പോൾ മെയ് മാസം 19-ാം തീയതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചിൽ വീണ്ടും ജാമ്യം റദ്ദാക്കിയ ഹർജി വന്നിട്ടുണ്ട്. ഇയാൾ എല്ലാ സ്ഥലങ്ങളിലും, പാർട്ടി വേദികളിലടക്കം പങ്കെടുക്കുന്നുണ്ട്, പക്ഷേ, വധശ്രമക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ കേസിൽ പൊലീസ് കള്ളം പറയുകയാണ്. ഈ ഏപ്രിലിൽ കേരളത്തിലെ പൊലീസ് മേധാവിക്ക് ആ വധശ്രമക്കേസിൽ അക്രമത്തിനിരയായ ആൾ പരാതികൊടുത്തു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസിന് പിടികൊടുക്കാതെ ഇയാൾ നടക്കുന്നു, മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നു, എന്നിട്ടും ഒരു നടപടിയുമില്ല.

ഈ 19-ാം തീയതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചിൽ വന്ന് ഗോപിനാഥ് വിട്ടിട്ടുണ്ട്, അപ്പോൾ വധശ്രമക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കി കഴിഞ്ഞിട്ടും കേരള പൊലീസ് ഇയാളെ കാണ്മാനില്ല എന്നാണ് ആവർത്തിച്ചുപറയുന്നത്. ഇങ്ങനെ പൊലീസ് പറയുന്ന വ്യക്തിയെയാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

 കഴിഞ്ഞ വർഷം ഒക്ടോബറിൽ കോട്ടയം എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ലൈംഗികമായി അതിക്രമിച്ചുവെന്ന കേസിലും ആർഷൊ പ്രധാന പ്രതിയാണ്. സംഭവങ്ങൾക്കിടെ തന്റെ മാറിടത്തിൽ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് കോട്ടയം ഗാന്ധി നഗർ പൊലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നൽകിയിരിക്കുന്ന മൊഴി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയ്ക്ക് ഇ-മെയിൽ വഴിയാണ് പെൺകുട്ടി പരാതി നൽകിയത്.

എസ്എഫ്‌ഐക്കാർ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും ഇവരുടെ മൊഴിയിലുണ്ട്. അക്രമത്തിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നുണ്ട്. 'തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് മൊഴിയിൽ പറയുന്നു. എം ജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിത നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചതും സംഘട്ടനത്തിന് ഇടയാക്കിയതും.

സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം, ജാതിപേര് വിളിച്ച് അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് .വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അരുൺ അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ എഐഎസ്എഫ് വനിത നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 7 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ്ചുമത്തിയിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരായ ടോണി , ഷിയാസ് , ഹർഷോ, സുബിൻ, പ്രജിത്ത്, ദീപക്ക്, അമൽ എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.

 ' സെനറ്റിലേക്കുള്ള പോളിങ് അവസാനിച്ച് മടങ്ങിപോകാൻ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേർന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സഹപ്രവർത്തകനായ എ.എ സഹദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. നിസ്സഹായനായ് മർദനമേൽക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന തന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി  എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാൻ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തിൽ നിന്നുള്ള പിടിത്തം വിട്ടത്.

ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവർ ചെയ്തതെന്ന് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പറയുന്നുണ്ട്. ഇങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആളിനെയാണ് എസ്എഫ്‌ഐ അവരുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.