കണ്ണൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. സിപിഎമ്മിനെതിരെയാണ് കോൺഗ്രസ് ആരോപണങ്ങൾ ഉയർത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.

പ്രവർത്തകരായ രണ്ടു പേർക്കു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂർ സ്‌കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ആണ് മരിച്ചത്. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രൂരമായ രീതിയിലായിരുന്നു കൊല.

സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം. ഇരു കാലുകൾക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് മരിച്ചത്.

മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. മൂന്നാഴ്ചമുമ്പ് എടയന്നൂർ എച്ച്.എസ്.എസിൽ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാൻഡിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലയെന്നാണ് വിലയിരുത്തൽ.

കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷങ്ങൾ രണ്ട് കൊല്ലമായി വ്യാപകമാണ്. സമാധാന ശ്രമങ്ങളിലൂടെ ഇത് പരിഹരിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് യുത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊല. ഇതോടെ കണ്ണൂരിലെ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകും. ബിജെപിക്കെതിരായ ആക്രമങ്ങളെ സംഘപരിവാർ ദേശീയ തലത്തിൽ ചർച്ചയാക്കിയിരുന്നു. സമാന ഇടപെടലിലൂടെ സിപിഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാകും കോൺഗ്രസും ശ്രമിക്കുക. കൊല നടന്നതിനെ ഗൗരവത്തോടെയാണ് കോൺഗ്രസും കാണുന്നത്.

സംസ്ഥാന തലത്തിൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം കോൺഗ്രസ് ചർച്ചയാക്കും. കണ്ണൂരിലെ എല്ലാ അക്രമസംഭവങ്ങളിലും പ്രതിസ്ഥാനത്ത് സിപിഎമ്മുണ്ടെന്ന വാദമാകും കോൺഗ്രസ് ചർച്ചയാകുക.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കണ്ണൂർ ജില്ലയിൽ ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എടയന്നൂർ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്.