കൊല്ലം: വർഷങ്ങളോളം ഒരു വീടിനായി കാത്തിരുന്നിട്ട് ഒടുവിൽ ഉണ്ടായിരുന്ന കൂര നിലംപൊത്തിയപ്പോഴും രാധയേയും അമ്മ ഭാർഗ്ഗവിയേയും തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് അധികൃതർക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സിന്റെ ചെലവിൽ ഇവർക്ക് വീട് നിർമ്മിച്ച് നൽകും.

കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ പത്താം വാർഡ് ലക്ഷംവീട് ജംഗ്ഷനു സമീപം പ്ലാക്കാട്ട് വടക്കതിൽ വീട്ടിൽ രാധയുടെ (55)യും മാതാവ് ഭാർഗ്ഗവിയുടെ (110)യും വീടാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് കാലപഴക്കം മൂലം തകർന്ന് വീണത്. മറുനാടൻ മലയാളി ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷനും എ.ഐ.സി.സി മെമ്പറുമായ സി.ആർ മഹേഷ് സംഭവത്തിൽ ഇടപെടുകയും വീട് നിർമ്മിക്കാനുള്ള മുഴുവൻ സഹായവും ചെയത് നൽകാമെന്ന് അറിയിച്ചത്.

വിഷു ദിനത്തിൽ രാധയുടെ വീടിന്റെ തറക്കല്ലിടീൽ നടത്തുമെന്ന് സി.ആർ മഹേഷ് പറഞ്ഞതായി വാർഡ് മെമ്പർ ഷഹനാസും മുൻ തൊടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനുമായ ഷിബു എസ് തൊടിയൂരും മറുനാടൻ മലയാളിയോട് പറഞ്ഞു. ഏതു നിമിഷവും തകർന്ന് വീഴാവുന്ന കൂരയ്ക്കു കീഴിൽ വയോധികയും മകളും കഴിഞ്ഞിരുന്നത് നാലു വർഷമാണ്.

നിരവധി തവണ ഒരു വീടിനായി ജന പ്രതിനിധികളുടെ മുന്നിലും ഗ്രാമ പഞ്ചായത്തിലും കയറി ഇറങ്ങിയിട്ടും ഒരു കാര്യവുമുണ്ടായില്ല. ഒടുവിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ശക്തമായ കാറ്റിൽ വീട് നിലംപൊത്തി. അറ്റകുറ്റപ്പണികളൊന്നും നടത്താൻ കഴിയാതെ അപകടാവസ്ഥയിലായിരുന്ന വീട്ടിൽ ഏറെ ഭയത്തോടെയായിരുന്നു ഇരുവരും കഴിഞ്ഞു വന്നിരുന്നത്. ഏതാനം ദിവസം മുൻപ് കിടപ്പിലായ ഭാർഗ്ഗവിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയിട്ട് രാധ ഒരു വിവാഹത്തിന് പങ്കെടുക്കാനായി പോയപ്പോഴാണ് വീട് നിലം പൊത്തിയത്.

രാധയുടെ ഭർത്താവ് തുളസി നേരത്തെ മരിച്ചിരുന്നു. മൂന്നു പെൺമക്കളെ വിവാഹം ചെയ്ത് അയച്ചതിനു ശേഷം രാധയും അമ്മയും പരിതാപകരമായ അവസ്ഥയിലായിരുന്നു. വല്ലപ്പോഴും രാധ തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലിക്ക് പോയി കിട്ടുന്ന വരുമാനമായിരുന്നു ഏക ആശ്രയം. പന്ത്രണ്ട് വർഷം മുൻപ് സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് മകളുടെ വിവാഹം നടത്തി. പിന്നീട് ആകെയുണ്ടായിരുന്ന അഞ്ച് സെന്റിൽ പലകയടിച്ച് ഒരു ഷെഡ് നിർമ്മിക്കുകയായിരുന്നു.

വീട് കാലപ്പഴക്കം മൂലം ആവാസയോഗ്യമല്ലാതായിട്ട് നാലുവർഷത്തോളമായി. ഇതോടെ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ വീടിന് അപേക്ഷ നൽകി. എന്നാൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അനർഹരായ പലർക്കും ഈ കാലയളവിൽ വീട് നിർമ്മിക്കാൻ സഹായം കിട്ടി. ഒടുവിൽ കഴിഞ്ഞ വർഷം വാർഡ് മെമ്പർ ഷഹനാസ് മുൻകൈ എടുത്ത് സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് മിഷൻ പദ്ധതി ലിസ്റ്റിൽ പേര് ചേർത്തു. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഈ പദ്ധതിയിൽ വീട് കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കെയാണ് വീട് തകർന്നുവീണത്.

തകർന്നു വീണ ഷെഡ് പഴയനിലയിൽ വയ്ക്കാൻ പോലും കഴിവില്ലാത്ത അവസ്ഥയിലാണ് രാധ. കിടപ്പിലായ മാതാവ് ഭാർഗ്ഗവിയെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയെങ്കിലും എത്ര നാൾ ബന്ധു വീട്ടിൽ കഴിയും എന്ന അങ്കലാപ്പിലാണ് രാധ. തൊടിയൂർ ഗ്രാമപഞ്ചായത്ത് ഏതാനും ദിവസം മുൻപ് അവതരിപ്പിച്ച ബജറ്റിലും ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിനും വീടുകളുടെ അറ്റകുറ്റപ്പണികൾക്കും കോടികളാണ് വകകൊള്ളിച്ചത്.

ഒരു വർഷം മുൻപു ലൈഫ് പദ്ധതിയിൽ ഇടം നേടിയ രാധയ്ക്ക് വേഗം സഹായം എത്തിക്കാൻ നടപടികൾ ഇല്ലാത്ത അവസ്ഥയാണ്. സർക്കാരിന്റെ സഹായം കിട്ടാതാവുകയും എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് രക്ഷയ്‌ക്കെത്താതെ വരികയുംയ ചെയ്തത് ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് സാന്ത്വനമായി എത്തുന്നത്. രാധയ്ക്കും അമ്മയ്ക്കും വേണ്ടുന്ന എല്ലാ സഹായങ്ങളും ഉടൻ ലഭ്യമാക്കുമെന്ന് വാർഡ് മെമ്പർ ഷഹനാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.