ന്യൂഡൽഹി: പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ തന്നെ വിറപ്പിച്ച പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കെട്ടടങ്ങുന്നു.അഗ്നിപഥ് പദ്ധതിയിലേക്ക് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണം.വ്യോമസേനയിൽ മാത്രം ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ അപേക്ഷിച്ചത് 56,960 പേരെന്നാണ് വ്യോമസേന പുറത്ത് വിട്ട ഔദ്യോഗിക കണക്ക്.അപേക്ഷ സ്വീകരിക്കുന്ന തീയ്യതി ജുലായ് 5 വരെ ഉള്ളതിനാൽ ഇനിയും കൂടുതൽ അപേക്ഷകൾ ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.

സൈന്യത്തിൽ മികച്ച തൊഴിൽ സാദ്ധ്യത അഗ്‌നിപഥിലൂടെ നഷ്ടമാകുമെന്ന ഭയത്താലാണ് യുവാക്കൾ പ്രതിഷേധവുമായി ഇറങ്ങിയത്. എന്നാൽ ഇവർക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളും, കോച്ചിങ് സെന്ററുകളുമാണെന്നും ആരോപണം ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും അഗ്‌നിപഥ് പദ്ധതിയുമായി കേന്ദ്രവും, പ്രതിരോധ മന്ത്രാലയവും മുന്നോട്ട് പോവുകയും, പദ്ധതിയുമായി ബന്ധപ്പെട്ട് യുവതയ്ക്കുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആനന്ദ് മഹീന്ദ്രയുൾപ്പടെയുള്ളവരും അഗ്നിവീരന്മാർക്ക് സേവനത്തിന് ശേഷം ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇതൊക്കെത്തന്നെയും പദ്ധതിക്ക് മുതൽക്കൂട്ടാവുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്.പിന്നാലെ മൂന്നുസേനകളും അപേക്ഷക്ഷണിക്കുവാനും തുടങ്ങി.അപേക്ഷ വിളിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ 56,960 അപേക്ഷകൾ ലഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചു.

 ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷൻ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേർ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്. അഗ്‌നിപഥ് യോജന 2022ലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്‌നിപഥിൽ അവസരം ലഭിക്കുക.

ഇപ്രകാരം യോഗ്യത നേടുന്നവരെ അഗ്‌നിവീരന്മാർ എന്നാണ് വിളിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ഇപ്രകാരമാവും ഇനിമുതൽ സൈനികരെ ഉൾപ്പെടുത്തുന്നത്. നാല് വർഷത്തിന് ശേഷം തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം പേരെ സ്ഥിരമായി സേവനത്തിനായി സൈന്യത്തിൽ ഉൾപ്പെടുത്തും.പിരിഞ്ഞിറങ്ങുന്ന ബാക്കിയുള്ളവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും മുൻഗണന നൽകും.

2022 ജൂൺ 14 നാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് മെഡിക്കൽ എക്‌സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്.