കൊച്ചി: അങ്കമാലിയിലെ ഈ യുവകൂട്ടായ്മയ്ക്കു മുമ്പിൽ ഭൂമാഫിയ മുട്ടുകുത്താതിരിക്കില്ല. വയലും നീർത്തടങ്ങളും പച്ചപ്പും ഊർദ്ധശ്വാസം വലിക്കുന്ന കേരളത്തിൽ പ്രതീക്ഷയുടെ കുളിർകാറ്റാകുകയാണ് ഈ കൂട്ടായ്മ. റിയൽ എസ്‌റ്റേറ്റ് മാഫിയ, അധികാരികളുടെ ഒത്താശയോടെ കൃഷിയോഗ്യമല്ലെന്നു പറഞ്ഞ് വ്യാപകമായി വയൽ നികത്തുമ്പോൾ കുടിവെള്ള സംരക്ഷണത്തിനായി പാടങ്ങൾ കൃഷിയോഗ്യമാക്കി അങ്കമാലിയിലെ യുവ കൂട്ടായ്മ നെൽകൃഷിയുമായി മുന്നിട്ടിറങ്ങി. നൂറോളം യുവാക്കളും 150 ഓളം നാട്ടുകാരും ചേർന്നു നടത്തിയ വിത്തുവിതയ്ക്കൽ ചടങ്ങ് ഫാ. കുര്യാക്കോസ് മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. വിവിധ മതസാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.

അങ്കമാലി നഗരസഭയിൽ, 20 വർഷമായി തരിശായി കിടന്നിരുന്ന ചെമ്പൻ പാടത്തെ 3.5 ഏക്കറിലാണ് മാർട്ടിൻ ഗോപുരത്തിങ്കൾ, പ്രിൻസ് ജോസ്, ആരോമൽ, റിൻസ് ജോസ്, പൗലോസ് എന്നിവരടങ്ങിയ യുവകൂട്ടായ്മ കൃഷിയിറക്കിയത്. നഗരസഭയിലെ എല്ലാത്തരം മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള കുപ്പത്തൊട്ടിയായി ചെമ്പൻപാടം മാറിയപ്പോൾ ചുറ്റുമുള്ള വീടുകളിലുള്ള കിണറുകളിലെ കുടിവെള്ളം മലിനമായി, രോഗങ്ങൾ സാധാരണമായി. ഈ സാഹചര്യത്തിലാണ് നാട്ടുകാരിലോരോരുത്തരുടെയും ഓരോ മണിക്കൂർ മാത്രമാവശ്യപ്പെട്ട് യുവാക്കൾ കൃഷിയിറക്കുന്നത്.

കൊച്ചി മെട്രോയാർഡിനു വേണ്ടി എന്നു പറഞ്ഞ് കളമശേരിയിൽ 400 ഏക്കറിൽ അധികം വയൽ, നെൽവയൽ നീർത്തട നിയമം ലംഘിച്ച് നികത്തിത്തുടങ്ങിയപ്പോൾ അതിനെതിരെ നിയമപോരാട്ടം നടത്തി അനുകൂലവിധി സമ്പാദിച്ചവരാണ് ഈ യുവാക്കൾ. കൂടാതെ മൂലമ്പിള്ളിക്കടുത്ത് പിഴലയിൽ അന്യാധീനപ്പെട്ടു

പോകുമായിരുന്ന 18 ഏക്കർ പൊക്കാളി പാടത്ത് ഈ വർഷം കൃഷിയിറക്കി വിജയം കൈവരിച്ച കൂട്ടായ്മയുടെ ഭാഗമായിരുന്നു ഇവർ. മെട്രോയുടെ പേരുപറഞ്ഞു അനധികൃതമായി നികത്താൻ തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ അധികാരികൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് വയലും കുടിവെള്ളവും, നിലനിൽക്കാൻ ജോലി പോലും ഉപേക്ഷിച്ച് ചേറിലിറങ്ങി നെൽകൃഷി സമരായുധമാക്കിയ ഈ ചെറുപ്പക്കാർ. ചേറിലിറങ്ങി അദ്ധ്വാനിക്കാൻ ഒരുക്കമുള്ള ആരെയും ഇവർ ക്ഷണിക്കുന്നു ഈ കൂട്ടായ്മയുടെ ഭാഗമാകാൻ. മാർട്ടിൻ ഗോപുരത്തിങ്കൾ( 9544133216)