തൃശ്ശൂർ: സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് വ്യാവസായിക മാനം കണ്ടെത്തിയ സിപിഐ. യുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി നിരവധി പേരിൽ നിന്നും പണം പിരിച്ചു കൊണ്ട് തൃശൂരിലെ ഒല്ലൂരിലുള്ള വ്യാവസായിക കേന്ദ്രത്തിൽ 2.35 സെന്റ് ഭൂമി 2,28,150 രൂപയ്ക്ക് വാങ്ങി. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ യുവകലാസാഹിതി പബ്ലിക്കേഷൻ എന്ന പേരിൽ ഒരു പുസ്തക പ്രസിദ്ധീകരണ-പ്രസാധന കമ്പനി തുടങ്ങാനായിരുന്നു പ്ലാൻ. ഇതിന് വേണ്ടിയായിരുന്നു പണപ്പിരിവു നടത്തിയതും. ഈ പദ്ധതി പാളിയെന്ന് മാത്രമല്ല, യുവകലാസാഹിതി പ്രവർത്തകർക്കെതിരെ പൊലീസിലും കോടതിയിലും ക്രിമിനൽ കേസുകൾ ഉണ്ടാകുകയും ചെയ്തു.

യുവകലാസാഹിതിയുടെ പ്രവർത്തകനായ ഇ.എം.സതീശനും കാർഷിക സർവ്വകലാശാലയിലെ സിപിഐ. സംഘടനയുടെ നേതാവായ പൗലോസും സിപിഐ. അനുഭാവികളായ മറ്റ് ഒട്ടനവധി സാംസ്‌കാരിക പ്രവർത്തകരും കൂടി സമാരംഭിച്ച യുവകലാസാഹിതി പബ്ലിക്കേഷൻ എന്ന കമ്പനി വേണ്ടതുപോലെ വേരുപിടിച്ചില്ല. പദ്ധതി പാളിപ്പോയ സാഹചര്യത്തിൽ കെട്ടിടം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ആദ്യം ഒരു ഡി.ടി.പി. സെന്ററിനും പിന്നീട് ശ്രീജിത്ത് കെ.എസ്. എന്നയാളുടെ നേതൃത്തത്തിൽ നവീൻ രാജ് ഒ.എസ്. രതീഷ് ടി.കെ. എന്നിവർ നടത്തിവന്ന 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയം എന്ന പേരിലുള്ള പുസ്തക പ്രസിദ്ധീകരണ-പ്രസാധന കമ്പനിക്കും കെട്ടിടം പ്രതിമാസം രണ്ടായിരം രൂപക്ക് വാടകയ്ക്ക് കൊടുത്തു.

ഇതിന്നിടെ യുവകലാസാഹിതി പബ്ലിക്കേഷൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ട യുവകലാസാഹിതിക്കെതിരെ പാർട്ടിയുടെ അനൗദ്യോഗിക വിമർശനങ്ങളുണ്ടായി. ഇക്കഴിഞ്ഞ സിപിഐ. സമ്മേളനം വിലയിരുത്തിയതിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണവും സാംസ്‌കാരിക സ്ഥാപനങ്ങളിൽ സിപിഐ.ക്ക് മേൽക്കൈ പിടിച്ചെടുക്കാനായില്ലെന്നതായിരുന്നതും ശ്രദ്ധേയമാണ്. തൃശൂരിൽ സിപിഐ.ക്ക് മന്ത്രിയും എംപി.യും എംഎ‍ൽഎ.യുമൊക്കെ ഉണ്ടായിട്ടും ലക്ഷങ്ങൾ മുടക്കി തുടങ്ങാനിരുന്ന യുവകലാസാഹിതി പബ്ലിക്കേഷൻ എന്ന കമ്പനി പരാജയപ്പെട്ടതിലും പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

യുവകലാസാഹിതി പബ്ലിക്കേഷൻ സംരംഭകരായ ഇ.എം.സതീശനെതിരേയും പ്രധാന കൂട്ടാളിയായ പൗലോസിനെതിരേയും പാർട്ടിയിൽ മുറുമുറുപ്പും അസംതൃപ്തിയും ഉടലെടുത്തു. യുവകലാസാഹിതിയിലേയും പാർട്ടിയിലേയും ഒരു വിഭാഗം പ്രവർത്തകർ സതീശനും പൗലോസിനുമെതിരെ പരസ്യമായി രംഗത്തുവന്നതോടെ വാടകക്കാരെ ഒഴിവാക്കി കെട്ടിടം പാർട്ടിയുടെ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ യുവകലാസാഹിതി നിർബന്ധിതരായി.

എന്നാൽ സിപിഐ./സിപിഎം. അനുഭാവികളുടെ നേതൃത്തത്തിലുള്ള 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയം എന്ന കമ്പനി കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ സമയം ചോദിച്ചുകൊണ്ട് ഒഴിയാൻ വിസ്സമ്മതിച്ചു. ഇതേത്തുടർന്ന് 2017 നവംബർ രണ്ടിന് യുവകലാസാഹിതി പ്രവർത്തകരും കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ വിഭാഗത്തിലെ ചില ജീവനക്കാരും കൂടി വാടകക്കാരുടെ സമ്മതമില്ലാതെ കെട്ടിടത്തിൽ അതിക്രമിച്ചുകടക്കുകയും പ്രധാനപ്പെട്ട രേഖകളടക്കം മിക്കവാറും സാധന-സാമഗ്രികളും കണ്ടുകെട്ടിഎന്ന് കമ്പനിയുടെ മാനേജിങ് പാർട്ണർ ശ്രീജിത്ത് കെ.എസ്. ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയത്തിന്റെ പ്രവർത്തകർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. കേസ് ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. സിപിഐ./സിപിഎം. തലത്തിൽ നടന്ന അനുരഞ്ജന ചർച്ചകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്.'

കേസ് കോടതിയിലെത്തിയതോടെ യുവകലാസാഹിതി പ്രവർത്തകരായ സതീശനും പൗലോസും പ്രതിരോധത്തിലായി. യുവകലാസാഹിതിയുടേയും പാർട്ടിയുടേയും സമ്മർദ്ദത്തിന് വിധേയമായി യുവകലാസാഹിതി പ്രവർത്തകരായ സതീശനും പൗലോസും ഗുണ്ടകളെയിറക്കി വാടകക്കാരായ 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയത്തിൽ 2018 ജനുവരി 22 ന് ഒരിക്കൽക്കൂടി അതിക്രമിച്ചുകടന്ന് അവശേഷിച്ച സാധന-സാമഗ്രികളും കൂടി കണ്ടുകെട്ടിയെന്നും ശ്രീജിത്ത് ആരോപിക്കുന്നു. അതോടെ യുവകലാസാഹിതി കെട്ടിടം സമ്പൂർണ്ണമായും കയ്യേറി പുതിയ പൂട്ടിട്ടു ബന്തവസ്സാക്കിയെങ്കിലും രണ്ടു ഘട്ടമായി 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയം കൊള്ളയടിച്ചതിൽ ഏകദേശം എട്ടു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയം കമ്പനിയുടെ മാനേജിങ് പാർട്ണർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

പിന്നീട് കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായ ഇ.ഡി. ഡേവീസിന്റെയും പബ്ലിക്കേഷൻ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന വിപിൻ ദാസിന്റെയും നേതൃത്തത്തിലുള്ള വൈ മീഡിയ എന്ന സ്ഥാപനത്തിന് വാടകയ്ക്ക് കൊടുത്തതായി കൃത്രിമ രേഖകൾ ചമച്ചുകൊണ്ട് 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയത്തെ നിയമപരമായി പുറത്താക്കിയെന്നും പറയപ്പെടുന്നു. എന്നാൽ വാടകക്കാരായ 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയത്തെ പുകച്ചുചാടിച്ചതിനുശേഷം യുവകലാസാഹിതിയുടെ കെട്ടിടം ഇപ്പോൾ പൂട്ടിയ അവസ്ഥയിലാണ്. വൈ മീഡിയ എന്ന പുതിയ വാടകക്കാരും അവിടെ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ വൈ മീഡിയ എന്നത് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയിലെ പബ്ലിക്കേഷൻ ഓഫീസറുടെയും മറ്റുചില ജീവനക്കാരുടെയും നേതൃത്തത്തിലുള്ള ഒരു സമാന്തര പ്രസിദ്ധീകരണ-പ്രസാധന കമ്പനിയാണെന്ന ആരോപണവും ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ഇതിനുപുറമേ ഗയ പുത്തകശാല എന്നൊരു സ്ഥാപനവും ഇവരുടെതായുണ്ടെന്നും പറയപ്പെടുന്നു. സാംസ്‌കാരിക സ്ഥാപനങ്ങളിലെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യ അക്കാദമിയിലെ പബ്ലിക്കേഷൻ ഓഫീസറെ വിലയ്ക്കെടുത്തുകൊണ്ട് യുവകലാസാഹിതി തട്ടിക്കൂട്ടിയ കമ്പനിയാണ് വൈ മീഡിയ, ഗയ പുത്തകശാല എന്ന മറ്റൊരു ആരോപണവും ശക്തമാണ്.

കുട്ടയിൽ നിന്ന് മീൻ പിടിക്കാമെന്ന ഏറ്റവും പുതിയ വ്യാവസായിക മാർഗ്ഗം കണ്ടെത്തിയ യുവകലാസാഹിതിയിലെ സതീശനും പൗലോസും കേരള സാഹിത്യ അക്കാദമിയിലെ പബ്ലിക്കേഷൻ ഓഫീസറായ ഇ.ഡി. ഡേവീസിനേയും പബ്ലിക്കേഷൻ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന വിപിൻ ദാസിനേയും അനൗദ്യോഗികമായി വൈ മീഡിയയുടെ ചുമതലകൾ രഹസ്യമായി ഏൽപ്പിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ഇതിന്റെ ഭാഗമായി സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറുടെ ഓഫീസും അദ്ദേഹത്തിന് സാഹിത്യ അക്കാദമി അനുവദിച്ചുകൊടുത്ത ക്വാർട്ടേഴ്‌സും ഉപയോഗിക്കുന്നതായി ആരോപണവും ഉയർന്നിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ മേൽവിലാസവും സ്വാധീനവുമുപയോഗിച്ചുകൊണ്ട് എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രസാധനം നടത്തുകയുമായിരുന്നു വൈ മീഡിയയുടെ രഹസ്യ അജണ്ട. പബ്ലിക്കേഷൻ മാനേജരായ ഇ.ഡി. ഡേവീസിന്റെ ഭാര്യ റ്റി. പുഷ്പയും ഈ കമ്പനിയിൽ ജോലിക്കാരിയാണെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പിന് ലഭിച്ച ആരോപണത്തിന്മേൽ കേരള സാഹിത്യ അക്കാദമി അന്വേഷണം ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്.

അതേസമയം 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയം എന്ന സ്ഥാപനത്തിന്റെ പേര്, ലോഗോ, തുടങ്ങിയവയ്ക്ക് നിയമാനുസൃതമായുള്ള ട്രേഡ്മാർക്ക് അധികാരങ്ങളും അവകാശങ്ങളും നിലനിൽക്കെയാണ് കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായ ഇ.ഡി. ഡേവീസിന്റെ നേതൃത്തത്തിൽ സ്ഥാപനത്തിന്റെ പേര്.ലോഗോ,ഇമെയിൽ,വെബ്‌സൈറ്റ് തുടങ്ങിയവ അനധികൃതമായി ഉപയോഗിച്ചുകൊണ്ട് പുസ്തക പ്രസിദ്ധീകരണ-പ്രസാധനം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയം എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ ശ്രീ. ശ്രീജിത്ത് ആരോപണമുന്നയിക്കുന്നു. ഇത് സംബന്ധിച്ച് ക്രിമിനൽ കേസ് ഫയൽ ചെയ്തതായും ശ്രീജിത്ത് അവകാശപ്പെടുന്നു. കമ്പനിയുടെ ട്രേഡ്മാർക്ക് അധികാരങ്ങളും അവകാശങ്ങളും ലംഘിച്ചുകൊണ്ട് പ്രസിദ്ധീകൃതമായ പുസ്തകങ്ങളുടെ ക്രെഡിറ്റ് പേജിൽ ഇ.ഡി. ഡേവീസിന്റെയും വിപിൻ ദാസിന്റെയും ഭാര്യ ടി പുഷ്പയുടെയും പേരുകൾ കൊടുത്തിട്ടുള്ളതായും ശ്രീജിത്ത് തെളിവുസഹിതം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും പൊലീസിലും കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ട്.

അതിന്നിടെ സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറുടെ രണ്ടു പുസ്തകങ്ങളും അനധികൃതമായി 3000 ബി.സി. സ്‌ക്രിപ്റ്റ് മ്യുസിയത്തിന്റെ ലാബലിൽ അച്ചടിച്ചു പ്രസാധനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥ പ്രസിദ്ധീകരണ കരാർ വ്യാജമാണെന്നും ശ്രീജിത്ത് ആക്ഷേപമുന്നയിക്കുന്നു. ഈ രണ്ടു പുസ്തകങ്ങളുടെയും പ്രസാധകൻ കെ.പി.ശരത്ത് എന്നയാളാണ്. നേരത്തെ കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്നെതിരെ പൊലീസിലും കോടതിയിലും കേസുകളുണ്ടെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

ഇ.ഡി. ഡേവീസിനെതിരെയും സാഹിത്യ അക്കാദമിയിലും സാംസ്‌കാരിക വകുപ്പിലും കേരള ഹൈക്കോടതിയിലും പരാതികളും കേസുകളും ഉള്ളതായറിയുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കേസുകളും അതതു തലങ്ങളിൽ നടക്കുന്നുമുണ്ട്. സംസ്ഥാന ധനവകുപ്പറിയാതെ സാംസ്‌കാരിക വകുപ്പിന്റെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഡേവീസിന് ശമ്പള പരിഷ്‌കരണം നടത്തി ലക്ഷങ്ങളുടെ കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കുന്നതെന്ന ആരോപണവും അക്കാദമി വൃത്തങ്ങളിൽ നിന്നറിയുന്നു. ഇയ്യാൾക്കെതിരെ കടുത്ത ഓഡിറ്റ് വിമർശനങ്ങളും അധികമായി വാങ്ങിയ ശമ്പളാനുകൂല്യങ്ങൾ തിരിച്ചടക്കൽ ഉത്തരവുകളും ഹൈക്കോടതി കേസുകളും നിലനിൽക്കുമ്പോഴാണ് കേരള സർവ്വീസ്-സാമ്പത്തിക ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഇതൊക്കെ നടക്കുന്നതെന്നും ആരോപണമുണ്ട്.