തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് 7 റൗണ്ട് ജലപീരങ്കിയും,പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത് ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കളായമാണി നാട് സജി, പൂവച്ചൽ അജി, കിരൺ, വലിയവിള ആനന്ദ് തുടങ്ങിയവർക്ക് പരിക്കേറ്റു.

ഇന്ധനവിലയുടെ മുകളിൽ അധികനികുതി അടിച്ചേൽപ്പിച്ച് പിണറായി സർക്കാർ നോക്കുകൂലി വാങ്ങുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ പറഞ്ഞു. ഇതുവരെ കാണാത്ത ജനവിരുദ്ധ നിലാപാടാണ് പിണറായി സർക്കാർ കാട്ടുന്നത്. കേന്ദ്രഗവൺമെന്റും 22 ഓളം സംസ്ഥാനങ്ങളും അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറച്ചെങ്കിലും കേരളം നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല.

യാതൊരു മുതൽമുടക്കുമില്ലാതെ തന്നെ സംസ്ഥാനം 32 ശതമാനം വാറ്റ് നികുതി അടിച്ചേൽപ്പിക്കുകയാണ്. ഇത് ജനദ്രോഹവും കൊള്ളയുമാണ്. അടിയന്തിരമായി അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.

എണ്ണക്കമ്പനികൾക്ക് വിലനിയന്ത്രിക്കാനുള്ള അധികാരം കൊടുത്തത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സർക്കാരാണ്. ഇപ്പോൾ അവർ തന്നെ ഇതിനെതിരെ സമരം നടത്തുന്ന വൈരുദ്ധ്യമാണ് ഇന്ന് നാം കാണുന്നത്. ഇന്ധനവില കുറയ്ക്കുന്നതുവരെ ശക്തമായ പോരാട്ടങ്ങൾക്ക് യുവമോർച്ചയും, ബിജെപിയും കേരളത്തിൽ നേതൃത്വം കൊടുക്കുമെന്നും സുധീർ പറഞ്ഞു. യുവമോർച്ച നേതാക്കളായ ബി.എൽ അജേഷ്, ജെ. ആർ. അനുരാജ്,ബി. ജി വിഷ്ണു, ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു , കരമന പ്രവീൺ,രാമേശ്വരം ഹരി, അഭിജിത്ത് , ആശാനാഥ്,അനൂപ്, അനന്തു,കവിത, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.