കണ്ണൂർ: ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ സുരക്ഷക്ക് ഇത്തവണ പ്രത്യേകതകളേറെ. ഉദ്ഘാടനം പോലും നടക്കാത്ത വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി വന്നിറങ്ങിയപ്പോൾ മുതൽ തുടങ്ങിയ പ്രത്യേകതകളായിരുന്നു. ഈ ശ്രദ്ധാ നീണ്ടത് സുരക്ഷാ നടപടികളിലേക്ക് കൂടിയായിരുന്നു. കഴിഞ്ഞ തവണ കണ്ണൂരിലെത്തുമ്പോൾ ഇസെഡ് സുരക്ഷയായിരുന്നു അമിത് ഷാക്ക് ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ ഇസെഡ് പ്ലസ് വിഭാഗത്തിൽപെട്ടവരിൽ ജീവന് ഭീഷണിയുള്ളവർക്ക് കനത്ത സുരക്ഷയൊരുക്കുന്ന എ.എസ്.എൽ സംവിധാനമാണ് അമിത് ഷാക്ക് വേണ്ടി ഒരുക്കിയിരുന്നത്. സേനാംഗങ്ങളുടെ കാര്യത്തിൽ പഴയതുപോലെ 36 എന്ന അംഗസംഖ്യ തന്നെയാണെങ്കിലും സുരക്ഷാ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ ഉണ്ടായിരുന്നു.

ഇതുവരെ എസ്‌പി.ജി ക്കായിരുന്നു സുരക്ഷാ ചുമതല. എന്നാൽ ഇന്ന് കണ്ണൂരിലെത്തിയ അമിത് ഷാ ക്ക് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ സുരക്ഷയാണ് ഒരുക്കിയത്. ഈ വിഭാഗത്തിൽ പെട്ട വി.വി.ഐ.പി. സന്ദർശനം നടത്തുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ചുമതല ഏറ്റെടുക്കേണ്ടി വരുന്നു. ഇന്റലിജൻസ് ബ്യൂറോവിന്റെ നിർദ്ദേശങ്ങൾ പ്രകാരം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം നിയമപരമായി സംസ്ഥാന പൊലീസിനാണ്. ഈ ഗണത്തിൽ പെട്ട വി.വി.ഐ.പി.കളുടെ സന്ദർശനത്തിന് മുന്നോടിയായി മോക് ട്രിൽ ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ളവരുടെ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രവേശന കവാടത്തിലും ഡോർഫ്രെയിം മെറ്റൽ ഡിറ്റക്ടർ ഒരുക്കും. അമിത് ഷാ സന്ദർശിച്ച കണ്ണൂരിൽ ഇവ ഒരുക്കിയിരുന്നു.

പാർട്ടി ചടങ്ങന്നോ പൊതു ചടങ്ങെന്നോ ഉള്ള വേർതിരിവ് ഈ സുരക്ഷാ സംവിധാനത്തിലില്ല. അതിനാൽ തന്നെ കണ്ണൂർ താളിക്കാവ് മൈതാനിയിൽ നടന്ന ചടങ്ങിലെ വേദിക്കടുത്ത് പോലും മാധ്യമ ക്യാമറാമാന്മാർക്ക് പ്രവേശനമുണ്ടായില്ല. 25 അടി ദൂരത്തിനപ്പുറം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നിന്ന് മാത്രമേ പരിപാടിയുടെ ചിത്രീകരണം നടത്താൻ അനുവദിച്ചുള്ളൂ. എല്ലാം നിയന്ത്രിച്ചത് ഐ.ബി.യുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ച കേരള പൊലീസായിരുന്നു. വാഹനത്തിലും പൈലറ്റ് വാഹനത്തിലും നിയോഗിക്കപ്പെടുന്ന ഡ്രൈവർമാർ പ്രത്യേക പരിശീലനം നേടിയവരാണ്.

കണ്ണൂർ വിമാനത്താവളം മുതൽ പൊതു സമ്മേളന സ്ഥലം വരേയും തിരിച്ചുമുള്ള യാത്രയിലെ വാഹന വിന്വാസം സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ കേരളാ പൊലീസ് ട്രയൽ റൺ നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇത്തരത്തിലുള്ള നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും പുറമേ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എ.എസ്. എൽ. സുരക്ഷാ സംവിധാനത്തിന്റെ തണലിലാണ്. കണ്ണൂരിൽ ഇത്തരമൊരു സുരക്ഷാ സംവിധാനത്തിൽ സമീപകാലത്തെത്തിയത് അമിത് ഷാ മാത്രമാണ്. വേദിക്കകത്ത് പ്രവേശിക്കുന്നത് പോലും ശക്തമായ സുരക്ഷാ സംവിധാനത്തിലാണ്.

അതേസമയം അമിത് ഷായ്ക്ക് വേണ്ടി കണ്ണൂർ വിമാനത്താവളം ഉപയോഗിച്ചതിനെ വിമർശിച്ചു കൊണ്ട് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാർട്ടേഡ് വിമാനത്തിന് ഇറങ്ങാനനുമതി നൽകിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്‌നമായ അധികാര ദുർവ്വിനിയോഗവും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെത്തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോദി സർക്കാർ അവഹേളിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും ബൽറാം ഫേസ്‌ബു്ക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അങ്ങനെ:

രാജ്യസഭാംഗം അമിത് ഷാ കണ്ണൂർ വിമാനത്താവളം 'ഉദ്ഘാടനം' ചെയ്തുവെന്നത് ആശ്ചര്യകരമാണ്. ഔപചാരിക ഉദ്ഘാടനം നടക്കാത്ത ഒരു അന്തർദേശീയ വിമാനത്താവളത്തിൽ കാര്യമായ ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാർട്ടേഡ് വിമാനത്തിന് ഇറങ്ങാനനുമതി നൽകിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്‌നമായ അധികാര ദുർവ്വിനിയോഗവും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. കേരളത്തെത്തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോദി സർക്കാർ അവഹേളിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

കണ്ണൂർ ജില്ലക്കാരൻ കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടി പറയുന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമാനത്താവള ദുരുപയോഗത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ തയ്യാറാവാത്തത് നിരാശാജനകമാണ്. വി ടി ബൽറാം എന്ന പ്രതിപക്ഷ എംഎൽഎ ഒരിക്കൽ അഭിപ്രായം പറഞ്ഞ വിഷയത്തിൽ വീണ്ടും വീണ്ടും അഭിപ്രായം പറയാത്തതെന്തേ എന്ന് ദിവസേന ചോദിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകരടക്കമുള്ള സിപിഎം ബുദ്ധിജീവികൾ സംസ്ഥാന ഭരണത്തലവന്റെ ഈ മൗനത്തേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുമെന്നും ''കടക്ക് പുറത്ത്' എന്നതല്ലാത്ത എന്തെങ്കിലും ഉത്തരം ലഭിക്കുകയാണെങ്കിൽ അത് പൊതുജനസമക്ഷം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.