കളമശ്ശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സിപിഐ(എം) മുൻ ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ സിപിഐ(എം) പാർട്ടി ഓഫീസിലെത്തി. നോർത്ത് കളമശ്ശേരിയിലുള്ള ബിടിആർ മന്ദിരത്തിലെ ഏരിയ കമ്മിറ്റി ഓഫീസിൽ തിങ്കളാഴ്ച വൈകീട്ട് 3.20ഓടെയാണ് സക്കീർ ഹുസൈൻ എത്തിയത്. എന്നിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തില്ല. ഇതോടെ വിവാദങ്ങൾക്ക് പുതുമാനം ലഭിക്കുകയാണ്. വിവരം അറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകരും അനുയായികളും ഓഫീസിലെത്തി. എല്ലാം അറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരും എത്തി. എന്നാൽ പൊലീസ് മാത്രം യൂണിഫോമിൽ ഇവിടെ വന്നില്ല.

കോടതികൾ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സക്കീർ ഒളിവിൽ കഴിയുന്നത് ശരിയല്ലെന്ന അഭിപ്രായവും സിപിഎമ്മിൽ ശക്തമാണ്. ഇന്നലത്തെ സംഭവത്തോടെ പാർട്ടിയാണ് സക്കീറിനെ സംരക്ഷിക്കുന്നതെന്ന ആരോപണം ശക്തമാവുകയാണ്. അതിനിടെ സക്കീർ ഹുസൈൻ ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകുമെന്ന് സിപിഐ(എം) നേതാവ് മോഹനൻ പറഞ്ഞു. കോടതി വിധിയുടെ പകർപ്പ് കിട്ടിയിട്ടില്ലെന്നും അത് കിട്ടി കഴിഞ്ഞ് കൂടുതൽ പറയാമെന്നും മോഹനൻ വ്യക്തമാക്കി. തുടർന്ന് പാർട്ടി അണികൾ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും സക്കീർ ഹുസൈനെ ഉടൻ പിടിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി സക്കീറിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതനുസരിച്ച് കാത്തിരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. എന്നാൽ ഒരാഴ്ചവരെ കാത്തുനിൽക്കാതെ ചൊവ്വാഴ്ച തന്നെ സക്കീർ പൊലീസിൽ കീഴടങ്ങുമെന്നാണ് സൂചന.

ഒളിവിൽ കഴിയുന്ന സക്കീർ ഹുസൈനെ പാർട്ടി സംരക്ഷിക്കില്ലെന്നും പ്രതിയെ കണ്ടെത്തേണ്ട പൊലീസിന്റെ ജോലി പാർട്ടി ചെയ്യേണ്ട കാര്യമില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ, പൊലീസിന്റെ ജോലിക്കു തടസ്സം സൃഷ്ടിച്ചുകൊണ്ട് ഒളിവിൽ കഴിയുന്ന പ്രതിയെ സംരക്ഷിക്കാൻ ഏരിയാ കമ്മിറ്റി തയാറായതു സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെയെന്നു കരുതാനാകില്ല. ഇത് പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.

സിപിഐ(എം). കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനെ കേസിൽ പെട്ടതോടെ പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എറണാകുളത്ത് തന്നെ തുടരുന്ന സക്കീറിനെ ഹൈക്കോടതി കോടതി ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഉന്നതതല നിർദ്ദേശമുണ്ടായിരുന്നു. അതേസമയം, സക്കീർ ഹുസൈനെതിരായ കേസിന്റെ അന്വേഷണ ചുമതല ഡി.സി.ആർ.ബി. ഡിവൈ.എസ്‌പി. ഷിഹാബുദ്ദീന് കൈമാറി. നേരത്തെ എറണാകുളം സൗത്ത് സിഐ സിബി ടോമാണ് കേസ് അന്വേഷിച്ചിരുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങണമെന്നും ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ പൊലീസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കണമെന്നുമാണു സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. നിയമവശങ്ങൾ പരിഗണിച്ച് മജിസ്‌ട്രേട്ട് കോടതി അന്നു തന്നെ ജാമ്യഹർജിയിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിന്റെ വിശദാംശങ്ങൾ അറിയാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ച കോടതി, ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. വിധി വന്നതിനു തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു കാറിൽ സക്കീർ ഹുസൈൻ ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയത്. എന്നിട്ടും അറസ്റ്റ് ചെയ്തില്ല.

ഇതിനിടെ പാർട്ടി ഓഫിസിൽ ഏരിയാ കമ്മിറ്റിയംഗങ്ങളുടെ യോഗം ചേർന്നു. കളമശേരി മുൻ ഏരിയാ സെക്രട്ടറി കൂടിയായ സക്കീർ ഹുസൈനും യോഗത്തിൽ പങ്കെടുത്തു. സക്കീർ ഹുസൈൻ പാർട്ടി ഓഫിസിൽ തന്നെയുണ്ടെന്നു യോഗത്തിനുശേഷം ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.മോഹനൻ വെളിപ്പെടുത്തുകയും ചെയ്തു.