കോലാലംപൂർ: മതവിദ്വേഷ പ്രചാരണത്തിന് കുറ്റക്കാരനെന്ന് എൻഐഎ കണ്ടെത്തിയ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക് മലേഷ്യയിൽ അഭയം തേടി.ആ രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി മലേഷ്യൻ സർക്കാർ നായിക്കിന് നൽകിയിരിക്കുകയാണ്.അദ്ദേഹത്തെ കഴിഞ്ഞ മാസം മലേഷ്യയിലെ പ്രശസ്തമായ പുത്ര മുസ്ലിം ദേവാലയത്തിന് പുറത്ത് കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ദേവാലയത്തിന് പുറത്ത് അംഗരക്ഷകനൊപ്പം തന്റെ ആരാധകരുമായി നായിക് സെൽഫി എടുത്തു.

ബ്രിട്ടനിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മലേഷ്യയിലെത്തിയ നായിക്കിന് ഊഷ്മള സ്വീകരണമാണ് സർക്കാർ നൽകിയത്. ക്രിസ്ത്യൻ-ഹിന്ദു-ബുദ്ധിസ്റ്റ് ന്യൂനപക്ഷങ്ങളുള്ള താരതമന്യേന മിതവാദികളായ ഇസ്ലാം ഭരണകൂടമാണ് നായിക്കിനെ പോലുള്ള തീവ്രനിലപാടുകാരന് അഭയം നൽകി എന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രി നജീബ് റസാഖിന് കീഴിൽ രാഷ്ട്രീയ ഇസ്ലാം വളർച്ച കൈവരിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കാണേണ്ടത്.അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് യാഥാസ്ഥിതിക മലയ് മുസ്ലീങ്ങളെ പ്രീണിപ്പിച്ചില്ലെങ്കിൽ 2013 ലെ തോൽവിയുടെ അനുഭവം ഉണ്ടാകുമെന്ന് റസാഖിന് അറിയാം.

മതവിഭാഗങ്ങൾക്കിടെയിൽ സ്പർദ്ധ വളർത്തുകയും, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന് എൻഐഎ ഇന്ത്യയിൽ സാക്കിർ നായിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.ഇസ്ലാം മതം വെടിയുന്നവർക്കും, സ്വവർഗാനുരാഗികൾക്കും വധശിക്ഷ നൽകണമെന്ന് തന്റെ പ്രഭാഷണങ്ങളിൽ വാദിക്കുന്നയാളാണ് സാക്കിർ നായിക്.ധാക്ക കഫേയിൽ 22 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിൽ പിടിയിലായ രണ്ടുപേർ തങ്ങൾ നായിക്കിന്റെ പ്രഭാഷണങ്ങളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തടുർന്ന് നായിക്കിന്റെ പ്രഭാഷണങ്ങൾ സംപ്രേഷണം ചെയ്തിരുന്ന പീസ് ചാനൽ അധികൃതർ പൂട്ടി.

നായിക് വിവാദപുരുഷനാണെങ്കിലും, മലയ്കൾക്കിടെയിലെ ജനപ്രീതി കണക്കിലെടുത്താണ് മലേഷ്യൻ സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുന്നത്.പുത്ര ദേവാലയത്തിന് പുറത്ത് വച്ച് ഇന്ത്യയിലെ അന്വേഷണത്തെ കുറിച്ച് റോയിട്ടേഴ്‌സിന്റെ വനിതാ റിപ്പോർട്ടർ ചോദിച്ചപ്പോൾ, താൻ വനിതകളോട് പരസ്യമായി സംസാരിക്കാറില്ലെന്നായിരുന്നു നായിക്കിന്റെ പ്രതികരണം.നായിക്ക് മലേഷ്യയിൽ കുറ്റങ്ങളൊന്നു ചെയ്യാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ തടഞ്ഞുവയ്ക്കാനോ, അറസ്റ്റ് ചെയ്യാനോ കാരണമില്ലെന്നാണ് ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദ് പാർലമെന്റിനെ അറിയിച്ചത്.അതേസമയം നായിക്ക് പൊതുസമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹത്തെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് ചില മലേഷ്യൻ പൊതുപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.