ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പട്ടം മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്‌സിന്റെ പേരിലായിരുന്നു. സമ്പത്തിൽ പാതിയോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദാനം ചെയ്തിട്ടും ബിൽ ഗേറ്റ്‌സ് ആ പദവിയിൽ ഉറച്ചുനിന്നു. എന്നാലിപ്പോഴിതാ മൈക്രോസോഫ്റ്റ് ഉടമയെ പിന്തള്ളി സ്‌പെയികാരൻ അമാൻഷ്യോ ഒർട്ടേഗ സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നു.

ഫാഷൻ ശൃംഖല സാറയുടെ ഉടമയാണ് അമാൻഷ്യോ ഒർട്ടേഗ. 7950 കോടി ഡോളറാണ് (5.32 ലക്ഷം കോടി രൂപ) ഏറ്റവും പുതിയ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ സമ്പത്ത്. ബിൽ ഗേറ്റ്‌സിനെക്കാൾ 100 കോടി ഡോളർ കൂടുതൽ. 7850 കോടി ഡോളറാണ് (5.25 ലക്ഷം കോടി രൂപ) മൈക്രോസോഫ്റ്റ് ഉടമയുടെ പേരിലുള്ള സമ്പത്ത്.

80-കാരനായ അമാൻഷ്യോയുടെ മകൾ മാർത്തയാണ് അച്ഛന്റെ വ്യവസായ സാമ്രാജ്യം ഏറ്റെടുക്കാനൊരുങ്ങുന്നത്. അതോടെ, ലോകത്തെ ഏറ്റവും സമ്പന്നയായ വ്യക്തിയായി മാർത്ത മാറുമെന്നാണ് കരുതപ്പെടുന്നത്. അമാൻഷ്യോയുടെ ഏറ്റവും വലിയ കമ്പനിയായ ഇൻഡിടെക്‌സും സാറ, മാസിമോ ഡൂട്ടി, പുൾ ആൻഡ് ബിയർ എന്നിവയും 31-കാരിയായ മാർത്തയുടെ നിയന്ത്രണത്തിൽ വരും.

മാതൃസ്ഥാപനമായ ഇൻഡിടെക്‌സിറ്റിന്റെ ഓഹരിവിലയിൽ രണ്ടരശതമാനം വർധനവുണ്ടായതോടെയാണ് അമാൻഷ്യോ ലോകത്തെ ഏറ്റവും സമ്പന്നനാ വ്യക്തിയായി മാറിയത്. ഇതോടെ ബിൽ ഗേറ്റ്‌സും അമേരിക്കൻ നിക്ഷേപകൻ വാരൻ ബുഫെയും ആമസോൺ ഉടമ ജെഫ് ബിസോസിനെയുമൊക്കെ അമാൻഷ്യോ പിന്തള്ളി.

ഇതാദ്യമായല്ല അമാൻഷ്യോ പട്ടികയിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കുറച്ചുനാൾ അമാൻഷ്യോ ഒന്നാമതായിരുന്നു. എന്നാൽ, മൈക്രോസോഫ്റ്റിന്റെ ഓഹരിവിലയിലുണ്ടായ കുതിപ്പ് അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. ഒരു റെയിൽവേ ജീവനക്കാരന്റെ മകനായി സ്‌പെയിനിലെ ലാ കൊരൂണയിൽ ജനിച്ച അമാൻഷ്യോ കുടുംബത്തിന്റെ സ്വന്തമായ തയ്യൽക്കടയെ സ്‌പെയിനിലെ ഏറ്റവും വലിയ ഫാഷൻ ശൃംഖലയാക്കി മാറ്റുകയായിരുന്നു.