ബംഗളൂരു: അനധികൃത ഖനന കേസില്‍ കര്‍ണാടകയിലെ മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ഗാലി ജനാര്‍ദ്ദന റെഡ്ഡിക്ക് ഏഴ് വര്‍ഷം കഠിനതടവ്. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതിയാണ് ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. കര്‍ണാടകയിലെ ഒബുലാപുരം മൈനിങ് കമ്പനി (ഒ.എം.സി) അനധികൃത ഖനന കേസിലാണ് വിധി.

രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും ഏറ്റവും സ്വാധീനമുള്ള ചില പേരുകള്‍ ഉള്‍പ്പെട്ട പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കേസിലെ ഈ വിധി കര്‍ണാടക ഉറ്റു നോക്കുകയായിരുന്നു. അന്നത്തെ ആന്ധ്രാപ്രദേശ് സര്‍ക്കാറഇന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 2009ല്‍ അനധികൃത ഖനന പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം തുടങ്ങിയത്.

കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2011ല്‍ ഏജന്‍സി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍, മുന്‍ മന്ത്രിമാര്‍, റെഡ്ഡിയുടെ അടുത്ത സഹായികള്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രങ്ങള്‍ നല്‍കി. ജനാര്‍ദന റെഡ്ഡിക്കൊപ്പം കുറ്റപത്രം സമര്‍പ്പിച്ചവരില്‍ ബി.വി. ശ്രീനിവാസ് റെഡ്ഡി, ഒബുലാപുരം മൈനിങ് കമ്പനിയിലെ മെഹ്ഫുസ് അലി ഖാന്‍, മുന്‍ ഖനി ഡയറക്ടര്‍ വി.ഡി. രാജഗോപാല്‍, മുന്‍ ഐ.എ.എസ് ഓഫിസര്‍ കൃപാനന്ദം, മുന്‍ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി എന്നിവരും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള വിചാരണ മെയ് അവസാനത്തോടെ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം അന്തിമ വാദങ്ങള്‍ അവസാനിച്ചതോടെയാണ് ചൊവ്വാഴ്ച നിര്‍ണായക വിധിക്ക് വഴിയൊരുങ്ങിയത്.