- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവവധു ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം; റബര്‍ കമ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; സംശയരോഗമുള്ള യുവാവിനെ അറസ്റ്റ് ചെയ്ത് റാന്നി പെരുനാട് പോലീസ്
സംശയരോഗമുള്ള യുവാവിനെ അറസ്റ്റ് ചെയ്ത് റാന്നി പെരുനാട് പോലീസ്
പത്തനംതിട്ട: ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞു മിക്കദിവസവും വീട്ടില്‍ വഴക്കുണ്ടാക്കുന്ന സംശയരോഗിയായ ഭര്‍ത്താവ് നവവധുവിനെ മര്‍ദ്ദിച്ച് അവശയാക്കി. റബ്ബര്‍ കമ്പുകൊണ്ട് അടിയേറ്റ് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. ഭര്‍ത്താവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.വടശ്ശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ് ഷാന്‍ (39) ആണ് പിടിയിലായത്.
ഇയാളുടെ ഭാര്യയ്ക്കാ(34)ണ് ഭര്‍തൃവീട്ടില്‍ വച്ച് ദേഹോപദ്രവം ഏറ്റത്. ഷാനിന്റെ രണ്ടാം വിവാഹവും യുവതിയുടെ ആദ്യവിവാഹവുമാണ്. ജനുവരി രണ്ടിനായിരുന്നു വിവാഹം. മലപ്പുറം മേലാറ്റൂര്‍ സ്വദേശിയാണ് യുവതി. സംശയ രോഗമുള്ള ഭര്‍ത്താവ് ഫോണില്‍ സംസാരിക്കുന്നതിന്റെ കാരണം പറഞ്ഞു ദിവസവും വഴക്കുണ്ടാക്കാറുണ്ട്. സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന വാഹനത്തില്‍ ജോലിയാണ് ഇയാള്‍ക്ക്. നാലിന് വൈകിട്ട് ആറിനുശേഷം വീട്ടിലെത്തിയ യുവാവ് നാട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് വഴക്കുണ്ടാക്കുകയും, അസഭ്യവര്‍ഷം നടത്തുകയും, യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന്, റബ്ബര്‍ കമ്പെടുത്ത് ഇടതു ചെള്ളയ്ക്ക് അടിച്ചു, അടിയില്‍ അണപ്പല്ല് പറിഞ്ഞു. ഹാളില്‍ വച്ചായിരുന്നു ക്രൂരമായ മര്‍ദ്ദനം.
വേദന കാരണം നിലവിളിച്ചപ്പോള്‍ കൈകൊണ്ട് ചെള്ളയ്ക്കടിച്ചു. അടിച്ചു താഴെയിട്ടശേഷം കാലുകളില്‍ പിടിച്ചു തറയിലൂടെ വലിച്ചിഴച്ചു. പിന്നീട് പിടിച്ചെഴുന്നേല്‍പ്പിക്കുകയും, മുട്ടുകാലുകൊണ്ട് അടിവയറ്റില്‍ ഇടിക്കുകയും ചെയ്തു. കാലുകൊണ്ട് ഇടത് തുടയ്ക്ക് പലതവണ ചവിട്ടി. ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. ഇവരിടപെട്ട് മകനെ പിന്തിരിപ്പിച്ചു. കൂടുതല്‍ ഉപദ്രവം ഭയന്ന് യുവതി ഭര്‍തൃപിതാവിന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ അഭയം തേടി. രാത്രി അവിടെ തങ്ങുകയും, ഈ വീട്ടുകാരെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
ശരീരത്തില്‍ പല ഭാഗങ്ങളിലും ചതവു ഉളവാകത്തക്ക വിധം മര്‍ദ്ദനമേല്‍ക്കുകയും ശാരീരിക മാനസിക ഉപദ്രവം കാരണം അതിയായ മാനസിക സംഘര്‍ഷത്തിലുമായ യുവതി, പിറ്റേന്ന് രാവിലെ പെരുനാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് പെരുനാട് പോലീസിന് ഇവര്‍ മൊഴി നല്‍കി. സി പി ഓ ആര്യ മൊഴി രേഖപ്പെടുത്തി, എസ് ഐ എ ആര്‍ രവീന്ദ്രന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ഊര്‍ജ്ജിതമാക്കുകയും, പ്രതിയെ വൈകുന്നേരത്തോടെ മണിയാറില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ എടുത്തിരുന്നു. വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വൈകിട്ട് ആറിന് അറസ്റ്റ് രേഖപ്പെടുത്തി, പിന്നീട് കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തില്‍ എസ് ഐമാരായ അലോഷ്യസ്, എ ആര്‍ രവീന്ദ്രന്‍, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ വിജീഷ്, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.