വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണ തട്ടിപ്പ്; തട്ടിയെടുത്തത് അരക്കോടിയോളം രൂപ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-11-19 11:31 GMT

തൃശൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി 49.64 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ നവീൻ കുമാറിനെയാണ് തൃശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ കടുപ്പശ്ശേരി സ്വദേശിയായ അലക്‌സ് പി.കെ.യുടെ പക്കൽ നിന്നാണ് തട്ടിപ്പുസംഘം പണം കൈക്കലാക്കിയത്. ഷെയർ ട്രേഡിംഗ് നടത്താമെന്ന് വാഗ്ദാനം ചെയ്ത്, അലക്സിൻ്റെ പക്കൽ നിന്ന് 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുവാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

പ്രതികളിലൊരാളായ നവീൻ കുമാറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തട്ടിപ്പുപണത്തിൽപ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി പോലീസ് കണ്ടെത്തി. തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവീൻ കുമാർ പിടിയിലായത്.

നവീൻ കുമാർ ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സമാനമായ തട്ടിപ്പുകൾ നടത്തിയതിന് മലപ്പുറം, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയമ്പത്തൂർ, നാമക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ആറ് കേസുകൾ നിലവിലുണ്ട്. തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത് പി.എസ്. അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News