- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരാശരി 3600 സർവീസുകളുള്ള കെ എസ് ആർ ടി സിക്ക് ഇന്നലെ നിരത്തിലിറക്കാനായത് 268 ബസുകൾ മാത്രം; രണ്ടു ദിവസത്തെ പണിമുടക്ക് മൂലം ഒമ്പതു കോടിയോളം രൂപയുടെ വരുമാന നഷ്ടം; പക്ഷേ ആനവണ്ടിയെ കട്ടപ്പുറത്തിരുത്തിയവർക്ക് ശമ്പളം കിട്ടും; ഡയസ്നോൺ പിൻവലിച്ച് സർക്കാർ; ഈ സമരം സർക്കാർ സ്പോൺസേർഡോ?
തിരുവനന്തപുരം: ഓട്ടത്തിൽ കിതയ്ക്കുകയാണ് കെഎസ്ആർടിസി. എന്നിട്ടും രണ്ടു ദിവസം ജീവനക്കാർ പണിമുടക്കി. വരുമാനം ഇല്ലാത്ത സ്ഥാപനത്തിൽ നിന്നും ശമ്പള വർദ്ധനവ് തേടിയുള്ള സമരം. ജീവനക്കാരുടെ പണിമുടക്കിൽ രണ്ടാം ദിനവും യാത്രക്കാർ വലഞ്ഞു. സിഐടിയുവും ബിഎംഎസും പിന്മാറിയിട്ടും ഇന്നലെ 7% സർവീസുകൾ (268 സർവീസുകൾ) മാത്രമാണ് ഓടിയത്. ഇതോടെ ആരു വിചാരിച്ചാലും കെ എസ് ആർ ടി സിയെ സതംഭിപ്പിക്കാമെന്നും വ്യക്തമായി.
ആദ്യ ദിനം എല്ലാ സംഘടനകളും സമരത്തിലായിരുന്നു. രണ്ടാം ദിനം കോൺഗ്രസ് അനുകൂലർ മാത്രം. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫും എഐടിയുസിയുമാണ് പണിമുടക്ക് നടത്തിയതെങ്കിലും കൂടുതൽ ജീവനക്കാർ സഹകരിച്ചതിനാലാണ് സർവീസുകൾ കുറഞ്ഞത്. ജോലിക്കെത്തിയത് 9.69% ജീവനക്കാർ മാത്രമായിരുന്നു. സമരത്തെ നേരിടാൻ ഇറക്കിയ ഡയസ്‌നോൺ ഉത്തരവ് മാനേജ്‌മെന്റിന്റേതാണെന്നും സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. അതായത് പണിമുടക്കിയവർക്ക് രണ്ടു ദിവസവും ശമ്പളം കിട്ടും. യാത്രക്കാർക്ക് മാത്രമാണ് നഷ്ടം.
ഡയസ്‌നോൺ നടപ്പാക്കില്ലെന്ന മന്ത്രി വ്യക്തമാക്കുന്നതോടെ കെ എസ് ആർ ടി സിയിലേത് സർക്കാർ സ്‌പോൺസേർഡ് സമരമായിരുന്നുവെന്ന നിഗമനവും ശക്തമാകുകയാണ്. സിഐടിയുക്കാർക്ക് ശമ്പള നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ ഇടപെടൽ. കെ എസ് ആർ ടി സിയിൽ സിഐടിയു യൂണിയനെ പിണക്കിയാൽ പണി കിട്ടുമെന്ന തിരിച്ചറിവ് ഗതാഗത മന്ത്രിക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് ഡയസ്‌നോൺ സർക്കാർ ഇടപെട്ട് പിൻവലിക്കുന്നത്. ഇതോടെ ആരെന്തു ചെയ്താലും കെ എസ് ആർടിസിക്ക് മാത്രമാകും നഷ്ടമെന്നും വ്യക്തമായി.
ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. 24 മണിക്കൂർ സമരം അവസാനിപ്പിച്ച സിഐ.ടി.യു അടക്കമുള്ള ജീവനക്കാർ ജോലിക്കെത്തിയെങ്കിലും പണിമുടക്കുന്ന മറ്റ് യൂനിയനുകളിലുള്ളവർ രംഗത്തെത്തി. മാള, ചാലക്കുടി ഭാഗത്തേക്കുള്ള മൂന്ന് വീതം സർവിസുകൾ മാത്രമാണ് നടത്താനായത്. ആദ്യദിനം ഒരു ബസ് പോലും സർവിസ് നടത്തിയില്ല.
എന്നാൽ രണ്ടാം ദിനത്തിൽ ബസുകൾ സർവിസ് നടത്തുമെന്ന് അറിയിച്ചതനുസരിച്ച് നിരവധി പേർ വിവിധ കെ.എസ്.ആർ.ടി.സി സ്?റ്റാൻഡുകളിലെത്തിയിരുന്നു. ഒടുവിൽ സ്വകാര്യ ബസുകളും ട്രെയിനുകളും ആയിരുന്നു ആശ്രയം. അതേ സമയം പണിമുടക്ക് പൂർണമായിരുന്നുവെന്നും സർവിസുകൾ നടത്തിയിരുന്നില്ലെന്നും ഭരണപക്ഷാനുകൂല സംഘടനകൾ പോലും പണിമുടക്കിൽ പങ്കുചേർന്നുവെന്നും പ്രതിപക്ഷ സംഘടന നേതാക്കൾ അറിയിച്ചു.
ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചതോടെ 93 ശതമാനം സർവീസുകളും മുടങ്ങി. ഇതു താക്കീതാണെന്നും 2016 ൽ കാലാവധി അവസാനിച്ച ശമ്പള പരിഷ്‌കരണ കരാർ പുതുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്നുമാണു തൊഴിലാളി യൂണിയനുകളുടെ മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതിനെതിരായ പണിമുടക്ക് രണ്ടാം ദിവസവും തുടർന്നത് അംഗീകൃത യൂണിയനായ ടി.ഡി.എഫ്. മാത്രമായിരുന്നു. എ.ഐ.ടി.യു.സി. യൂണിയനും പിന്തുണച്ചു.
സിഐ.ടി.യു, ബി.എം.എസ്. യൂണിയനുകളുടെ പണിമുടക്ക് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഡയസ്നോൺ ഉത്തരവ് തള്ളി ഭൂരിഭാഗം ജീവനക്കാരും ഇന്നലെ പണിമുടക്കിൽ പങ്കെടുത്തതോടെ സർവീസുകൾ വ്യാപകമായി മുടങ്ങി. ശരാശരി 3600 സർവീസുകളുള്ള കെ.എസ്.ആർ.ടി.സിക്ക് ഇന്നലെ നിരത്തിലിറക്കാനായത് 268 ബസുകൾ മാത്രമാണ്. രണ്ടു ദിവസത്തെ പണിമുടക്ക് മൂലം കെ.എസ്.ആർ.ടി.സിക്ക് ഒമ്പതു കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണു കണക്ക്.
ശമ്പളത്തിനും പെൻഷനുമായി പ്രതിമാസം 150 കോടിയോളം രൂപ കെ.എസ്.ആർ.ടി.സിക്കായി സർക്കാർ നൽകുന്നുണ്ട്. ശമ്പള പരിഷ്‌കരണം പ്രതിമാസം 30 കോടിയോളം അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തുടർ ചർച്ചകൾ ഇനി എന്നു നടക്കുമെന്നതിൽ വ്യക്തതയില്ല.
മറുനാടന് മലയാളി ബ്യൂറോ