തിരുവനന്തപുരം: പതിനൊന്നുവർഷത്തെ ഇടവേളയ്ക്കുശേഷം കെ.എസ്.ആർ.ടി.സി.യിൽ പുതിയ ശമ്പളക്കരാർ ഒപ്പുവെയ്ക്കുമ്പോൾ ഈ അധിക ബാധ്യത എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും ശക്തം. നിലവിൽ സർക്കാർ ഗ്രാന്റു വാങ്ങിയാണ് കെ എസ് ആർ ടി സിയെ മുമ്പോട്ട് കൊണ്ടു പോകുന്നത്. ഗ്രാന്റ് നൽകുന്നത് നിർത്തിയാൽ കെ എസ് ആർ ടി സിയിൽ ശമ്പളം മുടങ്ങുമെന്നതാണ് വസ്തുത. ഇതിനിടെയാണ് ശമ്പള പരിഷ്‌കരണം. ശമ്പള പരിഷ്‌കരണത്തിലെ അധിക ബാധ്യത കെ എസ് ആർ ടി സിയെ വമ്പൻ പ്രതിസന്ധിയിലാക്കും.

തുടർച്ചയായി 8 മണിക്കൂറിൽ കൂടുതലുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർകംകണ്ടക്ടർമാരെ നിയോഗിക്കുന്നതിന് കെഎസ്ആർടിസിയിൽ ഒപ്പിട്ട ശമ്പളക്കരാറിൽ വ്യവസ്ഥയുണ്ട്. ഇതിനായി ഡ്രൈവർ-കം-കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കും. എല്ലാ വിഭാഗം ജീവനക്കാർക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ പ്രമോഷൻ അനുവദിക്കും. ശമ്പളക്കരാർ നടപ്പാവുന്നതോടെ പ്രതിമാസ ശമ്പളച്ചെലവ് 84 കോടിയിൽനിന്നു 100 കോടിയാകും. 45 വയസ്സു കഴിഞ്ഞ കണ്ടക്ടർമാർക്കും മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കും 50% ശമ്പളത്തോടെ ഒരു വർഷം മുതൽ 5 വർഷം വരെ അവധി അനുവദിക്കും.

കുറഞ്ഞ അടിസ്ഥാനശമ്പളം 23,000 രൂപയും കൂടിയത് 1,05,300 രൂപയുമായിരിക്കും. ശരാശരി വർധന 6750 രൂപ. 2021 ജൂണിൽ ലഭിച്ചതിനെ അപേക്ഷിച്ച് 4700 രൂപ മുതൽ 16,000 രൂപയാണ് ജീവനക്കാർക്ക് കൂടുതലായി ലഭിക്കുക. പതിനൊന്നാം ശമ്പളക്കമ്മിഷൻ മാതൃകയിൽ മാസ്റ്റർ സ്‌കെയിലും നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ കരാറിന്റെ കാലാവധി 2016-ൽ അവസാനിച്ചിരുന്നു. സംഘടനകളുമായുള്ള ചർച്ചകൾക്കുശേഷമാണ് പുതിയ കരാർ അംഗീകരിച്ചത്.

2021 ജൂൺ ഒന്നുമുതൽ അഞ്ചുവർഷത്തേക്കാണ് പുതിയ കരാർ. ജനുവരിയിലെ ശമ്പളം മുതൽ ജീവനക്കാർക്ക് പുതിയ ആനുകൂല്യം ലഭ്യമാകും. ധനകാര്യവകുപ്പും സഹകരണവകുപ്പുമായി ആലോചിച്ച് പെൻഷൻ പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് കരാറിന്റെ ഭാഗമാക്കും. പ്രതിമാസം 20 ഡ്യൂട്ടിയെങ്കിലും ചെയ്യുന്ന ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20-ൽ അധികം ചെയ്യുന്നവർക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി അധികബത്ത ലഭിക്കുന്ന തരത്തിലാണ് കരാർ.

വനിതാജീവനക്കാർക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരുവർഷത്തേക്ക് വേതനമില്ലാത്ത അവധി. ഈ അവധി കാലയളവ് സ്ഥാനക്കയറ്റം, ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും. ഇത് വിനിയോഗിക്കുന്നവർക്ക് പ്രതിമാസം 5,000 രൂപ ചൈൽഡ് കെയർ അലവൻസ്. ജോലിക്കിടെ ജീവനക്കാർ അപകടത്തിൽ മരിച്ചാൽ മരണാനന്തരച്ചെലവിന് 50,000 രൂപ. (നിലവിൽ ഇത് 10,000 രൂപ). ജോലിക്കിടയിലല്ലാതെ സംഭവിക്കുന്ന മരണത്തിന് മരണാനന്തരച്ചെലവായി 5000 രൂപ. (നിലവിൽ ഇത് 2000 രൂപ). രണ്ടും ബാധ്യതയായി കണക്കാക്കില്ല.

ലയന ഡി.എ. നിലവിലെ അടിസ്ഥാനശമ്പളത്തോടൊപ്പം 137 ശതമാനം. പരിഷ്‌കരിച്ച അടിസ്ഥാനശമ്പളത്തിന്റെ നാലുശതമാനം എന്ന നിരക്കിൽ കുറഞ്ഞത് 1,200 രൂപയും പരമാവധി 5,000 രൂപയും വീട്ടുവാടക ബത്ത. പ്രതിമാസം വീട്ടുവാടക അലവൻസ്-ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. പിരിച്ചുവിട്ട 8500 എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിൽ പരിഹാരം കാണാൻ മൂന്നംഗ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തും. പിരിച്ചുവിട്ട മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ തിരിച്ചെടുക്കാനാണു പ്രത്യേക ലേബർ സൊസൈറ്റി.

ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ പ്രധാന ഡിപ്പോകളിൽ മാത്രമായിരിക്കുമെങ്കിലും വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്മിഷൻ വ്യവസ്ഥയിൽ ടിക്കറ്റ് വിൽപനയ്ക്ക് ഏജന്റുമാരെ നിയോഗിക്കും. ബസുകളുടെ അറ്റകുറ്റപ്പണിക്കു മൊബൈൽ വാനിൽ ജീവനക്കാരെ നിയോഗിക്കാനും വ്യവസ്ഥയുണ്ട്. 500 കിലോമീറ്ററിനു മുകളിലുള്ള ബെംഗളൂരു സർവീസുകൾ പോലുള്ള സംസ്ഥാനാന്തര സർവീസുകളിൽ യുക്തമായ ടെർമിനൽ കണക്കാക്കി ക്രൂ ചേഞ്ച് നടപ്പിലാക്കും.