പാലക്കാട്: തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാട് മോട്ടര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ആണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ലക്ഷങ്ങള്‍ നല്‍കാന്‍ വിധിച്ചത്. 2015 ജൂണ്‍ 6ന് നടന്ന അപകടത്തില്‍ മരിച്ച എലപ്പുള്ളി വേങ്ങോടി സ്വദേശി രമേശിന്റെ (24) കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനാണ് എംഎസിടി ജഡ്ജി ആര്‍.ടി.പ്രകാശ് വിധിച്ചത്.

സംസ്ഥാന സര്‍ക്കാരും എലപ്പുള്ളി പഞ്ചായത്തുമാണു നഷ്ടപരിഹാരം നല്‍കേണ്ടത്. മൃഗങ്ങള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടത്തില്‍ എംഎസിടി നഷ്ടപരിഹാരം വിധിക്കുന്നത് അപൂര്‍വമാണ്. 2018 മുതലുള്ള തുകയ്ക്ക് 8 ശതമാനം പലിശയും നല്‍കണം.