കാനഡയിൽ ഉപതിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി

ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി. പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാർട്ടി വമ്പൻ ജയം നേടി. അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ 30 വർഷമായി പാർട്ടി നിലനിർത്തിയ മണ്ഡലത്തിൽ യാഥാസ്ഥിതിക പാർട്ടി നേതാവ് ഡോൺ സ്റ്റുവർട്ട് 192 ൽ 189 വോട്ട് നേടിയാണ് വിജയിച്ചത്.

കഴിഞ്ഞ 30 വർഷമായി ലിബറൽ പാർട്ടി കൈവശം വെച്ചിരുന്ന സീറ്റാണ് സെന്റ് പോൾ. 2021ലെ തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ട് നേടിയായിരുന്നു പാർട്ടി വിജയിച്ചത്. അന്ന് എതിർ സ്ഥാനാർത്ഥിക്ക് വെറും 22 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. 338 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമൺസിൽ 155 പേരുടെ പിന്തുണയാണ് ലിബറുകൾക്കുള്ളത്.

അതേസമയം തങ്ങൾ പ്രതീക്ഷിച്ച ഫലമല്ല തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ജനങ്ങളുടെ ആശങ്കകളും പരാതികളും കേൾക്കാൻ തങ്ങൾ തയ്യാറാണെന്നും ജനങ്ങൾക്കായി കൂടുതൽ നന്നായി പ്രവർത്തിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ട്രൂഡോയുടെ മുഖ്യ എതിരാളിയായ യാഥാസ്ഥിതിക നേതാവ് പിയറി പോയിലിവറും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് രംഗത്തെത്തി.തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് അദ്ദേഹം ട്രൂഡോയോട് ആവശ്യപ്പെട്ടു.

ലിബറൽ പാർട്ടിയുടെ സാമ്പത്തിക നയങ്ങളെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണ് യാഥാസ്ഥിതിക പാർട്ടിക്കാർ നടത്തിവരുന്നത്. കൂടാതെ ഇസ്രയേൽ-ഹമാസ് യുദ്ധവും യാഥാസ്ഥിതിക പാർട്ടിക്കാരുടെ പ്രചരണ വിഷയമായിട്ടുണ്ട്. ഇസ്രയേലിനോട് ട്രൂഡോ കാണിക്കുന്ന മൃദു സമീപനവും യാഥാസ്ഥിതിക പാർട്ടി നേതാക്കൾ പ്രചരണത്തിലുടനീളം തുറന്നുകാട്ടി.

1993 മുതൽ ലിബറൽ പാർട്ടി കൈവശം വച്ചിരുന്ന സീറ്റാണ് ഈ തിരഞ്ഞെടുപ്പിൽ നഷ്ടമായത്. 2011ലെ പൊതുതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാർട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ആ വർഷം പാർട്ടിക്ക് ആകെ ലഭിച്ച 34 സീറ്റുകളിൽ ആശ്വാസമായത് ടൊറാന്റോ സെന്റ് പോളിലെ വിജയമായിരുന്നു. ഇപ്പോഴത്തെ ഫലം ആവർത്തിച്ചാൽ 2025ലെ തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.