കോട്ടയം: സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുള്ള മസ്റ്ററിങ് തുടങ്ങി. ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾവഴി വ്യക്തിപരമായാണ് അപേക്ഷ നൽകേണ്ടത്. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗങ്ങൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണിത്.
2024 ജനുവരിയിലെ പെൻഷൻ വെള്ളിയാഴ്ച വിതരണം തുടങ്ങി. ഫെബ്രുവരി മുതൽ അഞ്ചുമാസത്തെ കുടിശ്ശിക നിലവിലുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം പെൻഷൻ വാങ്ങിയിരുന്നവർക്ക് ഇത് ലഭിക്കും. ഈ സാമ്പത്തികവർഷത്തെ പെൻഷൻ കിട്ടാൻ മസ്റ്ററിങ് നിർബന്ധമാണ്.
ഓൺലൈൻ മുഖേന അപേക്ഷ നൽകിയശേഷം രേഖകൾ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നൽകണം. ഇതിന്മേൽ ഗ്രാമസേവകൻ അന്വേഷണം നടത്തി ക്ഷേമകാര്യ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. ഇത് പരിശോധിച്ച് പഞ്ചായത്ത് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. രണ്ടായിരം ചതുരശ്ര അടിയിൽ കൂടുതലുള്ള വീട്, 1000 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾ എന്നിവയുള്ളവർക്ക് പെൻഷന് അർഹതയില്ല. ഒരുലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള 60 വയസ്സ് കഴിഞ്ഞവർക്കാണ് 1600 രൂപ പ്രതിമാസ പെൻഷൻ.