ആലപ്പുഴ: മാന്നാറില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സംഭവത്തില്‍ ഇസ്രായേലിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ നീക്കം. അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവിന്റെ ബന്ധു അടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരീ ഭര്‍ത്താവടക്കം അഞ്ചുപേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.

ഇവരില്‍ ചിലരെ അനിലിന്റെ വീട്ടിലെത്തിച്ചാണ് കലയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്.

ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. 15 വര്‍ഷം മുമ്പ് യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കലയുടെ ഭര്‍ത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാമനുള്ള ശ്രമങ്ങളും നടത്തി വരികയാണ് പൊലീസ്.

15 വര്‍ഷം മുന്‍പാണ് അനിലിന്റെ ഭാര്യ കലയെ മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് അനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. ഇവരാരും പിന്നീട് പരാതിയുമായി പോയില്ല.

ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.

കലയുമായുള്ള ബന്ധത്തെ അനിലിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് വിവരം. തുടര്‍ന്നാണ് അനിലും കൂട്ടാളികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയതെന്നും കരുതുന്നു. കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് സൂചന. തെളിവുകള്‍ ശേഖരിക്കുക, മൃതദേഹാവശിഷ്ടം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് പൊലീസ് ലക്ഷ്യം.

സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്. കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവത്രേ. അതേസമയം, ഇതുസംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. പോലീസും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോള്‍ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുിപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അനില്‍ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. അനില്‍ ഇസ്രായേലിലാണ് ഉള്ളത്.

രണ്ട് മാസം മുന്‍പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കേസില്‍ പ്രതിയായ അഞ്ചാമനെ കസ്റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥലത്ത് തന്നെ യുവതിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.