മുംബൈ: ട്വന്റി20 ലോകകപ്പ് കിരീടം രാജ്യത്തിനാകെ അവകാശപ്പെട്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വാംഖഡെ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് കിരീടനേട്ടത്തെക്കുറിച്ച് രോഹിത് വാചാലനായത്. "വളരെ സ്‌പെഷലായ ഒരു ടീമാണിത്. അവരുടെ ക്യാപ്റ്റനായി നയിക്കാന്‍ സാധിച്ച് എന്റെ ഭാഗ്യമായി കണക്കാക്കുന്നു." രോഹിത് ശര്‍മ പറഞ്ഞു. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിനായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ബിസിസിഐ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതികരണം.

ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരുടെ വന്‍ തിരക്ക് കാണിക്കുന്നത് അവരും ഈ ലോകകപ്പ് കിരീടത്തിനായി തങ്ങളെ പോലെ തന്നെ ഏറെ ആഗ്രഹിച്ചിരുന്നുവെന്നതാണെന്ന് രോഹിത് പറഞ്ഞു.

ഇന്ത്യയുടെ വിജയം ആരാധകരുമൊത്ത് ആഘോഷിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്ന് വിരാട് കോലി പ്രതികരിച്ചു. "ഇന്ത്യയ്ക്കായി സ്റ്റേഡിയത്തിലും തെരുവിലുമെത്തിയ ആരാധകരോടു നന്ദിയുണ്ട്. ഞങ്ങള്‍ ഇവിടെയെത്തി ആരാധകരുമായി ആഘോഷിക്കാന്‍ കാത്തിരിക്കുകയായിരുന്നു. കുറച്ചുദിവസം ബാര്‍ബഡോസില്‍ കുടുങ്ങിപ്പോയി. ഇപ്പോള്‍ വളരെയേറെ സന്തോഷമുണ്ട്. ഞങ്ങളെ മത്സരത്തിലേക്കു തിരികെയെത്തിച്ച ജസ്പ്രീത് ബുമ്രയ്ക്കു കയ്യടിക്കേണ്ട സമയമാണിത്. ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ചു കളിച്ച രോഹിത് ശര്‍മ വൈകാരികമായി പ്രതികരിക്കുന്നതു കാണുന്നത് ആദ്യമായിട്ടാണ്." വിരാട് കോലി വ്യക്തമാക്കി.

'2011 ലോകകപ്പ് വിജയത്തിന് ശേഷം മുതിര്‍ന്ന താരങ്ങള്‍ നടത്തിയ വികാര പ്രകടനങ്ങളില്‍ പൂര്‍ണ അര്‍ഥത്തില്‍ പങ്കുകൊള്ളാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇതില്‍ പങ്കാളിയാണ്.'- വിരാട് കോഹ് ലി പറഞ്ഞു.

'ഇന്ന് ഞാന്‍ കണ്ടത് പോലെയുള്ള കാഴ്ച മുന്‍പ് ഇതുവരെ കണ്ടിട്ടില്ല'- പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ വാക്കുകള്‍. 'ഈ സ്നേഹം എനിക്ക് നഷ്ടപ്പെടാന്‍ പോകുകയാണ്. ഇന്ന് രാത്രി തെരുവില്‍ കണ്ടത് ഞാന്‍ ഒരിക്കലും മറക്കില്ല,'- വിജയ പരേഡിന് ശേഷം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.

മുംബൈ നഗരത്തിലെ റോഡ് ഷോയ്ക്കു ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വാങ്കഡെ സ്റ്റേഡിയത്തിലെ സ്വീകരണത്തിനെത്തിയത്. 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു സമ്മാനിച്ചു. ലോകകപ്പ് വിജയിച്ചതിനു പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് താരങ്ങള്‍ക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.