ആർപ്പൂക്കര: പെൻഷൻ വാങ്ങി വീട്ടിലേക്കുമടങ്ങിയ വയോധികൻ ബസിൽനിന്നു തെറിച്ച് താഴേയ്ക്ക് വീണ് മരിച്ചു. കോട്ടയം മണിയാപറമ്പ് കണിച്ചകരി പുന്നക്കുഴത്തിൽ പാപ്പൻ(72) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആർപ്പൂക്കര പിണഞ്ചിറക്കുഴിയിലായിരുന്നു സംഭവം. പെൻഷൻ വാങ്ങി തിരികെ മണിയാപറമ്പിലേക്ക് പോകുന്നതിന് സ്വകാര്യ ബസിൽ കയറിയ പാപ്പൻ ഓടിക്കൊണ്ടിരുന്ന ബസിന്റെ തുറന്നിരുന്ന ഡോറിൽനിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തത്ക്ഷണം മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ബസ് കസ്റ്റഡിയിലാണെന്നും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: രാജൻ, ഓമന. മരുമക്കൾ: ജോസ്(തിരുവഞ്ചൂർ), രാധാമണി. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും.