തിരുവല്ല: ഞായറാഴ്ച ഓഫീസിലെത്തിയ തിരുവല്ല നഗരസഭയിലെ ചില ജീവനക്കാര്‍ ഒരുരസത്തിനാണ് റീല്‍സ് പിടിച്ചത്. പക്ഷേ രസം പുലിവാലായിരിക്കുകയാണ്. ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച നഗരസഭയിലെ 9് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി.റവന്യുവിഭാഗത്തിലെ വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീല്‍ പറയുന്നത്. അതേസമയം, ജീവനക്കാരെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത്.

'മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ enjoy ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം': ബ്രോ കുറിച്ചു

ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമൊക്കെ കുറച്ച് സര്‍ക്കാറുദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേര്‍ക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്.
അങ്ങനെ ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ enjoy ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയര്‍ന്ന തസ്തികയിലിരിക്കുന്നവര്‍ ജോലിസമയത്തും, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാള്‍ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലര്‍ത്തുന്നതാണ് ഇവരുടെ കലാസൃഷ്ടി. അസൂയ, കുശുമ്പ്, പുച്ഛം - മലയാളിഗുണത്രയം. ബ്രോയുടെ നിലപാടിനോട് യോജിച്ച് നിരവധി പേര്‍ കമന്റിടുന്നുണ്ട്.

ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.

മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വ്വീസ് ചട്ടം അനുസരിച്ചും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. റീല്‍സ് ചിത്രീകരിച്ചതും നഗരസഭയിലെ ജീവനക്കാരനാണ്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല.ദേവദൂതന്‍ എന്ന മലയാള സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം .https://www.facebook.com/prasanthn

ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍ വിശദീകരണം നല്‍കി. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാല്‍ സീനിയര്‍ സൂപ്രണ്ടിനാണ് വിശദീകരണം നല്‍കിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്ന് ഇവര്‍ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തില്‍ പറയുന്നു.

അതേസമയം, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.