ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോൽവി സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാർക്‌സിയൻ രീതിയിലല്ലെന്ന് വിലയിരുത്തിയതായാണ് റിപ്പോർട്ട്. ആഴത്തിലുള്ള തിരുത്തൽ നടപടികൾ വേണമെന്ന് നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലുണ്ട്. അടിത്തട്ടിലെ വോട്ട് ചോർച്ച സിപിഎം ദേശീയ നേതൃത്വം തിരിച്ചറിയുന്നുണ്ട്.

ദേശീയതലത്തിൽ സിപിഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോൺഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തിൽ സൃഷ്ടിച്ചുവെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കൾ എതിർത്തു. ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്നും വിശദീകരിച്ചു. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മറ്റി നിർദ്ദേശിച്ചു. ഭരണ വിരുദ്ധ വികാരം അതിശക്തമാണെന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണമെന്ന അഭിപ്രായം കേന്ദ്ര നേതാക്കൾക്ക് ഈ ഘട്ടത്തിലില്ല. ഇക്കാര്യത്തിൽ കേരളത്തിൽ ചർച്ച നടക്കട്ടേ എന്നതാണ് കേന്ദ്രകമ്മറ്റിയുടെ നിലപാട്. കേരളത്തിലെ നേതൃ മാറ്റം നിലവിൽ ചർച്ചയിൽ ഇല്ലെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തോൽവി പാർട്ടിക്കു ദേശീയതലത്തിൽ വലിയ ആഘാതമുണ്ടാക്കിയെന്നും രാഷ്ട്രീയമായി ശക്തിയാർജിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ക്ഷേത്ര കമ്മിറ്റികൾ, സാമുദായിക സംഘടനകൾ എന്നിവ വഴി വർഷങ്ങളായി ബിജെപി നടത്തുന്ന പരിശ്രമങ്ങൾ അവരുടെ വോട്ടു വിഹിതം ഉയരാൻ വഴിയൊരുക്കി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്കു പോകുന്ന സാഹചര്യം തടയാനുള്ള രാഷ്ട്രീയ ഇടപെടലുകൾക്ക് ഉടൻ തുടക്കമിടണം. തിരുവനന്തപുരത്തും ആലപ്പുഴയിലും ഈ ചോർച്ച ശക്തമായിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ച സാഹചര്യത്തിൽ തിരുത്തൽ അനിവാര്യതയാണെന്നാണ് കേന്ദ്ര കമ്മറ്റി നിരീക്ഷണം.

സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള ചില പദ്ധതികളുടെ പണം ബിജെപി സർക്കാർ തടഞ്ഞതാണു പ്രതിസന്ധിക്കു കാരണമെന്നു സംസ്ഥാന നേതൃത്വം നിലപാടെടുത്തു. കേരളത്തിൽ തുടർച്ചയായ രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും എങ്ങനെ കനത്ത തോൽവിയുണ്ടായി, ബിജെപിയുടെ വളർച്ച എന്തുകൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല തുടങ്ങിയവയാണു പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യാസഖ്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ കേരള ഘടകത്തിന്റെ വാദങ്ങൾ കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുക്കും.

കേരളം, ത്രിപുര, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച ശാസ്ത്രീയ വിലയിരുത്തലുണ്ടായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനമുള്ളതായാണ് സൂചന. ദേശീയതലത്തിൽ കോൺഗ്രസിനെ മുന്നിൽനിർത്തിയൊരു ദേശീയബദലെന്ന തോന്നലുയരുമ്പോൾ ഇത് ആഗ്രഹിക്കുന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങൾ കോൺഗ്രസിനനുകൂലമായേ വോട്ട് ചെയ്യൂവെന്ന് സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പാർട്ടി ആഴത്തിലുള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നെന്ന യാഥാർഥ്യം ഉൾക്കൊള്ളണമെന്ന വിമർശനമാണ് ചർച്ചയിൽ ഏറെയും ഉയർന്നത്. കേരളത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച കൂടുതലും. ആർ.എസ്.എസിന്റെ വളർച്ച ഗൗരവത്തോടെ കാണണമെന്നും ജനങ്ങളെ ഉൾക്കൊണ്ടുള്ള തെറ്റുതിരുത്തൽ സമീപനത്തിലേക്ക് കടക്കാതെ കേരളത്തിലും പ്രതിസന്ധിയെ മറികടക്കുക പ്രയാസമാണെന്നും അഭിപ്രായമുയർന്നു.

കോൺഗ്രസും മുസ്ലിംലീഗും ചേർന്ന മുന്നണിക്കൊപ്പം എസ്.ഡി.പി.ഐ.യും ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമടക്കമുള്ള ന്യൂനപക്ഷ വർഗീയശക്തികൾ ചേർന്നതാണ് അവരുടെ വിജയത്തിലേക്കെത്തിച്ചത്. ന്യൂനപക്ഷ ഏകീകരണം വലിയതോതിൽ യു.ഡി.എഫിനനുകൂലമായി. ഇടതുമുന്നണിക്കൊപ്പം നിന്ന പിന്നാക്കവോട്ടുകൾ ചോർന്നതും തിരിച്ചടിയായി.

യു.ഡി.എഫിന്റെ വോട്ടുശതമാനം 2.8 ശതമാനം കുറഞ്ഞിട്ടും മലബാർ മേഖലയിലെ അവരുടെ സ്ഥാനാർത്ഥികൾ ലക്ഷത്തിനുമുകളിൽ ഭൂരിപക്ഷത്തിന് വിജയിച്ചത് ന്യൂനപക്ഷ ഏകീകരണത്തിന് തെളിവാണ്. അതേസമയം, ഇടതുമുന്നണിയുടെ രാഷ്ട്രീയവോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായില്ല. എന്നാൽ, ബിജെപി.യുമായുള്ള വോട്ട് അനുപാതം 15 ശതമാനം മാത്രമായി കുറഞ്ഞത് ഗൗരവതരമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി വിലയിരുത്തി.