കാലിഫോർണിയ: മരണമടഞ്ഞ് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഡയാന രാജകുമാരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുക മാത്രമല്ല, നല്ല സ്വാധീനവും ചെലുത്തുന്നു എന്നതിന്റെ തെളിവായിരുന്നു കാലിഫോർണിയയിൽ നടന്ന ലേലം. ഡയാനയുടെ വസ്ത്രങ്ങളും മറ്റ് സ്വകാര്യ വസ്തുക്കളുമെല്ലാം ലേലത്തിൽ വിറ്റുപോയത് 4 മില്യൻ പൗണ്ടിനായിരുന്നു. 200 ൽ അധികം വസ്തുക്കളായിരുന്നു ലേലത്തിൽ വെച്ചിരുന്നത്. 1997 ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന സമാഹരണത്തിനായി രാജകുമാരി തന്റെ ചില സ്വകാര്യ വസ്തുക്കൾ ലേലം ചെയ്തിരുന്നു.
അതിനു ശേഷം ഡയാന രാജകുമാരിക്ക് സ്വന്തമായി ഉണ്ടായിരുന്ന വസ്തുക്കളാണ് ലേലത്തിൽ വെച്ചതെന്നായിരുന്നു ലേലക്കമ്പനിയുടെ അവകാശവാദം. ബ്രിട്ടീഷ് ഡിസൈനർ ആയ വിക്ടർ എഡെൽസ്റ്റീൻ ഡിസൈൻ ചെയ്ത മജന്ത സിൽക്കിന്റെ സായാഹ്ന വസ്ത്രം ലേലത്തിൽ പിടിച്ചത് 7,20,000 പൗണ്ടിനായിരുന്നു. 1987-ൽ ലണ്ടനിലും ജർമ്മന്യിലും ഡയാന ഈ വസ്ത്രം ധരിച്ചിരുന്നു. ലേലക്കമ്പനി പ്രതീക്ഷിച്ചിരുന്ന കുറഞ്ഞ ലേലത്തുകയുറ്റെ നാലര മടങ്ങ് അധികം വിലയ്ക്കാണ് ആ വസ്ത്രം പോയത്.
അതുപോലെ 1986 ലും പിന്നീട് 1987 ൽ ഓപ്പറ ഹൗസിൽ സിൻഡ്രെല്ല കാണാൻ പോയപ്പോഴും ഡയാന ധരിച്ചിരുന്ന നീല സ്ട്രാപ്പ്ലെസ് ഗൗൺ പോയത് 6,17,000 പൗണ്ടിനായിരുന്നു. ഇതും പ്രതീക്ഷിച്ചിരുന്ന കുറഞ്ഞ ലേലത്തുകയുടെ നാലിരട്ടി വിലയ്ക്കാണ് പോയിരിക്കുന്നത്. അതുപോലെ, വാക്കർ ഡിസൈൻ ചെയ്ത, 1988 ൽ വില്യംസ് രാജകുമാരന്റെ സ്പോർട്ട്സ് ദിനത്തിൽ റിച്ച്മോണ്ട് സ്റ്റേഡിയത്തിലും പിന്നീട് 1992 ൽ ഹാരി രാജകുമാരന്റെ നോട്ടിങ് ഹിൽ സ്കൂളിലേക്കും അണിഞ്ഞ പൂക്കൾ പ്രിന്റ് ചെയ്ത സിൽക്ക് ഷർട്ടിന് ലേലത്തിൽ 3,52,000 പൗണ്ട് ലഭിച്ചു.
ഈ ലേലത്തിന്റെ ഒരു ഭാഗം മസ്കുലാർ ഡിസ്ട്രോപ്ഫി യു കെ ക്കും മറ്റു ചില സംഘടനകൾക്കും ലഭിക്കും. ഡയാനയുടെ കൈയെഴുത്തിലുള്ള 20 ൽ അധികം കത്തുകൾ, കുറിപ്പുകൾ, ഹോളിഡെ കാർഡുകൾ എന്നിവയും ലേലത്തിൽ വെച്ചിരുന്നു. അതിൽ അധികം എഴുത്തുകളും എഴുതിയിരിക്കുന്നത് സ്പെൻസറിലെ രാജകുമാരിയുടെ കുടുംബ വീട്ടിൽ ഹൗസ് കീപ്പറായിരുന്ന മൗഡ് പെൻഡ്രേക്ക് ആയിരുന്നു. ഡയാനയുടെ കുട്ടിക്കാലം ഈ വീട്ടിലായിരുന്നു.