ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമ സംവിധാനായമായ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. പുതിയ ക്രിമിനല്‍ നിയമങ്ങളിലൂടെ ഇരകള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു.

സ്വാതന്ത്രത്തിന് ശേഷം ആദ്യമായി ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പൂര്‍ണമായി സ്വദേശവല്‍ക്കരിച്ചിരിക്കുകയാണ്. അര്‍ദ്ധ രാത്രി മുതല്‍ നിയമം നടപ്പാക്കിത്തുടങ്ങി. ഇനി മുതല്‍ ക്രിമിനല്‍ നിയമങ്ങള്‍ ബിഎന്‍എസ്, ബിഎന്‍എസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. പുതിയ നിയമത്തിലൂടെ വേഗത്തില്‍ നീതി നടപ്പാകാനാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന. ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേഗത്തില്‍ വിചാരണയും നീതി ലഭ്യമാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.

പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് ഗ്വാളിയോറിലാണ്. മോട്ടര്‍ സൈക്കിള്‍ മോഷണ കേസ് ആണിത്. ഡല്‍ഹിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് എന്നത് തെറ്റാണ്. ഇരകളുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ചര്‍ച്ചയില്ലാതെയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിയമം നടപ്പാക്കിയതെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് അമിത് ഷാ മറുപടി നല്‍കി. ലോക്‌സഭയിലും രാജ്യസഭയിലും നീണ്ട ചര്‍ച്ച നടത്തിയാണ് നിയമം നടപ്പിലാക്കുന്നത്.

മുഖ്യമന്ത്രിമാരുടെയും, എംപിമാരുടെയും എല്ലാം നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് നിയമം തയാറാക്കിയത്. പ്രതിപക്ഷം ഇതിന് രാഷ്ട്രീയ നിറം നല്‍കരുത്. എല്ലാവരും നിയമത്തോട് സഹകരിക്കണം. എല്ലാ ചര്‍ച്ചയ്ക്കും തയാറാണ്. ഇത്രയും നീണ്ട ചര്‍ച്ച നടത്തി. നാല് വര്‍ഷം കൂടിയാലോചനകള്‍ നടന്നു. ഈ നിയമം പൂര്‍ണമായി നടപ്പാക്കിയതിന് ശേഷം ഏത് വ്യക്തിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മൂന്ന് വര്‍ഷത്തിനകം സുപ്രീം കോടതിയില്‍ നിന്ന് വരെ നീതി ലഭ്യമാകുമെന്നും നിയമം പൂര്‍ണമായി നടപ്പാക്കാന്‍ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ എടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

മോട്ടോര്‍ സൈക്കിള്‍ മോഷണത്തിനാണ് ഭാരതീയ ന്യായ് സംഹിത പ്രകാരം ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. പുലര്‍ച്ചെ 12.10-ന് മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അമിത് ഷാ അറിയിച്ചു. രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് ഛത്തീസ്ഗഢിലാണ്. കബീര്‍ധാം ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 12.30-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് പുലര്‍ച്ചെ 1.57-നാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റീപ്പോര്‍ട്ടുകള്‍. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്ഐആര്‍ പരിശോധിച്ച ശേഷം ഒഴിവാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.