കൊച്ചി: വീണ്ടും താര സംഘടനയിലെ പൊതുയോഗത്തില്‍ താരമായി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് സ്‌നേഹ സമ്പന്നമായ സ്വീകരണമാണ് പൊതു യോഗത്തില്‍ നിറഞ്ഞത്. വിദേശത്തായിരുന്നതു കൊണ്ട് സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല. യുവ നിരയില്‍ പൃഥ്വിരാജും അസാന്നിധ്യമായി. അമ്മയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്ത യോഗത്തില്‍ എല്ലാ അര്‍ത്ഥത്തിലും താരമായത് സുരേഷ് ഗോപിയാണ്. കേന്ദ്രമന്ത്രിയായ ശേഷം താരങ്ങള്‍ നല്‍കിയ സ്വീകരണം പോലെയായി മാറി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌നേഹ പ്രകടനം.

27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നത്. സംഘടനയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുന്‍പാണ് സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് സുരേഷ് ഗോപി വോട്ടുരേഖപ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപിയെ ഉപഹാരം നല്‍കിയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു. പുതുക്കിയ അംഗത്വ കാര്‍ഡും സുരേഷ് ഗോപിക്ക് നല്‍കി. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് 1997ല്‍ സുരേഷ് ഗോപി അമ്മയില്‍ നിന്ന് വിട്ടുനിന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ അമ്മ സംഘടിപ്പിച്ച ഉണര്‍വ് എന്ന മെഡിക്കല്‍ ക്യാമ്പില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. എന്നാല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷമാണ്. ബിജെപിക്കാരനായതോടെ സുരേഷ് ഗോപിയെ സംഘിയെന്ന് വിളിച്ച് കളിയാക്കിയവരും ഉണ്ട്. ഇവരെല്ലാം കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കൊപ്പം സെല്‍ഫി എടുക്കുന്നതിന് മത്സരിക്കുന്ന വിചിത്രകാഴ്ചയും ഉണ്ടായി. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയാണ് എസ് ജി അമ്മ യോഗ വേദിയിലെ താരമായത്.

പൊട്ടിക്കരഞ്ഞ സിദ്ദിഖ്

മോഹന്‍ലാലും സിദ്ദിഖും എല്ലാം ആഹാരം കഴിക്കുമ്പോഴാണ് സുരേഷ് ഗോപി എത്തിയത്. ഇടവേള ബാബുവിന്റെ ഫോണിലേക്ക് ഇതു സംബന്ധിച്ച സന്ദേശം എത്തി. ഇതോടെ സുരേഷ് ഗോപിയെ സ്വീകരിച്ചെത്തിക്കാന്‍ ഇടവേള ബാബുവിനോട് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചു. ഈ സമയം ഭക്ഷണം കഴിക്കുന്ന ഒരു സീറ്റ് സുരേഷ് ഗോപിക്കുറപ്പിക്കാനായി വെറുതെ ഒരു സീറ്റില്‍ നടന്‍ നന്ദു ഇരിക്കുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിയെത്തി. സിദ്ദിഖിനും മോഹന്‍ലാലിനും അടുത്തിരുന്നും. ഭക്ഷണം കഴിക്കും മുമ്പ് തന്റെ ഡ്രൈവര്‍ ആഹാരം കഴിച്ചുവെന്ന് സുരേഷ് ഗോപി ഉറപ്പിച്ചു. നന്ദുവിനെ പറഞ്ഞുവിട്ടായിരുന്നു ഇക്കാര്യം ഉറപ്പിച്ചത്. ഇതിനൊപ്പം അനുജന്‍ സുനില്‍ ഗോപിയും ആഹാരം കഴിച്ചെന്ന് അന്വേഷിച്ച് ഉറപ്പിക്കുകയും ചെയ്തു.

ഇതിന് ശേഷം ഭക്ഷണം കഴിച്ചു. ഇവിടെ വികാര നിര്‍ഭരമായ പലതും സംഭവിക്കുകയും ചെയ്തു. നടന്‍ സിദ്ദിഖിന്റെ മൂത്തമകന്‍ മരിച്ചത് അടുത്ത ദിവസങ്ങളിലായിരുന്നു. സിനിമക്കാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു സിദ്ദിഖിന്റെ മകന്‍. സിദ്ദിഖിനെ തോളോട് ചേര്‍ത്ത് നിര്‍ത്തി കാര്യങ്ങള്‍ തിരക്കി. ഇതിനിടെ സുരേഷ് ഗോപിയുടെ നെഞ്ചിലേക്ക് ചാഞ്ഞ സിദ്ദിഖ് മകന്റെ ഓര്‍മ്മയില്‍ പൊട്ടിക്കരഞ്ഞു. സുരേഷ് ഗോപിയ്ക്കും ആ ദുഖം താങ്ങാനായില്ല. കേന്ദ്രമന്ത്രിയും ആ നിമിഷം അവിടെ നിന്ന് വിതുമ്പി. സിദ്ദിഖിനെ ആശ്വസിപ്പിച്ച ശേഷമായിരുന്ന സമ്മേളന വേദിയിലേക്ക് മോഹന്‍ലാലും സുരേഷ് ഗോപിയും എത്തിയത്.

സിദ്ദിഖും സുരേഷ് ഗോപിയും തമ്മിലെ സ്വകാര്യ സംഭാഷണം നടന്നിടത്തേക്ക് മാധ്യമങ്ങളെ ആരേയും കയറ്റി വിട്ടിരുന്നില്ല. ചാനല്‍ ക്യാമറകളും അതുകൊണ്ട് തന്നെ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ചില താരങ്ങളുടെ ഫോണില്‍ സിദ്ദിഖിന്റെ കരച്ചിലും സുരേഷ് ഗോപിയുടെ വിതുമ്പലുമെല്ലാം ചിത്രീകരിക്കപ്പെട്ടു. ഇത് മോഹന്‍ലാലും മനസ്സിലാക്കി. അതുകൊണ്ട് തന്നെ ആ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ എല്ലാം മൊബൈലുകളില്‍ നിന്നും ഡിലീറ്റ് ചെയ്തുവെന്ന് മോഹന്‍ലാല്‍ ഉറപ്പിക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ വേദന മാറുമ്പോള്‍

അമ്മയുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചത് സുരേഷ് ഗോപിയാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നുണ്ടായ വേദന നിറഞ്ഞ പ്രതികരണം സുരേഷ് ഗോപിയ്ക്ക് ആഘാതമായി. ഈ ദുരനുഭവം മണിയന്‍പിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പങ്കുവെച്ചു. അങ്ങിനെ ഉദിച്ച ആശയമാണ് അഭിനേതാക്കള്‍ക്ക് ഒരു സംഘടന രൂപീകരിയ്ക്കുക എന്നത്. അങ്ങിനെയാണ് അമ്മ രൂപം കൊള്ളുന്നത്. 25 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രിയായും ചടങ്ങിലെ മുഖ്യാതിഥിയായും ആണ് എത്തിയത്.

1994ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ സുരേഷ് ഗോപിയും ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും 10000 രൂപ വീതമാണ് എടുത്തത്. അന്ന് എം.ജി. സോമന്‍ പ്രസിഡന്റും ടി.പി. മാധവന്‍ സെക്രട്ടറിയും മോഹന്‍ലാലും മമ്മൂട്ടിയും വൈസ് പ്രസിഡന്റുമാരുമായി. അമ്മയുടെ രൂപീകരണത്തിന് കാരണക്കാരായ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി. അമ്മയുടെ ആദ്യ അംഗങ്ങളില്‍ ഒരാള്‍. പിന്നീട് അമ്മയുടെ പേരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ നടന്നു. ഈ സ്‌റ്റേജ് ഷോ നഷ്ടമായി. ഈ നഷ്ടം സുരേഷ് ഗോപിയില്‍ നിന്നും പിടിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇത്.

സുരേഷ് ഗോപിയെ ഈ ആവശ്യം അസ്വസ്ഥമാക്കിയെങ്കിലും പണം നല്‍കി ചര്‍ച്ച ഇല്ലായ്മ ചെയ്തു സുരേഷ് ഗോപി. അതിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയില്‍ സമ്മര്‍ദ്ദം ചെലുത്തി. വലിയ പ്രതിഷേധം പിന്നീട് ഉയരുകയും ചെയ്തു. സുരേഷ് ഗോപിക്ക് പണം തിരിച്ചു കൊടുക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ ചാരിറ്റബിള്‍ സംഘടനയായതു കൊണ്ട് തന്നെ വാങ്ങിയ പണം തിരികെ കൊടുക്കാനാകില്ലെന്നായിരുന്നു ഓഡിറ്റര്‍ എടുത്ത നിലപാട്. താന്‍ അടച്ച പണം തിരികെ വേണമെന്ന് സുരേഷ് ഗോപി രേഖാമൂലം ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും അറിയിച്ചു. ഇത് കൂടുതല്‍ അപമാനിതനാക്കി സുരേഷ് ഗോപിയെ. ഇതോടെ താര സംഘടനയില്‍ നിന്നു തന്നെ അകലം പാലിച്ചു സുരേഷ് ഗോപി.

കഴിഞ്ഞ ജനറല്‍ ബോഡിക്ക് തന്നെ സുരേഷ് ഗോപിയെ അമ്മയുമായി ചേര്‍ത്ത് നിര്‍ത്തുന്ന ഇടപെടലുകള്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു നടത്തി. ഇത് വിജയിക്കുകയും ചെയ്തു. അങ്ങനെ സുരേഷ് ഗോപി വീണ്ടും അമ്മയില്‍ അംഗമായി. ഇത്തവണ വീണ്ടും പൊതുയോഗത്തില്‍ എത്തുകയും ചെയ്തു.

പ്രസംഗത്തിനും കൈയ്യടി

27 വര്‍ഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവിയോടെ 'അമ്മ'യിലേക്ക് തിരിച്ചുവന്ന സുരേഷ് ഗോപിക്ക് വികാരനിര്‍ഭരമായ സ്വീകരണമാണ് സഹപ്രവര്‍ത്തകര്‍ ഒരുക്കിയത്. മോഹന്‍ലാല്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി. ഇടവേള ബാബു അംഗത്വകാര്‍ഡ് കൈമാറി. അമ്മയുടെ തുടക്കത്തെയും 1997-ല്‍ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സംഘടനയുടെ പടിയിറങ്ങിപ്പോകേണ്ടി വന്നതിനെയും കുറിച്ച് മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ച സുരേഷ് ഗോപി വലിയ വിവാദങ്ങളുണ്ടാക്കുന്നതൊന്നും പറഞ്ഞില്ല. അഭിനയജീവിത്തെക്കുറിച്ചും വാചാലനായി. നിശബ്ദതയോടെ പ്രസംഗം കേട്ടവര്‍ വലിയ കൈയ്യടിയാണ് സുരേഷ് ഗോപിയുടെ പ്രസംഗത്തിനൊടുവില്‍ നല്‍കിയത്.

'ഓരോ കഥാപാത്രത്തിലൂടെയും ഞാന്‍ വിരിഞ്ഞുവരുകയായിരുന്നു. ഞാന്‍ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി എതിര്‍ഭാഗത്ത് നിന്ന് തല്ലുവാങ്ങിയവര്‍, എനിക്ക് ശക്തി നല്‍കിയവര്‍, സോമേട്ടന്‍, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, നരേന്ദ്രപ്രസാദ്… ഒരുപാട് പേരോട് കടപ്പാടുണ്ട്. അതുപോലെ തന്നെ വ്യക്തിയെന്ന നിലയില്‍ എനിക്ക് ബലം പകര്‍ന്ന കാക്കി എന്ന വേഷത്തെ ആദരവോടെ ഓര്‍ക്കുന്നു. സെറ്റില്‍ ചായ തന്നവരും ഭക്ഷണം കഴിച്ച പാത്രം കഴുകി വൃത്തിയാക്കിയവരുമെല്ലാം എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വലുതാണ്'- അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിനെയും സുരേഷ്ഗോപി ഓര്‍മിച്ചു- 'വലിയ സ്ഫോടനങ്ങളെ ഏറുപടക്കത്തിന്റെ ശബ്ദത്തിലേക്കൊതുക്കിയ അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. നാളെ സംഘടനയെ നയിക്കുന്നവര്‍ക്ക് പാഠപുസ്തകമാകണം അദ്ദേഹം.'