ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ഹിന്ദു' പരാമര്‍ശത്തിന്റെ പേരില്‍ ലോക്‌സഭയില്‍ ബഹളം. 'ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നു, നിങ്ങള്‍ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ സഭയിലെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിന്റെ പ്രസംഗത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു.

ഞാന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുലും മറുപടി നല്‍കി. ഇതോടെ രാഹുല്‍ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും പറഞ്ഞു.

ഭയവും വിദ്വേഷവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍തന്നെ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചു. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗാന്ധി ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും പറഞ്ഞു. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുല്‍ പറഞ്ഞു. ഗുരു നാനാക്കിന്റെ ചിത്രവും രാഹുല്‍ ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചു. അതേസമയം, പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിനെ സ്പീക്കര്‍ എതിര്‍ത്തു.

ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭരണഘടനയ്‌ക്കെതിരെ തുടര്‍ച്ചയായ ആക്രമണമുണ്ടായി. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനം എതിര്‍ത്തു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞ രാഹുല്‍, ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന് മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാള്‍ വലിയ അജ്ഞതയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. "ബിജെപി അംഗങ്ങള്‍ ഭരണഘടനയെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തത് ഞാന്‍ ആസ്വദിച്ചു" രാഹുല്‍ പറഞ്ഞു.

ഹിന്ദുവിന്റെ പേരില്‍ ആക്രമണം നടക്കുന്നുവെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ഹിന്ദുക്കളെ അക്രമികളെന്ന് രാഹുല്‍ വിളിച്ചെന്നും അത് ഗൗരവതരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുല്‍ മാപ്പ് പറയണമെന്നും അഭയമുദ്രയെപ്പറ്റി പറയാന്‍ രാഹുലിന് അവകാശമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അയോധ്യയെന്ന് പറഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നും മൈക്കിന്റെ നിയന്ത്രണം ആരുടെ കയ്യിലാണെന്നും സ്പീക്കറിനോട് രാഹുല്‍ ചോദിച്ചു. എന്നാല്‍ മൈക്ക് ഓഫ് ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. "അയോധ്യയില്‍ മത്സരിക്കാന്‍ മോദി ആലോചിച്ചു. എന്നാല്‍ തോല്‍ക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയില്‍ ബിജെപി തോറ്റു. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല" രാഹുല്‍ പറഞ്ഞു.

സംസാരിക്കുമ്പോള്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കര്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു. അഗ്‌നിവീര്‍ വിഷയവും രാഹുല്‍ സഭയില്‍ ഉയര്‍ത്തി. അഗ്‌നിവീറുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നു രാഹുല്‍ പറഞ്ഞു. അഗ്‌നിവീര്‍ എന്നാല്‍ സര്‍ക്കാരിനായി ഉപയോഗിക്കുക, വലിച്ചറിയുക എന്നാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയപ്പോള്‍, സത്യം അഗ്‌നിവീറുകള്‍ക്ക് അറിയാമെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മറുപടി. മണിപ്പുരില്‍ വലിയ കലാപമുണ്ടായിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയില്ല, മണിപ്പുര്‍ ഇന്ത്യയിലല്ലേയെന്നും രാഹുല്‍ ചോദിച്ചു.