ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ 697 കോടി വായ്പയുടെ റേറ്റിങ് തരംതാഴ്ത്തി; കമ്പനി മതിയായ വിവരങ്ങള്‍ ലഭ്യമാക്കിയില്ലെന്ന് ഇന്‍ഫോമെറിക്‌സ് വായ്പാ റേറ്റിങ് ഏജന്‍സി; തങ്ങള്‍ ഒന്നുമറിഞ്ഞില്ലെന്ന് ഊരാളുങ്കല്‍ മാനേജ്‌മെന്റ്

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ 697 കോടി വായ്പയുടെ റേറ്റിങ് തരംതാഴ്ത്തി

Update: 2024-09-30 12:54 GMT

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 697 കോടി വായ്പയുടെ റേറ്റിങ് തരംതാഴ്ത്തി. ഇന്‍ഫോമെറിക്‌സ് വായ്പാ റേറ്റിങ് ഏജന്‍സിയാണ് റേറ്റിങ് കുറച്ചത്. 'ബിസിനസ് ബെഞ്ച് മാര്‍ക്ക് ഡോട്ട് ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കമ്പനിയോട് ആവശ്യപ്പെട്ട മതിയായ വിവരങ്ങള്‍ ലഭ്യമാക്കാക്കാതിരുന്നതും, വാര്‍ഷിക നിരീക്ഷണ ഫീസ് അടയ്ക്കാതിരുന്നതും വായ്പാ റിസ്‌കുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കാരണമാണ് ഊരാളുങ്കലിന്റെ റേറ്റിങ് കുറച്ചത്.

വായ്പാ തിരിച്ചടവ് മുടക്കം ഇല്ലെന്ന നോ ഡിഫോള്‍ട്ട് സ്റ്റേറ്റ്‌മെന്റ് ( എന്‍ ഡി എസ്) അടക്കം അവശ്യ വിവരങ്ങള്‍ നല്‍കണമെന്ന് ഊരാളുങ്കലിനോട് പലകുറി ആവശ്യപ്പെട്ടു. ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനും നാലിനും അഞ്ചിനും മെയില്‍ അയച്ചതിന് പുറമേ നിരവധി തവണ ഫോണിലും ബന്ധപ്പെട്ടു. എന്നാല്‍, ഇന്‍ഫോമെറിക്‌സിന് തൃപ്തികരമായ വിധം ഒരു മറുപടിയും മാനേജ്‌മെന്റ് നല്‍കിയില്ല.

റേറ്റിങ് തയ്യാറാക്കുന്നതില്‍ വിവരലഭ്യത നിര്‍ണായകമാണ്. സെബി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആവശ്യമായ വിവരം ലഭ്യമല്ലാത്ത സാഹചര്യത്തില്‍, കിട്ടിയ ഏറ്റവും മികച്ച വിവരപ്രകാരം റേറ്റിങ് തയ്യാറാക്കുന്നതാണ് രീതി. അതേസമയം, ഇത് കമ്പനിയുടെ വായ്പാ ബാധ്യതയുടെ ക്യത്യമായ ചിത്രം അല്ലാത്തത് കൊണ്ട് വായ്പാ ദാതാക്കളും, നിക്ഷേപകരും മറ്റും ഈ റേറ്റിങ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഇന്‍ഫോമെറിക്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒന്നും അറിഞ്ഞില്ലെന്ന് ഊരാളുങ്കല്‍

അതേസമയം, ഊരാളുങ്കലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ 697 കോടി വായ്പയുടെ റേറ്റിങ് തരംതാഴ്ത്തിയതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് അറിവില്ലെന്ന് മാനേജിങ് ഡയറക്ടര്‍ പ്രതികരിച്ചു.

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ സര്‍ക്കാരിന് 82 ശതമാനം ഓഹരിയുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ നിന്നാണ് കമ്പനിക്ക് കൂടുതലായി നിര്‍മ്മാണകരാറുകള്‍ കിട്ടുന്നത്.

ഈ വര്‍ഷം നൂറാംവാര്‍ഷികം ആഘോഷിക്കുകയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) പതിനെട്ടായിരത്തോളം തൊഴിലാളികള്‍, ഇതില്‍ 1500-ഓളം എന്‍ജിനിയര്‍മാര്‍, നിര്‍മ്മാണരംഗത്ത് സമ്പൂര്‍ണ സ്വയംപര്യാപ്തത, നിലവില്‍ ഒരേസമയം, 4700 കോടി രൂപയുടെ 800-ഓളം പ്രവൃത്തികള്‍, 2023-ല്‍മാത്രം 2398 കോടി രൂപയുടെ വരുമാനം... ഐ.ടി., ടൂറിസം തുടങ്ങി വിവിധമേഖലകളിലായി 15-ഓളം സ്ഥാപനങ്ങള്‍. അങ്ങനെ പടര്‍ന്നു പന്തലിച്ചിരിക്കയാണ് സാമൂഹിക പരിഷ്‌ക്കര്‍ത്താവ് വാഗ്ഭടാനന്ദന്‍ തുടങ്ങിയ ഈ സ്ഥാപനം.

ഊരാളുങ്കലിനെ യുനെസ്‌കോ വിശേഷിപ്പിച്ചത് 'മാതൃകാ സഹകരണ സംഘം' എന്ന പേര് നല്‍കിയാണ്. തൊഴിലാളികള്‍ തന്നെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ലോകത്തിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണിത്. 2019-ലാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇന്റര്‍നാഷണല്‍ കോപ്പറേറ്റിവ് അലയന്‍സ് അംഗത്വം നല്‍കി ആദരിച്ചത്.

Tags:    

Similar News