'ഹോട്ടല്‍മുറിയില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു; എന്നെ കടന്നുപിടിച്ചു; ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു'; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി
നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി നല്‍കി ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. 2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഭയന്നിട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും നടി പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോന്‍ പ്രതികരിച്ചു.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്ന് നടി പറയുന്നു. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ള നടിയാണ് ഇപ്പോള്‍ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്രമേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിനു ശേഷം കഥ പറയാന്‍ മുറിയിലേക്കു വിളിച്ചു.
മുറിയില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്കു പോയി. പിറ്റേന്നു രാത്രിയും ബാലചന്ദ്രമേനോന്‍ മുറിയിലേക്കു വിളിച്ചു. ചെല്ലുമ്പോള്‍ മൂന്നു സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. പിറ്റേന്നു മുറിയിലെത്തിയ ബാലചന്ദ്രമേനോന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും പരാതിയില്‍ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.
2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച് മുറിയില്‍ വച്ച് ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു, ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം.
നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്നാരോപിച്ച് ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അഭിഭാഷകന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു.
ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ബാലചന്ദ്രമേനോന്‍ പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു. അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നുവെന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടു.