പോലീസില്‍ 'രാഷ്ട്രീയ' പ്രൊമോഷന്‍ വിവാദം: വിഎസ് മന്ത്രിസഭയിലെ പ്രമുഖന്റെ മുന്‍ ഗണ്‍മാന്‍ സീനിയോറിറ്റി മറികടന്ന് ഇന്‍സ്‌പെക്ടര്‍ പദവിയിലേക്ക്?

Update: 2026-03-18 05:36 GMT

തിരുവനന്തപുരം: സായുധ പോലീസ് ബറ്റാലിയനില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉന്നത പദവികള്‍ നേടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. 2006-2011 കാലയളവിലെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ പ്രമുഖനായ ഒരു മന്ത്രിയുടെ ഗണ്‍മാനായിരുന്ന ഉദ്യോഗസ്ഥനാണ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പ്രൊമോഷന്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ നീക്കം നടത്തുന്നത്.

മന്ത്രിയുടെ ഗണ്‍മാനായി ജോലി ചെയ്യവെ 2008-ലാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ ലോങ്ങ് ലീവില്‍ വിദേശത്തേക്ക് പോയത്. നീണ്ട 15 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം 2023-ലാണ് ഇയാള്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. പോലീസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്, ദീര്‍ഘകാല അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ക്ക് അവര്‍ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം മുതലുള്ള സീനിയോറിറ്റിയാണ് ലഭിക്കേണ്ടത്. തുടക്കത്തില്‍ ഈ നിബന്ധനപ്രകാരം എഎസ്‌ഐ ആയി ഇയാള്‍ക്ക് പ്രൊമോഷന്‍ ലഭിച്ചിരുന്നു.

എന്നാല്‍ തന്റെ പഴയ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി സീനിയോറിറ്റി ലിസ്റ്റില്‍ അട്ടിമറി നടത്തി ഇയാള്‍ എസ്‌ഐ ആയി സ്ഥാനക്കയറ്റം നേടിയെടുത്തു. ഇത് ഡിപ്പാര്‍ട്ട്മെന്റിനുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. നിലവില്‍ 2026-ല്‍ എസ്‌ഐമാരില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാരായി പ്രൊമോഷന്‍ നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. ഈ പട്ടികയിലും ക്രമവിരുദ്ധമായി കയറിപ്പറ്റാനാണ് ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. അര്‍ഹരായ ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി മറികടന്ന്, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇന്‍സ്‌പെക്ടര്‍ സ്ഥാനത്തേക്ക് പിന്‍വാതിലിലൂടെ എത്താനുള്ള നീക്കം സായുധ പോലീസ് ബറ്റാലിയനില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

നിയമപരമായ അവധി കഴിഞ്ഞ് വരുന്നവര്‍ക്ക് ലഭിക്കേണ്ട സീനിയോറിറ്റി സംബന്ധിച്ച വ്യക്തമായ ഹൈക്കോടതി ഉത്തരവുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ഈ ഉദ്യോഗസ്ഥന് വേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുന്നത്. വര്‍ഷങ്ങളായി വകുപ്പില്‍ കൃത്യമായി സേവനം അനുഷ്ഠിക്കുന്ന നിരവധി ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ സാധ്യതകളെയാണ് ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാക്കുന്നത്.

മന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് പോലീസ് ആസ്ഥാനത്തെ ചില ഉന്നതരെ സ്വാധീനിച്ചാണ് ഈ നീക്കങ്ങള്‍ നടക്കുന്നത് എന്നാണ് സൂചന. അര്‍ഹരായ ഉദ്യോഗസ്ഥരെ തഴഞ്ഞ് ഇത്തരം പിന്‍വാതില്‍ നിയമനങ്ങളും പ്രൊമോഷനുകളും അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

Similar News