'ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം; ഞങ്ങള്‍ക്ക് പാക്കിസ്ഥാനെ വിശ്വാസമില്ല: അമേരിക്കയും ആ രാജ്യത്തെ ഇടനിലക്കാരനായി മാത്രമേ കാണുന്നുള്ളൂ'; യുഎസ് - ഇറാന്‍ സമാധാന ചര്‍ച്ച ഇസ്ലാമാബാദില്‍ നടക്കാനിരിക്കെ വിമര്‍ശനവുമായി ഇസ്രയേല്‍ അംബാസിഡര്‍

Update: 2026-04-09 17:41 GMT

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച നടക്കാനിരിക്കെ പാക്കിസ്ഥാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ റൂവന്‍ അസര്‍ രംഗത്ത്. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന പാക്കിസ്ഥാനെ ഇസ്രയേല്‍ അല്‍പ്പം പോലും വിശ്വസിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുന്ന ഒരു സഹായി എന്നതിനപ്പുറം പാക്കിസ്ഥാന് യാതൊരു പ്രസക്തിയുമില്ലെന്നുമാണ് റൂവന്‍ അസറിന്റെ തുറന്നടിച്ചുള്ള പ്രതികരണം.

'ഞങ്ങള്‍ പാക്കിസ്ഥാനികളെ വിശ്വസിക്കുന്നില്ല. അമേരിക്കക്കാര്‍ അവരെ വിശ്വസിക്കുന്നുവെന്ന് അമിതമായി ആവേശം കൊള്ളേണ്ടതില്ല. ഇത് വെറുമൊരു സാങ്കേതിക സഹായം മാത്രമാണ്, അതിലപ്പുറമൊന്നുമില്ല'- ഇസ്രയേല്‍ അംബാസിഡര്‍ പറഞ്ഞു. ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളെ പാക്കിസ്ഥാന്‍ അപലപിച്ചതിനെതിരെയും റൂവന്‍ അസര്‍ രംഗത്തെത്തി. രാജ്യത്തിന്റെ പ്രതിരോധത്തിനായി ഇസ്രയേല്‍ ആവശ്യമായ നടപടികള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ സമാധാന സേനയില്‍ പാക്കിസ്ഥാന്‍ സൈന്യം ഉള്‍പ്പെടുന്നതിനോട് ഇസ്രയേലിന് താല്‍പ്പര്യമില്ലെന്നും ഹമാസും ലഷ്‌കര്‍-ഇ-തൊയ്ബ പോലുള്ള ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് ഇറാനും അമേരിക്കയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ ഒത്തുചേരുന്നത്. പശ്ചിമേഷ്യയില്‍ പടരുന്ന യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കി ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. എന്നാല്‍, പാക്കിസ്ഥാന്‍ സ്വയം ഒരു മധ്യസ്ഥനായി ചമയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വൈറ്റ് ഹൗസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി മാത്രം സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെ വെടിനിര്‍ത്തലിന് സമ്മതിപ്പിക്കാന്‍ അമേരിക്ക പാകിസ്ഥാനെ ഒരു ഉപകരണമായി ഉപയോഗിക്കുകയായിരുന്നുവെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കക്കാര്‍ പാക്കിസ്ഥാനെ വിശ്വസിക്കുന്നുവെന്ന് കരുതി ആരും അമിതമായി ആവേശം കൊള്ളേണ്ടതില്ലെന്നും ഇസ്രയേല്‍ ഈ സാഹചര്യത്തില്‍ അമേരിക്കയെ മാത്രമാണ് വിശ്വസിക്കുന്നതെന്നും റൂവന്‍ അസര്‍ വ്യക്തമാക്കി. ഗാസയിലെ സമാധാന സേനയില്‍ പാക്കിസ്ഥാന്‍ സൈന്യം ഉള്‍പ്പെടുന്നതിനോടുള്ള ഇസ്രയേലിന്റെ കടുത്ത വിയോജിപ്പും അദ്ദേഹം ആവര്‍ത്തിച്ചു. ഹമാസും ലഷ്‌കര്‍-ഇ-തൊയ്ബ പോലുള്ള ഭീകര സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തില്‍ ഇസ്രയേലിനുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇസ്ലാമാബാദില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. എല്ലാ ഉപരോധങ്ങളും നീക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയവയാണ് ഇറാന്റെ മുഖ്യ ആവശ്യങ്ങള്‍.

ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ചുങ്കം ഈടാക്കുന്നതിലൂടെ ധാരാളം പണം ലഭിക്കുമെന്നും ഈ പണം ഇറാനിലെ പുനര്‍നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനെതിരെ ഉപരോധങ്ങളില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത ട്രംപ്, ഹോര്‍മുസില്‍ ഗതാഗതം സുഗമമാക്കാന്‍ യുഎസ് യുദ്ധക്കപ്പലുകള്‍ കാവലുണ്ടാകുമെന്നും പറഞ്ഞു. ഹോര്‍മുസിലൂടെ ഇനിമുതല്‍ അനുമതിയില്ലാതെ കപ്പലുകളെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കിട്ടുണ്ട്.

15 ഇന വെടിനിര്‍ത്തല്‍ പദ്ധതിയാണ് യുഎസ് പാക്കിസ്ഥാന്‍ വഴി ആദ്യം ഇറാനു കൈമാറിയത്. ഇതു തള്ളിയ ഇറാന്‍ 10 ഇന ബദല്‍പദ്ധതി വച്ചു. ഇതോടെ, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് അന്ത്യശാസനം നല്‍കി. പതിനൊന്നാം മണിക്കൂറില്‍ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപുമായി സംസാരിച്ചു. ആക്രമണം രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തുമെങ്കില്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചതോടെ കരാറിന് വഴിതെളിയുകയായിരുന്നു. സമാധാനം മുന്നോട്ടു കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ ഇനി ചര്‍ച്ചകളിലൂടെ തെളിയണം.

അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രയേലിന്റെ ഈ നീക്കങ്ങള്‍ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്നും ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ ഇത് കാരണമാകുമെന്നും ഇറാന്‍ പറഞ്ഞു. എന്നാല്‍ ലബനന്‍ ഈ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും വ്യക്തമാക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം, ഉപരോധങ്ങള്‍ നീക്കല്‍, യുദ്ധനഷ്ടപരിഹാരം തുടങ്ങിയ കടുത്ത ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ചുങ്കം ഈടാക്കാന്‍ ഇറാനെ അനുവദിക്കാമെന്നും ആ തുക രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നും ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹോര്‍മുസില്‍ ഗതാഗതം സുഗമമാക്കാന്‍ യുഎസ് യുദ്ധക്കപ്പലുകള്‍ കാവലുണ്ടാകുമെന്ന ട്രംപിന്റെ പ്രസ്താവനയോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്. 15 ഇന വെടിനിര്‍ത്തല്‍ പദ്ധതിയടക്കം ചര്‍ച്ചകള്‍ പലവഴിക്ക് പിരിഞ്ഞെങ്കിലും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ അവസാന നിമിഷ ഇടപെടലുകളാണ് ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. സമാധാനത്തിന്റെ പുതിയ പാത തെളിയുമോ അതോ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.

Similar News