ശബ്ദരേഖാ വിവാദം: മന്ത്രി കുടുങ്ങുമെന്ന് മുന്‍ നേതാക്കള്‍; ജെഡിഎസില്‍ പടലപ്പിണക്കം; ഇടതിന് തലവേദനയായി 'മനുഷ്യനിര്‍മ്മിത പ്രളയം'

Update: 2026-04-09 06:05 GMT

തിരുവനന്തപുരം: തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുറക്കുന്നത് വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട ശബ്ദരേഖാ വിവാദത്തില്‍ കുടുങ്ങി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പുറത്തുവന്ന ശബ്ദരേഖ കൃത്രിമമാണെന്ന മന്ത്രിയുടെ വിശദീകരണത്തെ തള്ളിയ മുന്‍ ജനതാദള്‍ നേതാക്കള്‍, കേസ് കൊടുക്കാന്‍ മന്ത്രിയെ വെല്ലുവിളിച്ചു.

കേസ് കൊടുത്താല്‍ മന്ത്രി കൂടുതല്‍ കുടുങ്ങുമെന്നും സംഭാഷണത്തില്‍ ഒപ്പമുള്ള രണ്ടാമനെ അപ്പോള്‍ വെളിപ്പെടുത്തുമെന്നുമാണ് ആര്‍.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. ഇതോടെ ജെഡിഎസിനുള്ളില്‍ ഭിന്നത രൂക്ഷമാവുകയും 2018-ലെ 'മനുഷ്യനിര്‍മ്മിത പ്രളയം' വീണ്ടും സജീവ ചര്‍ച്ചയാവുകയും ചെയ്തത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില്‍ ഇടതുമുന്നണിക്ക് വലിയ തലവേദനയാകുന്നു.

ശബ്ദരേഖ എഐ (നിര്‍മ്മിത ബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്ന മന്ത്രിയുടെ വാദം അതിവിചിത്രമാണെന്ന് ആര്‍.എസ്. പ്രശാന്ത് പരിഹസിച്ചു. സംഭാഷണം വ്യാജമാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും സമയം ലഭിച്ചിട്ടും മന്ത്രി നിയമനടപടി സ്വീകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. 2019-ല്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മാത്യു ടി. തോമസുമായി ഭിന്നത നിലനിന്നിരുന്ന കാലത്താണ് ഈ വെളിപ്പെടുത്തല്‍ നടന്നത്. അന്ന് തെളിവില്ലാത്തതിനാലാണ് പുറത്തു പറയാതിരുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി.

പാര്‍ട്ടി പ്രസിഡന്റും മുന്‍ മന്ത്രിയുമായ മാത്യു ടി. തോമസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ജെഡിഎസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലെ തന്നെ മന്ത്രി മാത്യു ടി. തോമസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചെന്ന രീതിയില്‍ ശബ്ദരേഖ പുറത്തുവന്നതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രളയകാലത്ത് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ അന്നത്തെ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് നിര്‍ദ്ദേശിച്ചിട്ടും അത് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ഗൗരവകരമാണ്.

2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പൊഴിമുഖത്തെ കരിമണല്‍ കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ ലോബികളെ സഹായിക്കാനാണ് 40 ഷട്ടറുകളില്‍ പകുതി മാത്രം തുറന്നതെന്നാണ് ആക്ഷേപം. കുട്ടനാടും കിഴക്കന്‍ മേഖലകളും മുങ്ങിയിട്ടും ബാക്കി ഷട്ടറുകള്‍ തുറക്കാന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് അനുമതി ലഭിച്ചില്ല. ഒടുവില്‍ വന്‍ സമ്മര്‍ദ്ദത്തിനൊടുവില്‍ ഓഗസ്റ്റ് 18-നാണ് ബാക്കി ഷട്ടറുകള്‍ തുറന്നത്.

ഐഐടി പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നേടാന്‍ ശ്രമിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ പ്രളയബാധിതരായ വോട്ടര്‍മാര്‍ക്കിടയില്‍ ഈ വിവാദം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഷട്ടര്‍ തുറക്കാന്‍ വൈകിയതിലൂടെ തങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്കിടയില്‍ മന്ത്രിയുടെ ശബ്ദരേഖാ വിവാദം ഭരണവിരുദ്ധ വികാരമായി മാറുമോ എന്ന ആശങ്കയിലാണ് ഇടതുക്യാമ്പ്.

Similar News