അയ്യപ്പ ഭക്തരല്ലാത്തവരുടെ ഹര്‍ജി എന്തിനാണ് പരിഗണിച്ചത്? യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന; ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് കോടതിക്ക് തീരുമാനിക്കാം; എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍; ശബരിമല കേസില്‍ നിര്‍ണായക ചോദ്യങ്ങളുമായി സുപ്രീംകോടതി
ശബരിമല കേസില്‍ നിര്‍ണായക ചോദ്യങ്ങളുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ ചോദ്യമുയര്‍ത്തി സുപ്രീം കോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ക്ഷേത്രവുമായി ബന്ധമില്ലാത്തവരും അയ്യപ്പഭക്തരല്ലാത്തവരുമായവരുടെ ഹര്‍ജി എന്തിനാണ് പരിഗണിച്ചതെന്ന് ജസ്റ്റിസ് നാഗരത്‌ന ആരാഞ്ഞു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ വാദം ഉന്നയിക്കുമ്പോഴാണ് ഈ നിര്‍ണ്ണായക നിരീക്ഷണം.
ഒരു വ്യക്തി സിവില്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കില്‍, കേസുമായുള്ള നിങ്ങളുടെ ബന്ധം എന്താണെന്നായിരിക്കും കോടതിയുടെ ആദ്യ ചോദ്യം. ബന്ധം വിശദീകരിക്കാന്‍ ആയില്ലെങ്കില്‍ കേസ് തള്ളുമായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. ഈ കാര്യം പരിഗണിച്ചിരുന്നുവെങ്കില്‍ 2006-ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. എന്നാല്‍, അഞ്ചംഗ ഭരണഘടന ബെഞ്ച് ഉള്‍പ്പെടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിശാല ബെഞ്ചിന് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാരുടെ നിരീക്ഷണത്തോട് യോജിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് ഉദാഹരണമായി പറഞ്ഞു. താന്‍ അങ്ങനെ സമീപിച്ചാല്‍, അതിനുള്ള അവകാശം തനിക്ക് എന്താണെന്ന് കോടതി ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്ന് സുപ്രീം കോടതിയില്‍ രേഖാമൂലം വാദിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഘടനയ്ക്ക് ശബരിമലയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാദത്തിലും പറയുന്നുണ്ട്.
ഹര്‍ജിക്കാര്‍ക്ക് വിഷയത്തില്‍ 'ലോക്കസ് സ്റ്റാന്‍ഡി' (നിയമപരമായ ബന്ധം) ഉണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യം ശബരിമല യുവതീ പ്രവേശന കേസിന്റെ ഭാവിയില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഒരു വഴിത്തിരിവാണ്.
ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് കോടതിക്ക് തീരുമാനിക്കാം
ഒരു മതത്തിലെ ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് നിര്‍വചിക്കാനും തീരുമാനിക്കാനുമുള്ള അധികാരപരിധി കോടതിക്കുണ്ടെന്ന് സുപ്രീം കോടതി വാദമധ്യേ പറഞ്ഞു. എന്നാല്‍, കോടതിയുടെ ഈ നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.
കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, ജഡ്ജിമാര്‍ മതത്തിലല്ല നിയമമേഖലയിലാണ് വിദഗ്ധരെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഒരു ആചാരം അന്ധവിശ്വാസമാണോ എന്ന് നിയമനിര്‍മ്മാണ സഭയ്ക്കോ പാര്‍ലമെന്റിനോ ആണ് തീരുമാനിക്കാന്‍ കഴിയുന്നതെന്നും, ഭരണഘടനയുടെ 25(2)(ബി) അനുച്ഛേദം അനുസരിച്ച് നിയമം നിര്‍മ്മിക്കേണ്ടത് നിയമനിര്‍മ്മാണ സഭയാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ദുര്‍മന്ത്രവാദവും അനാചാരങ്ങളും തടയാന്‍ നിലവില്‍ നിരവധി നിയമങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്നാല്‍, സോളിസിറ്റര്‍ ജനറലിന്റെ പ്രസ്താവന തികച്ചും ലളിതവല്‍ക്കരിച്ചതാണെന്നും, ഒരു കാര്യം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് അവകാശവും അധികാരപരിധിയുമുണ്ടെന്നും ജസ്റ്റിസ് അമാനുള്ള പ്രതികരിച്ചു. അതിനുശേഷം നിയമനിര്‍മ്മാണം നടത്തേണ്ടത് നിയമനിര്‍മ്മാണ സഭയാണെങ്കിലും, നിയമനിര്‍മ്മാണ സഭയുടെ തീരുമാനം അവസാന വാക്കെന്ന് കോടതിയില്‍ പറയാന്‍ കഴിയില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി.
മതേതര കോടതിക്ക് അന്ധവിശ്വാസങ്ങളെ വ്യാഖ്യാനിക്കാനാകുമോയെന്ന് തുഷാര്‍ മേത്ത വീണ്ടും ചോദിച്ചു. അങ്ങേയറ്റം വൈവിധ്യമുള്ള സമൂഹത്തില്‍, നാഗാലാന്‍ഡില്‍ മതപരമായി കാണുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് അന്ധവിശ്വാസമായി തോന്നാമെന്നും, അത് ഭരണഘടനയുടെ 25(2)(ബി) അനുച്ഛേദം അനുസരിച്ച് സംരക്ഷിക്കപ്പെടണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാമെന്നും അദ്ദേഹം വാദിച്ചു. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ വിരുദ്ധ നിയമം നിലവിലുണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടി. മന്ത്രവാദം മതപരമായ ആചാരത്തിന്റെ ഭാഗമാണോ അതോ അന്ധവിശ്വാസമായി കണക്കാക്കണമോ എന്ന് ജസ്റ്റിസ് ബാഗ്ചി ആരാഞ്ഞതോടെ ഈ വിഷയത്തിലെ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി.
