ആറ്റുകാല്‍ പൊങ്കാല നാളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗം; ചക്കുളത്തുകാവില്‍ നാരീപൂജ ദിവസം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതും ലിംഗവിവേചനമല്ല; ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാദങ്ങള്‍ ഇങ്ങനെ

ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാദങ്ങള്‍ ഇങ്ങനെ

Update: 2026-04-08 05:04 GMT

ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ ആറ്റുകാല്‍ ദേവീക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങളില്‍ ലിംഗവിവേചനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച വാദത്തിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള ഈ ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയുടെ പരിധിക്ക് പുറത്താണെന്നും കേന്ദ്രം വാദിച്ചു.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണെന്നും, ഇത് ലിംഗവിവേചനമായി കണക്കാക്കാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വാദത്തില്‍ ചൂണ്ടിക്കാട്ടി. സമാനമായി, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ദിവസം പുരുഷ പൂജാരിമാര്‍ സ്ത്രീകളുടെ കാല്‍ കഴുകി പൂജ നടത്തുന്നതും, അന്ന് സ്ത്രീകള്‍ക്ക് മാത്രം ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതും ലിംഗവിവേചനമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തില്‍ പുരുഷന്മാര്‍ അംഗന വേഷത്തില്‍ വിളക്കേന്തുന്ന ആചാരത്തെയും കേന്ദ്ര സര്‍ക്കാര്‍ വാദത്തില്‍ പരാമര്‍ശിച്ചു. കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക്, കാക്കവിളക്ക് എന്നിവയിലെ നിയന്ത്രണങ്ങള്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നും കേന്ദ്രം വാദിച്ചു. കന്യാകുമാരിയിലെ ഭഗവതി ക്ഷേത്രം, അസമിലെ കാമാഖ്യ ക്ഷേത്രം, പുഷ്‌കറിലെ ബ്രഹ്‌മക്ഷേത്രം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരപരമായ നിയന്ത്രണങ്ങളെക്കുറിച്ചും കേന്ദ്രം കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ന്യായീകരിച്ചുകൊണ്ട് നല്‍കിയ വാദങ്ങളിലാണ് കേന്ദ്രം ഈ വിഷയങ്ങള്‍ ഉന്നയിച്ചത്. ഹിന്ദുമതം സ്ത്രീകളെ തുല്യരായി കണക്കാക്കുക മാത്രമല്ല, പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് കാണുന്നുവെന്നും കേന്ദ്രം വാദത്തില്‍ ഊന്നിപ്പറഞ്ഞു.

ശബരിമലയില്‍ 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018ലെ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ വാദമാണ് ഉന്നയിച്ചത്. വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒമ്പതംഗ വിശാല ബെഞ്ചിന് മുന്നില്‍ ആവശ്യപ്പെട്ടു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്‌മചാരി സങ്കല്‍പ്പമാണ് പ്രവേശന നിയന്ത്രണത്തിന് പിന്നിലെ പ്രധാന കാരണമെന്നും, ഇത് സ്ത്രീകളെ അശുദ്ധരായി കണക്കാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതല്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി.

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ യുവതീ പ്രവേശനം വിലക്കുന്നത് ഒരുതരം അയിത്തമായി കണക്കാക്കാമെന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിരീക്ഷണത്തെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കുന്നത് അവിടത്തെ ആരാധനാ രീതികളെ സാരമായി ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ 25-ാം അനുച്ഛേദം ലിംഗസമത്വത്തേക്കാള്‍ മതസൗഹാര്‍ദ്ദത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും, വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു. ഏതൊരു ആചാരത്തിന്റെയും അനിവാര്യത മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി മാത്രമേ തീരുമാനിക്കാന്‍ പാടുള്ളൂ എന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. വാദം ഇന്നും തുടരും.

ബഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്‌ന ഒരു സ്ത്രീക്ക് മാസത്തില്‍ മൂന്ന് ദിവസത്തേക്ക് മാത്രം അശുദ്ധി കല്‍പ്പിക്കുന്നത് എങ്ങനെയാണെന്ന് ചോദ്യമുന്നയിച്ചു. താനും ഒരു സ്ത്രീയാണെന്നും, ഈ വാദത്തിന് എന്ത് യുക്തിയാണുള്ളതെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. എന്നാല്‍ ഈ വിലക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രായപരിധി പരിഗണിച്ചുള്ളതാണെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വാദം ഏപ്രില്‍ 14 മുതല്‍ 16 വരെ നടക്കും. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ പട്ടികയിലാണ് സംസ്ഥാന സര്‍ക്കാരിനെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, തങ്ങളെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതിയുടെ നോഡല്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇത് ഒരു സാങ്കേതിക പ്രശ്‌നമാണെന്നും, യുവതീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് തന്നെ വാദം അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ ഈ ഒമ്പതംഗ ബെഞ്ച് തീരുമാനമെടുക്കില്ലെന്നും, അഞ്ചംഗ ബെഞ്ച് പിന്നീട് ഇത് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News