ലോകത്തെ വിറപ്പിച്ച 'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ; 'ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും' എന്ന പ്രകോപനപരമായ സന്ദേശം ട്രംപ് പങ്കുവെച്ചതോടെ നിര്‍ണ്ണായക ഇടപെടല്‍ നടത്തി ചൈന; സമാധാനത്തിനുള്ള ഈ അവസാന അവസരം പാഴാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോ പതിനാലാമനും; അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ?
വാഷിങ്ടണ്‍: ലോകത്തെ വിറപ്പിച്ച 'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ. ഇറാന്റെ നാഗരികതയെത്തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് നാടകീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ചൈനയുടെയും മറ്റും ശക്തമായ ഇടപെടലുകള്‍ക്കൊടുവില്‍, ഇറാന്‍ പത്തിന സമാധാന പദ്ധതി സമര്‍പ്പിച്ചതോടെ ട്രംപ് സൈനിക നീക്കം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്കയും ഇസ്രായേലും ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 'ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും' എന്ന പ്രകോപനപരമായ സന്ദേശം ട്രംപ് പങ്കുവെച്ചത്. യുഎസ് ബോംബര്‍ വിമാനങ്ങള്‍ ഇറാ ലക്ഷ്യമാക്കി നീങ്ങുകയും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിക്കുകയും ചെയ്തതോടെ ലോകം മറ്റൊരു ആണവയുദ്ധത്തിന്റെ മുനയിലാണെന്ന് പലരും ഭയപ്പെട്ടു. ട്രംപിന്റെ ഈ ഭീഷണി ക്രൂരമാണെന്ന് പോപ്പ് ലിയോ പതിനാലാമന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
ഒടുവില്‍ രാത്രി 11.32-ഓടെയാണ് ട്രംപ് തന്റെ തീരുമാനം മാറ്റിയത്. ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് അനുയോജ്യമാണെന്നും അതിനാല്‍ രണ്ടാഴ്ചത്തേക്ക് ആക്രമണം ഒഴിവാക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഈ കരാറിന് പച്ചക്കൊടി കാട്ടിയതോടെ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമായി. വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും. എങ്കിലും തങ്ങളുടെ കൈകള്‍ ഇപ്പോഴും തോക്കിന്‍ കുഴലിലാണെന്നും നേരിയ പിഴവുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ രക്തച്ചൊരിച്ചിലിന് തൊട്ടടുത്തെത്തിയ ഒരു രാത്രി ഒടുവില്‍ നയതന്ത്ര വിജയത്തില്‍ അവസാനിച്ച ആശ്വാസത്തിലാണ് ആഗോള സമൂഹം.
ചര്‍ച്ചകള്‍ക്കൊടുവില്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചതോടെ രണ്ടാഴ്ചത്തേക്ക് ബോംബാക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ട്രംപ് ഉത്തരവിടുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി പത്തിന സമാധാന പദ്ധതിയും ഇറാന്‍ യുഎസിന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചൈനയുടെ ഇടപെടലാണ് അമേരിക്കയെയും ഇറാനെയും ചര്‍ച്ചാമേശയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് മുന്നോടിയായി ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്കയും ഇസ്രായേലും കനത്ത ആക്രമണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അയഞ്ഞ നിലപാട് ഒരു വലിയ മഹാദുരന്തം ഒഴിവാക്കി. ഇസ്രായേലും ഈ വെടിനിര്‍ത്തലിനോട് സഹകരിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഈ സമാധാന കരാറിന് അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ 15 ശതമാനത്തോളം ഇടിവുണ്ടായത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമായി.
ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന് ഇതോടെ താല്‍ക്കാലിക വിരാമമാകും. പശ്ചിമേഷ്യയെ തകര്‍ക്കുമെന്ന് ഭയപ്പെട്ട യുദ്ധത്തിന് ഒരു നയതന്ത്ര പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍. അടുത്ത രണ്ടാഴ്ചത്തെ ചര്‍ച്ചകള്‍ മേഖലയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ അതിനിര്‍ണ്ണായകമാകും. സമാധാനത്തിനുള്ള ഈ അവസാന അവസരം പാഴാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോ പതിനാലാമനും ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ആഹ്വാനം ചെയ്തു.
