ട്രംപിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നത് അഭിമാനകരമാണെന്നും അമേരിക്കന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡ്രിസ്‌കോള്‍; പെന്റഗണില്‍ ആഭ്യന്തര കലഹം: രാജിവെക്കില്ലെന്ന് ആര്‍മി സെക്രട്ടറി; ഹെഗ്സെത്തുമായുള്ള തര്‍ക്കം മുറുകുന്നു
വാഷിംഗ്ടണ്‍: ഇറാന്റെ പത്തിന സമാധാന പദ്ധതിയും വെടിനിര്‍ത്തലും പശ്ചിമേഷ്യയില്‍ ചര്‍ച്ചയാകുമ്പോള്‍, അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായെങ്കിലും, താന്‍ സ്ഥാനമൊഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നത് അഭിമാനകരമാണെന്നും അമേരിക്കന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡ്രിസ്‌കോള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞയാഴ്ച ആര്‍മി ചീഫ് ജനറല്‍ ലാന്‍ഡി ജോര്‍ജിനെ ഹെഗ്സെത്ത് അപ്രതീക്ഷിതമായി പുറത്താക്കിയതോടെയാണ് ഡ്രിസ്‌കോളും സ്ഥാനമൊഴിയേണ്ടി വരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. സൈനിക ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയുന്നതുള്‍പ്പെടെയുള്ള ഹെഗ്സെത്തിന്റെ പല തീരുമാനങ്ങളോടും ഡ്രിസ്‌കോള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡ്രിസ്‌കോളിന് വൈറ്റ് ഹൗസിന്റെ പിന്തുണയുണ്ടെന്നാണ് സൂചന. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യില്‍ ആര്‍മി സെക്രട്ടറി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രതികരിച്ചു.
എന്നാല്‍, പെന്റഗണിലെ അധികാര വടംവലി സൈന്യത്തിനുള്ളില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ജനറല്‍ ലാന്‍ഡി ജോര്‍ജിനെ പുറത്താക്കിയതിന് പിന്നാലെ ജനറല്‍ ഡേവിഡ് ഹോഡ്നെ ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പദവികളില്‍ നിന്ന് നീക്കിയിരുന്നു. ഹെഗ്സെത്തിന്റെ ഉപദേശകനായ ഷോണ്‍ പാര്‍നെല്‍ ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ താല്‍പ്പര്യം കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ട്രംപ് ഭരണകൂടത്തിലെ 'അമേരിക്ക ഫസ്റ്റ്' അജണ്ട നടപ്പിലാക്കുന്നതില്‍ ഹെഗ്സെത്തും വാന്‍സും ഒരേ ദിശയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുമ്പോഴും, ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ഈ ചേരിപ്പോര് യുദ്ധകാലത്ത് സൈന്യത്തിന്റെ ആത്മവീര്യത്തെ ബാധിച്ചേക്കുമോ എന്ന ആശങ്ക ശക്തമാണ്.