ഇറാനെ തൊട്ടാല്‍ കളി മാറും! ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില; രക്ഷാസമിതിയില്‍ അമേരിക്കയെ വെട്ടി നിരത്തി റഷ്യയും ചൈനയും; വീറ്റോ അധികാരത്തില്‍ പ്രമേയം ചീറ്റി; ഭീഷണിയും അന്ത്യശാസനവും ഉപേക്ഷിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും യുഎന്‍ ഇടപെടണമെന്നും റഷ്യ

രക്ഷാസമിതിയില്‍ അമേരിക്കയെ വെട്ടി നിരത്തി റഷ്യയും ചൈനയും

Update: 2026-04-07 17:21 GMT

ജനീവ: ഹോര്‍മുസ് കടലിടുക്കിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധി പരിഹരിക്കാനായി യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച നിര്‍ണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ 11 പേര്‍ പ്രമേയത്തെ അനുകൂലിച്ചിട്ടും, സ്ഥിരാംഗങ്ങളായ റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പ് നിര്‍ണായകമാവുകയായിരുന്നു. ഈ നീക്കം ഇറാനുമായുള്ള ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഖ്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയും പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘര്‍ഷാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.

പ്രമേയം പാസാക്കാന്‍ ആവശ്യമായ ഒന്‍പത് വോട്ടുകള്‍ ലഭിച്ചെങ്കിലും, രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം പ്രമേയത്തെ അസാധുവാക്കി. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇറാനെതിരായ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്.

ആദ്യഘട്ടത്തില്‍, ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സൈനിക ശക്തി ഉപയോഗിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഏഴ് ഉള്‍പ്പെടുത്തിയാണ് പ്രമേയം തയ്യാറാക്കിയിരുന്നത്. എന്നാല്‍, റഷ്യയും ചൈനയും ഇതിനെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രമേയത്തിന്റെ ഭാഷയില്‍ മാറ്റം വരുത്തി. സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയ്ക്കായി പ്രതിരോധപരമായ രീതിയില്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്ന മിതമായ നിര്‍ദ്ദേശമാണ് ഒടുവില്‍ വോട്ടിന് എടുത്തത്. സൈനിക നടപടി എന്ന കര്‍ശനമായ നീക്കത്തില്‍ നിന്ന് വിട്ടുനിന്നിട്ടും, റഷ്യയും ചൈനയും ഇതിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല.

ഈ വീറ്റോയിലൂടെ തങ്ങള്‍ ഇറാനുമായുള്ള ശക്തമായ സഖ്യകക്ഷികളാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയതായി അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രമേയത്തിലെ ഇറാനെതിരെയുള്ള പരാമര്‍ശങ്ങള്‍ അതിരൂക്ഷമാണെന്നാണ് റഷ്യയും ചൈനയും ആരോപിച്ചത്. രക്ഷാസമിതിയിലെ ഈ ചേരിതിരിവ് പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘര്‍ഷാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ട്രംപിന്റെ അന്ത്യശാസനത്തെ എതിര്‍ത്ത് റഷ്യ

അതേസമയം, ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ റഷ്യ ശക്തമായി എതിര്‍ത്തു. ഭീഷണിയും അന്ത്യശാസനവും ഉപേക്ഷിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ഐക്യരാഷ്ട്രസഭ (യുഎന്‍) ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇതിനിടെ, ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കല്‍പ്പിച്ച് ഇറാനും ശക്തമായ വെല്ലുവിളിയുമായി രംഗത്തെത്തി.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ചയ്ക്കകം തീരുമാനമറിയിച്ചില്ലെങ്കില്‍ ഒരു നാഗരികതയെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ അന്ത്യശാസനങ്ങളോടും യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തങ്ങളുടെ കടമ നിര്‍വഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

ട്രംപിന്റെ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ തള്ളിപ്പറഞ്ഞ ഇറാന്‍ വെല്ലുവിളിയുമായി രംഗത്തെത്തി. ചരിത്രത്തില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കും മംഗോളിയന്‍ പടയ്ക്കും പോലും ഇറാനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുര്‍ക്കിയിലെ ഇറാന്‍ എംബസി പ്രതികരിച്ചു. ഒരു കാലത്തിനും സാധിക്കാത്തത് ഒരു 'മനോരോഗിക്ക്' കഴിയില്ലെന്നും എംബസി കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി മാത്രം, കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥകള്‍ക്കും തങ്ങള്‍ വഴങ്ങില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്ക വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെങ്കില്‍ തങ്ങളും വിട്ടുവീഴ്ചക്കും സമാധാനത്തിനും തയ്യാറാണെന്നും ഇറാന്‍ അറിയിച്ചു.

എന്നാല്‍, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ ഹോര്‍മൂസ് കടലിടുക്കിന് പുറമെ ബാബ് അല്‍ മന്ദബ് കൂടി അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇത് ആഗോള എണ്ണ വിപണിയും ചരക്കുനീക്കവും പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News