10 മന്ത്രിമാര്‍ പിന്നില്‍, 7 മന്ത്രിമാര്‍ മുന്നില്‍; എം ബി രാജേഷും, വീണാജോര്‍ജും, വാസവനും, ഗണേഷും, അടക്കമുള്ള പത്ത് മന്ത്രിമാര്‍ പരാജയ ഭീതിയില്‍; റിയാസും, സജി ചെറിയാനുമടക്കമുള്ള ഏഴുപേര്‍ക്ക് ജയസാധ്യത; മറുനാടന്‍ സര്‍വേ വിരല്‍ചൂണ്ടുന്നത് മന്ത്രിമാരുടെ കൂട്ടത്തോല്‍വിയിലേക്ക്!

മറുനാടന്‍ സര്‍വേ വിരല്‍ചൂണ്ടുന്നത് മന്ത്രിമാരുടെ കൂട്ടത്തോല്‍വിയിലേക്ക്!

Update: 2026-04-06 14:06 GMT

കേരളത്തിലെ 140 മണ്ഡലങ്ങളിലായി മറുനാടന്‍ മലയാളി നടത്തിയ റാന്‍ഡം ഫീല്‍ഡ് സര്‍വേയില്‍, രണ്ടാം പിണറായി സര്‍ക്കാറിലെ പത്ത് മന്ത്രിമാര്‍ പരാജയ ഭീതിയിലാണെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ മറ്റുള്ളവരുടെ അവസ്ഥ അങ്ങനെയല്ല. സര്‍വേപ്രകാരം പത്തോളം മന്ത്രിമാര്‍ തോല്‍വി ഭീഷണിയിലാണ്. ഇത്രയും മന്ത്രിമാര്‍ പിന്നില്‍ നില്‍ക്കുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ സൂചകമായാണ് വിലയിരുത്തപ്പെടുന്നത്.


Full View

കടന്നപ്പളളി മുതല്‍ ശിവന്‍കുട്ടി വരെ

മറുനാടന്‍ സര്‍വേ പ്രകാരം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ പിന്നിലാണ്. കഴിഞ്ഞ രണ്ടുതവണ ചുരുങ്ങിയ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മന്ത്രി, ഇത്തവണ 5 ശതമാനം വോട്ടിന്, യുഡിഎഫ് സ്ഥാനാര്‍ഥി ടി ഒ മോഹനന് പിന്നിലാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന-പിന്നോക്ഷ ക്ഷേമ മന്ത്രി ഒ.ആര്‍. കേളു, വയനാട്ടിലെ മാനന്തവാടിയില്‍ പിന്നിലാണ്. ശക്തമായ യുഡിഎഫ് തരംഗമുണ്ട് എന്ന് കരുതുന്ന മലപ്പുറത്ത്, കായിക മന്ത്രി വി അബ്ദുറഹിമാനും കടുത്ത പരീക്ഷണമാണ് നേരിടുന്നത്. കഴിഞ്ഞ തവണ താനുരില്‍ നിന്ന് ജയിച്ച, അബ്ദുറഹിമാന്‍ ഇത്തവണ മണ്ഡലം മാറി തിരൂരിലാണ് മത്സരിക്കുന്നത്. അവിടെയും അദ്ദേഹം രണ്ട് ശതമാനം വോട്ടിന് പിന്നിലാണ്.

അതുപോലെ പാലക്കാട്ടെ തൃത്താലയില്‍ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും, കോണ്‍ഗ്രസിലെ വി ടി ബല്‍റാമും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. മറുനാടന്‍ സര്‍വേ പ്രകാരം ഇവിടെ ബല്‍റാമിനാണ് സാധ്യത. തൃശൂരിലെ ഇരിങ്ങാലക്കുടയില്‍ മത്സരിക്കുന്ന, ഉന്നത വിദ്യഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദുവും സര്‍വേ പ്രകാരം പിന്നിലാണ്. അതുപോലെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇടുക്കിയില്‍ നിന്ന് ജയിച്ചുവരുന്ന മന്ത്രി റോഷി അഗസ്റ്റിനും പിന്നിലാണ്. കോട്ടയത്തേക്ക് വന്നാല്‍ ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍ പിന്നിലാണെന്നത്, ഈ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയേക്കള്‍ പിന്നിലാണ്. കൊല്ലം ജില്ലയിലേക്ക് വന്നാല്‍, അവിടെ മൂന്ന് മന്ത്രിമാരാണ് പിന്നിട്ട് നില്‍ക്കുന്നത്. കൊട്ടാരക്കരയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും, പത്തനാപുരത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറും, ചടയമംഗലത്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയും. ഇതില്‍ ഗണേഷ്‌കുമാറും ജ്യോതികുമാര്‍ ചാമക്കാലയും തമ്മിലുള്ള പേരാട്ടം കേരളം കാത്തിരിക്കുന്നതാണ്. തിരുവനന്തപുരത്ത് നേമത്ത്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പിന്നിലാണെന്നാണ് മറുനാടന്‍ സര്‍വേയില്‍ കാണുന്നത്. ഇവിടെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറാണ് മുന്നില്‍.

കോഴിക്കോട് സൗത്തില്‍ മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും സര്‍വേ പ്രകാരം പിന്നിലാണ്. മന്ത്രി കൃഷ്ണന്‍കുട്ടി മാറിയ, ചിറ്റൂര്‍ സീറ്റിലും എല്‍ഡിഎഫ് പിന്നിലാണ്.

റിയാസടക്കമുള്ളവര്‍ മുന്നില്‍

മറുനാടന്‍ സര്‍വേ പ്രകാരം ബേപ്പൂരില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെ മികച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിക്കുമെന്ന് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ കോഴിക്കോട് എലത്തൂരില്‍ വനം മന്ത്രി എ കെ ശശീന്ദ്രനും ജയസാധ്യതയുണ്ട്. എങ്കിലും ഇവിടെ നല്ല പോരാട്ടമാണ്. എറണാകുളം കളമശ്ശേരിയില്‍ വ്യവസായമന്ത്രി പി രാജീവ് രണ്ട് ശതമാനം വോട്ടിന് മുന്നിലാണ്. ഇവിടെയും, യുഡിഎഫ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

തൃശൂര്‍ ഒല്ലൂരില്‍ റവന്യൂ മന്ത്രി രാജനും മറുനാടന്‍ സര്‍വേ പ്രകാരം, ജയസാധ്യതയുണ്ട്. ചേര്‍ത്തലയില്‍ പി പ്രസാദും, ചെങ്ങന്നൂരില്‍ സജി ചെറിയാനും മുന്നിലാണ്. നെടുമങ്ങാട്ട് മന്ത്രി ജി ആര്‍ അനിലും സുരക്ഷിതമായ നിലയിലാണ്.

Tags:    

Similar News