20 കോടിയുടെ ആക്രി വിറ്റ രസീത് എവിടെ? പിണറായിക്കും ഡിവൈഎഫ്‌ഐക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക 'കണക്ക് പുസ്തകം'; 54 കോടിയുടെ വ്യാജ സ്‌ക്രീന്‍ഷോട്ട് ഇറക്കി സി.പി.എം സൈബര്‍ കളി! മൃതശരീരങ്ങളുടെ പോക്കറ്റടിക്കുന്നതാരാണെന്ന് കേരളം അറിയണം; ആപ്പിലെ കള്ളക്കളി അഞ്ച് മിനിറ്റ് കൊണ്ട് പൊളിക്കാന്‍ പോലീസിനും വെല്ലുവിളി!

പിണറായിക്കും ഡിവൈഎഫ്‌ഐക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക 'കണക്ക് പുസ്തകം

Update: 2026-04-04 17:22 GMT

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ചെടുത്ത ഫണ്ടിനെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ പുകിലു തുടരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച കണക്കുകള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സുതാര്യമായി പുറത്തുവിട്ടതോടെ പ്രതിരോധത്തിലായ സി.പി.എം, വ്യാജ സ്‌ക്രീന്‍ഷോട്ടുകളുമായി രംഗത്തെത്തിയെന്നാണ് പുതിയ ആരോപണം. ഇതോടെ സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും വെല്ലുവിളിച്ചുകൊണ്ട് കണക്കുകളുടെ യുദ്ധം മുറുക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കോണ്‍ഗ്രസ് പിരിച്ചത് എത്ര?

യൂത്ത് കോണ്‍ഗ്രസും കെപിസിസിയും ചേര്‍ന്ന് പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് വിവിധ ചലഞ്ചുകള്‍ വഴി പിരിച്ചെടുത്തത് 1.05 കോടി രൂപ. കെപിസിസി ആപ്പ് വഴി സമാഹരിച്ചത് 4.33 കോടി രൂപ. ആകെ തുക ഏകദേശം 5.38 കോടി രൂപ (5,38,21,632 രൂപ) കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ചേര്‍ന്ന് സമാഹരിച്ചു.

ചെലവഴിച്ചത് എന്തിന്?

പിരിച്ചെടുത്ത തുക വീടുകള്‍ക്കും ഭൂമിക്കുമായി വിനിയോഗിച്ചതിന്റെ കണക്കുകള്‍ ഇങ്ങനെയാണ്:

ഒന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിനും രജിസ്‌ട്രേഷനുമായി 3.68 കോടി രൂപ ചെലവാക്കി.

രണ്ടാം ഘട്ടം: ഭൂമിയുടെ വിലയായി 2.50 കോടി രൂപ കൂടി നീക്കിവെച്ചു.

ആകെ ചെലവ്: രജിസ്‌ട്രേഷന്‍ അടക്കം 6.27 കോടി രൂപയോളം നിലവില്‍ ചെലവഴിച്ചു കഴിഞ്ഞു.

വിവാദമായ 54 കോടിയും സി.പി.എം നീക്കവും

കോണ്‍ഗ്രസ് കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെ, കോണ്‍ഗ്രസ് ആപ്പ് വഴി 54.49 കോടി രൂപ പിരിച്ചെടുത്തു എന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ സി.പി.എം സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും ഇതിനെതിരെ കെപിസിസി പ്രസിഡന്റ് കേസ് നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 'കേരള പോലീസ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിലാണല്ലോ, എങ്കില്‍ അഞ്ച് മിനിറ്റ് കൊണ്ട് ഈ സ്‌ക്രീന്‍ഷോട്ടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരൂ' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളി.


Full View

ഡി.വൈ.എഫ്.ഐയോട് തിരിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങള്‍

യു.ഡി.എഫ് ഘടകകക്ഷിയായ ലീഗ് മാത്രം 36 കോടിയോളം രൂപ പിരിച്ചെടുത്തതോടെ മൊത്തം 40 കോടിയിലധികം രൂപ ദുരിതാശ്വാസത്തിനായി യു.ഡി.എഫ് സമാഹരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ 20 കോടി രൂപ പിരിച്ചുവെന്ന അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നത്:

ആക്രിയും പഴയ പേപ്പറും വിറ്റാണ് 20 കോടി പിരിച്ചതെങ്കില്‍ അതിന്റെ രസീതുകള്‍ എവിടെ? ഏത് ആക്രിക്കടക്കാരനാണ് ഇത്രയും വലിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയത്? മൃതശരീരങ്ങളുടെ പോക്കറ്റടിക്കുന്ന രീതിയില്‍ കണക്കുകളില്‍ സുതാര്യതയില്ലാതെ സര്‍ക്കാര്‍ പെരുമാറുന്നുവെന്ന കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

വയനാട്ടിലെ ജനതയ്ക്കായി 200 വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ്, തങ്ങളുടെ കണക്കുകള്‍ സുതാര്യമാണെന്ന് അവകാശപ്പെടുമ്പോള്‍, സര്‍ക്കാരും ഡി.വൈ.എഫ്.ഐയും തങ്ങളുടെ പിരിവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോയില്‍ പറയുന്നത്:

അതെ, വീണ്ടും വയനാട് തന്നെയാണല്ലോ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് കുറച്ചു കാര്യങ്ങള്‍ പറയാം. ഇന്നാണ് കെപിസിസി പ്രസിഡന്റ് വളരെ വിശദമായിത്തന്നെ കോണ്‍ഗ്രസ് പിരിച്ച കണക്കിനെപ്പറ്റിയും അതുപോലെതന്നെ യൂത്ത് കോണ്‍ഗ്രസ് പിരിച്ച കണക്കിനെപ്പറ്റിയുമൊക്കെ വിശദമാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ വളരെ പെട്ടെന്ന് ആ കണക്കുകള്‍ പറയാം.

ഒന്ന്, യൂത്ത് കോണ്‍ഗ്രസ് ആകെ പണം പിരിച്ചത്, അത് ഏതെങ്കിലും വ്യക്തിയില്‍ നിന്ന് പിരിച്ചിട്ടില്ല, ഒരുപാട് ചലഞ്ചുകള്‍ വഴി പിരിച്ചത് ഒരു കോടി അഞ്ച് ലക്ഷം രൂപ. കെപിസിസി ആപ്പ് വഴി പിരിച്ചത് ഏതാണ്ട് നാല് കോടി മുപ്പത്തി മൂന്ന് ലക്ഷം രൂപ. മൊത്തത്തില്‍ അഞ്ച് കോടി മുപ്പത്തി എട്ട് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി അറുന്നൂറ്റി മുപ്പത്തി രണ്ട് രൂപയാണ് കെപിസിസിയും യൂത്ത് കോണ്‍ഗ്രസും കൂടെ ചേര്‍ന്ന് പിരിച്ചത്.

ഇനി ഈ ആപ്പുകളുടെ നിര്‍മ്മാണവും ചെലവും അത്തരം കാര്യങ്ങളെല്ലാം കൂടെ വെച്ചിട്ട് ഒമ്പത് ലക്ഷത്തി മുപ്പതിനായിരം രൂപ ചെലവായിട്ടുണ്ട്. ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കലിനും രജിസ്‌ട്രേഷനും വേണ്ടിയിട്ട് മൂന്ന് കോടി അറുപത്തി എട്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തി മുന്നൂറ്റി എണ്‍പത്തി അഞ്ച് രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. അതിന്റെ ബാക്കി ഇനി ഒരു കോടി അറുപത് ലക്ഷത്തി അമ്പത്തി അയ്യായിരത്തി ഇരുനൂറ്റി നാല്‍പ്പത്തി ഏഴ് ഉണ്ട്. രണ്ടാം ഘട്ട ഭൂമിയുടെ വില രണ്ട് കോടി അമ്പത് ലക്ഷത്തി മുപ്പതിനായിരത്തി ഇരുനൂറ്റി പന്ത്രണ്ട് രൂപയാണ്. അപ്പോള്‍ ആകെ ചെലവ് ആറ് കോടി ഇരുപത്തി ഏഴ് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഏഴ് രൂപയാണ്. രജിസ്‌ട്രേഷന്‍ അടക്കമുള്ള ചെലവിനെപ്പറ്റിയാണ് പറഞ്ഞത്.

അപ്പോള്‍ ഇത്രയുമാണ് ചെലവായതെന്നും ഇത്രയുമാണ് പിരിച്ചതെന്നും പറഞ്ഞ് കണക്ക് ആകെ പുറത്തേക്ക് വന്നപ്പോള്‍ നമ്മുടെ സംവാദ മുങ്ങിയായ ശ്രീ പിണറായി വിജയന്റെ പാര്‍ട്ടിക്കാര്‍ ഒരു പുതിയ സ്‌ക്രീന്‍ഷോട്ടുമായിട്ട് ഇറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ആപ്പ് വഴി പിരിച്ചത് അമ്പത്തിനാല് കോടി നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അഞ്ഞൂറ്റി അമ്പത്തി ആറ് രൂപയാണത്രേ. ഈ ഒരു സ്‌ക്രീന്‍ഷോട്ട് കേരളത്തില്‍ വ്യാപകമായി സിപിഎമ്മിന്റെ സൈബര്‍ സ്‌പേസ് പ്രചരിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് എന്ത് വൃത്തികേടും എത്ര ഹീനമായ മാര്‍ഗ്ഗവുമൊക്കെ പ്രചരിപ്പിക്കാനായിട്ട് വലിയ മെഷിനറി ഉള്ള ആളുകള്‍ക്ക് ഇത് പ്രചരിപ്പിക്കുന്നതിനകത്ത് വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്തായാലും കെപിസിസി പ്രസിഡന്റ് അത് കേസ് കൊടുത്തിട്ടുണ്ട് എന്ന് തന്നെയാണ് പറയുന്നത്. ഇനി തിരിച്ച് ഒരു വെല്ലുവിളി. സംവാദ മുങ്ങിയായ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് പറയുന്നു, കേരള പോലീസ് ഇപ്പോഴും അങ്ങയുടെ നിയന്ത്രണത്തില്‍ തന്നെയാണല്ലോ? നിങ്ങളുടെ പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ അമ്പത്തിനാല് കോടി നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അമ്പത്തി ആറ് രൂപയാണ് ആപ്പ് മുഖേന കോണ്‍ഗ്രസ് പിരിച്ചതെങ്കില്‍ കേരള പോലീസ് വിചാരിച്ചാല്‍ അഞ്ച് മിനിറ്റ് വേണ്ട എത്ര രൂപ പിരിച്ചു എന്ന് കണ്ടെത്താന്‍.

കാരണം ആപ്പ്, ആപ്പിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ട്, എത്ര വന്നു എന്ന് എളുപ്പം കണ്ടുപിടിക്കാം. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തരാം. ഈ പണം എത്ര രൂപ പിരിച്ചു എന്ന് വെച്ചിട്ട് സംവാദ മുങ്ങിയായ ശ്രീ പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ വിട്ടേക്ക്, അദ്ദേഹവുമായിട്ട് നിങ്ങള്‍ക്ക് സംവാദം വേണ്ട, കേരളത്തിലെ ഏതെങ്കിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിട്ടെങ്കിലും സംവാദത്തിന് കേരളത്തിന്റെ മുഖ്യമന്ത്രി തയ്യാറാണോ ഒന്ന്. രണ്ട്, ഞങ്ങളുടെ സുതാര്യമായ കണക്കുകള്‍ പറഞ്ഞു, ഇനി നിങ്ങള്‍ പറയണം. ഇരുപത് കോടി രൂപ ഡിവൈഎഫ്‌ഐ പിരിച്ചു എന്നാണ് പറയുന്നത്. അപ്പോള്‍ ഞങ്ങള്‍ക്ക് അഞ്ച് കോടിയെ കോണ്‍ഗ്രസ് പിരിച്ചുള്ളൂ എന്നൊക്കെ പറയുന്ന ആളുകളോട് ചോദിക്കാനായിട്ടുള്ളത് ഇന്ത്യ മുഴുവന്‍ സിപിഎം പിരിച്ചത് ആകെ തൊണ്ണൂറ് ലക്ഷമാണ്.

അപ്പോള്‍ ചോദിക്കണം ഡിവൈഎഫ്‌ഐ ഇരുപത് കോടി പിരിച്ചില്ലേ എന്ന്. അങ്ങനെ നോക്കിയാല്‍ കോണ്‍ഗ്രസ് പിരിച്ചു, യൂത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് കളക്ഷന്‍ ഉണ്ടായിരുന്നു, അതുകൂടാതെ ലീഗാണ് ആദ്യം ഫണ്ട് കളക്ഷന്‍ ആരംഭിച്ചത്, ഏതാണ്ട് മുപ്പത്തിയാറ് കോടി രൂപയാണ് ലീഗ് കേരളത്തിലെ ജനങ്ങളില്‍ നിന്ന് സംഭാവനയായി പിരിച്ചെടുത്തിട്ടുള്ളത്. അപ്പോള്‍ അതെല്ലാം കൂടെ കൂട്ടുമ്പോള്‍ ഏതാണ്ട് നാല്‍പ്പത് കോടിക്ക് പുറത്താണ് യുഡിഎഫ് എന്ന നിലയില്‍ ഞങ്ങള്‍ പിരിച്ചിരിക്കുന്നത്. മാത്രമല്ല ഇരുനൂറ് വീടാണ് ഞങ്ങള്‍ നിര്‍മ്മിക്കുന്നത്. അപ്പോള്‍ അത് മൊത്തത്തിലുള്ള കണക്കെടുക്കുമ്പോള്‍ അവിടെ നില്‍ക്കട്ടെ.

ഇനി തിരിച്ചുള്ള ചോദ്യം, ഇരുപത് കോടി എന്ന ഡിവൈഎഫ്‌ഐയുടെ കണക്കിനെപ്പറ്റിയുള്ള സുതാര്യമായിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ പുറത്തുവിടുമോ? നിങ്ങള്‍ പറയുന്നു ഒരാളില്‍ നിന്നും പണം പറ്റിയിട്ടില്ല എന്ന്. വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നു അത് ഉറപ്പിച്ചു പറയാന്‍ കഴിയുമോ ഒരാളില്‍ നിന്നും പോലും പണം നിങ്ങള്‍ കൈപ്പറ്റിയിട്ടില്ല എന്ന്? നിങ്ങള്‍ പറയുന്നത് കേരളം മുഴുവന്‍ ആക്രി വിറ്റും പേപ്പര്‍ വിട്ടിട്ടുമൊക്കെയാണ് നിങ്ങള്‍ ഈ പണം കണ്ടെത്തിയത് എന്നാണ്. അങ്ങനെയാണെങ്കില്‍ ഡിവൈഎഫ്‌ഐയെ വെല്ലുവിളിക്കുന്നു, സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു നിങ്ങള്‍ ആ കണക്ക് പുറത്തേക്ക് വിടൂ.

ഏത് ആക്രി കച്ചവടക്കാരനാണ് നിങ്ങള്‍ ഇരുപത് കോടി രൂപയുടെ ആക്രി വിറ്റത്? അതല്ലെങ്കില്‍ ഏത് പത്രക്കച്ചവടക്കാരനാണ് നിങ്ങള്‍ ഇരുപത് കോടി രൂപയുടെ പത്രം വിറ്റത്? അതിന്റെ ഡീറ്റെയില്‍സ് ഓരോ നിയോജക മണ്ഡലം തിരിച്ചുള്ളത് വളരെ എളുപ്പം കിട്ടാമല്ലോ? എവിടെയാണ് വിറ്റിട്ടുള്ളത്, ആര്‍ക്കാണ് വിറ്റത്, അതിന്റെ രസീത് ഇതടക്കമുള്ള സുതാര്യമായ കണക്ക് വെക്കാതിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ സര്‍ക്കാരിനെപ്പോലെ, സര്‍ക്കാര്‍ ഊരാളുങ്കലിനെ ഉപയോഗിച്ച് ചെയ്യുന്നതുപോലെ തന്നെ മൃതശരീരങ്ങളുടെ പോക്കറ്റടിക്കുന്ന മൃതശരീരത്തെ കൊള്ളയടിക്കുന്ന ആളുകളാണ് നിങ്ങളെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ അതുകൊണ്ട് ജനങ്ങള്‍ക്ക് അറിയേണ്ടതായിട്ടുണ്ട്, സര്‍ക്കാര്‍ എത്ര വെട്ടിച്ചു ഡിവൈഎഫ്‌ഐ എത്ര വെട്ടിച്ചു.

Tags:    

Similar News