ഡിജിപിയുടെ മൂക്കിന് താഴെ തല്ലുമാല! 'വിഐപി റൂട്ടായതിനാലാണ് മാറ്റാന്‍ പറഞ്ഞത് അനിയാ' എന്ന് സീനിയര്‍; അമ്മയോട് കളി വേണ്ടെടാ.. എന്നുജൂനിയര്‍; പോലീസുകാരന്റെ അമ്മയുടെ വണ്ടി മാറ്റാന്‍ പറഞ്ഞ സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയറുടെ വക നെഞ്ചത്തിടി; പോലീസ് ആസ്ഥാനത്തിന് മുന്നില്‍ അരങ്ങേറിയത് നാണംകെട്ട സീനുകള്‍!

ഡിജിപിയുടെ മൂക്കിന് താഴെ തല്ലുമാല!

Update: 2026-04-02 15:31 GMT

തിരുവനന്തപുരം: നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നടുറോഡില്‍ തെരുവ് ഗുണ്ടകളെപ്പോലെ ഏറ്റുമുട്ടിയത് കേരളാ പോലീസിന് വന്‍ നാണക്കേടാകുന്നു. സംസ്ഥാന പോലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നില്‍ വെച്ച് മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിശാഖിനെ, 2023 ബാച്ചിലെ ജൂനിയര്‍ പോലീസുകാരന്‍ കിരണ്‍ മര്‍ദ്ദിച്ച സംഭവം സേനയ്ക്കുള്ളില്‍ വിവാദമായിരിക്കുകയാണ്.

സംഭവം ഇങ്ങനെ:

ട്രാഫിക് ഡ്യൂട്ടിക്കിടെ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 15 വര്‍ഷത്തെ സര്‍വീസ് പരിചയമുള്ള വിശാഖ്, കാറിലുണ്ടായിരുന്ന സ്ത്രീയോട് വിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വണ്ടി അല്പം മുന്നോട്ട് മാറ്റിയിടാന്‍ മാന്യമായി ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പോലീസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്ന ഗാര്‍ഡ് ഡ്യൂട്ടി ചെയ്തിരുന്ന ജൂനിയര്‍ പോലീസുകാരനായ കിരണ്‍, തന്റെ അമ്മയോട് വണ്ടി മാറ്റാന്‍ പറഞ്ഞത് ചോദ്യം ചെയ്യുകയും വിശാഖിനോട് തട്ടിക്കയറുകയും ചെയ്തു.

'വിഐപി റൂട്ടായതിനാലാണ് മാറ്റാന്‍ പറഞ്ഞത് അനിയാ' എന്ന് വിശാഖ് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും, അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ജൂനിയര്‍ പോലീസുകാരന്‍ വിശാഖിന്റെ നെഞ്ചില്‍ കൈമുറുക്കി ഇടിക്കുകയായിരുന്നു. പാസിംഗ് ഔട്ട് കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ട പുതിയ ബാച്ചിലെ പോലീസുകാര്‍ക്ക് ലഭിക്കുന്ന 'ചുളു ഡ്യൂട്ടികളും' അവരുടെ പെരുമാറ്റദൂഷ്യവുമാണ് ഇവിടെ പ്രധാന വില്ലനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

'നാട്ടുകാരുടെ ഇടി വാങ്ങുന്നതിന് പുറമെ ഇപ്പോള്‍ സ്വന്തം സേനയിലെ കൈക്കരുത്ത് കാട്ടുന്ന പിള്ളേരുടെ ഇടിയും വാങ്ങേണ്ട അവസ്ഥയിലാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍.' - പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അച്ചടക്കലംഘനം

പോലീസ് ആസ്ഥാനം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരിടത്ത്, യൂണിഫോമിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചത് ജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. പുതിയ ബാച്ചിലെ പോലീസുകാര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരോടോ പൊതുജനത്തോടോ എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ മതിയായ ധാരണയില്ലെന്ന പരാതി ശക്തമാണ്.

സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ കിരണിനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News