ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന ട്രംപിന്റെ വീരവാദം; കരയുദ്ധത്തില്‍ മൗനവും; ആ 'കെണി' മണത്തറിഞ്ഞ് അതിവേഗ നീക്കം; ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്ന വെല്ലുവിളിയും; കരയുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി സൈനിക മേധാവി; ഹോര്‍മുസ് കടലിടുക്ക് സ്തംഭിച്ചതിന്റെ കാരണം ഇസ്രയേലും യുഎസുമെന്ന് ചൈന
ടെഹ്‌റാന്‍/വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് നടത്തിയ അവകാശവാദങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന മുന്‍കരുതലില്‍ ഇറാന്‍. അമേരിക്കന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇറാന്‍ സൈന്യം അതിവേഗം സജ്ജമാകുകയാണ്. ശത്രുക്കളുടെ ഓരോ നീക്കവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനും ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുക്കാനും ഇറാന്‍ സൈനിക മേധാവി അമീര്‍ ഹാത്മി സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ഇറാന്‍ സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തതായും സേനയുടെ യുദ്ധസന്നദ്ധത വിലയിരുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ - ഇസ്രയേല്‍ സംയുക്താക്രമണത്തെ വ്യോമ, മിസൈല്‍ ആക്രമണങ്ങളിലൂടെ ഇറാന്‍ തിരിച്ചടിക്കുന്നതിന് പിന്നാലെ നേരിട്ടുള്ള സൈനിക നീക്കത്തിന് കൂടി ഇരുപക്ഷവും കോപ്പുകൂട്ടുന്നത് പശ്ചിമേഷ്യയില്‍ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഇറാന്റെ സൈനിക - ആണവശേഷികള്‍ തകര്‍ത്ത് വിജയം നേടിയെന്ന് ട്രംപ് ഇന്ന് രാവിലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരയുദ്ധ സാധ്യത കൂടി ശക്തമാകുന്നത്. അമേരിക്കയുടെ അടുത്ത നീക്കം കരയുദ്ധമായേക്കുമെന്ന വിലയിരുത്തലിലാണ് ഇറാന്‍ നീക്കം നടത്തുന്നത്.
ഇറാന്റെ സൈനിക-ആണവശേഷികള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നും തങ്ങള്‍ വിജയത്തിന്റെ അരികിലാണെന്നുമാണ് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നും ഇറാന്റെ പക്കല്‍ ഇനി വളരെ കുറച്ചു മിസൈല്‍ ലോഞ്ചറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഈ വിജയവാദം വെറും തോന്നല്‍ മാത്രമാണെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പരിഹസിച്ചു. അമേരിക്കയുടെ പക്കലുള്ള വിവരങ്ങള്‍ തെറ്റാണെന്നും തന്ത്രപ്രധാനമായ മിസൈല്‍ ഉല്‍പ്പാദന കേന്ദ്രങ്ങളും ദീര്‍ഘദൂര ഡ്രോണ്‍ നിര്‍മ്മാണ ശാലകളും സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്ക പൂര്‍ണ്ണമായ പരാജയം സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇറാന്റെ പ്രഖ്യാപനം.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടി എടുത്തുമാത്രമേ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി പിന്മാറ്റം തുടങ്ങൂ എന്നാണ് ട്രംപ് നല്‍കുന്ന സൂചന. അതേസമയം, അമേരിക്കന്‍ ജനതയോട് തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഇറാനെ ആക്രമിക്കുന്ന അമേരിക്കന്‍ നിലപാടിനെ അദ്ദേഹം കത്തില്‍ വിമര്‍ശിച്ചു. ഇതിനിടെ, ഇസ്രായേലിന് നേരെ മുന്‍ ദിവസങ്ങളേക്കാള്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി തങ്ങളുടെ ശേഷി തകര്‍ന്നിട്ടില്ലെന്ന് ഇറാന്‍ തെളിയിക്കുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കാതെ ട്രംപ്
ഇറാന്റെ സൈനിക - ആണവശേഷികള്‍ തകര്‍ത്ത് വിജയം നേടിയെന്ന് അവകാശപ്പെട്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കാതെയാണ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. ഹോര്‍മൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അത് തുറക്കാന്‍ ശ്രമിക്കണമെന്ന നിലപാടും ട്രംപ് ഇന്ന് പ്രഖ്യാപിച്ചു. രണ്ടോ മൂന്നോ ആഴ്ച്ചകളെടുത്ത് പിന്മാറുന്ന നീക്കമാകും അമേരിക്ക നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ നാവിക സേന, മിസൈല്‍ ശേഷി, സൈനിക ശേഷി, ആണവശേഷി എന്നിവ പൂര്‍ണമായി തകര്‍ത്തു. ആണവായുധത്തിന് എന്തെങ്കിലും നീക്കം നടത്തിയാല്‍ അമേരിക്ക അറിയും. അമേരിക്ക ഹോര്‍മൂസിനെ ആശ്രയിക്കുന്നില്ല. അതിനാല്‍ ഹോര്‍മൂസിനെ ആശ്രയിക്കുന്ന രാഷ്ട്രങ്ങള്‍ അത് തുറക്കണം. ഭരണമാറ്റം അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ല. പക്ഷെ അത് ഉടനെ സംഭവിക്കും. ചുരുക്കത്തില്‍ അല്‍പ്പം കൂടിയസമയമെടുത്ത് സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. കരയാക്രമണവും യുദ്ധം നിര്‍ത്തലും പ്രസംഗത്തിലുണ്ടായില്ല എന്നതും ശ്രദ്ധേയമായി. ഏതാനും ആഴ്ച്ചകള്‍ കൂടിയെടുത്ത അമേരിക്ക ഇറാനില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് കരുതുന്നത്.
അമേരിക്കയെ പ്രതിക്കൂട്ടിലാക്കി ചൈന
ഹോര്‍മുസ് കടലിടുക്കിലെ വ്യാപാര സ്തംഭനത്തിന് കാരണം അമേരിക്കയും ഇസ്രായേലുമാണെന്ന് ചൈന കുറ്റപ്പെടുത്തി. ഇറാനെതിരെ അമേരിക്ക നടത്തുന്നത് നിയമവിരുദ്ധ സൈനിക നടപടികളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കപ്പലുകളെ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമേരിക്കയുടെ സഖ്യകക്ഷികള്‍ പോലും നേരിട്ടുള്ള സൈനിക ഇടപെടലിന് തയ്യാറായിട്ടില്ല. ലോകത്തെ എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോര്‍മുസിലെ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ശത്രുത അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നാണ് ചൈനയുടെ നിലപാട്.
സമാധാന ചര്‍ച്ചകള്‍ക്ക് പകരം കരയുദ്ധത്തിനുള്ള കോപ്പുകൂട്ടലുകള്‍ ഇരുപക്ഷത്തും സജീവമായതോടെ പശ്ചിമേഷ്യ വന്‍ സ്‌ഫോടനത്തിന്റെ വക്കിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുകളിലെ ആക്രമണം കുറഞ്ഞത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, വരും ദിവസങ്ങളില്‍ അമേരിക്കയുടെ നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ സമാധാനം. സാഹചര്യം ലഘൂകരിക്കാനും പ്രാദേശിക അസ്ഥിരത ആഗോള സാമ്പത്തിക, ഊര്‍ജ്ജ സുരക്ഷയെ കൂടുതല്‍ ബാധിക്കാതെ തടയാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
