'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്! ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളി'; പേരാമ്പ്രയില്‍ 'അനൗണ്‍സ്മെന്റ്' പോര്' മുറുകുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ വര്‍ഗീയ പ്രചാരണമെന്ന് യുഡിഎഫ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി; കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയെന്നും ആരോപണം; എല്‍ഡിഎഫ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പേരാമ്പ്ര മണ്ഡലത്തില്‍ അനൗണ്‍സ്മെന്റ് വിവാദം കത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുള്ള വിവാദ അനൗണ്‍സ്മെന്റിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ പരാതി നല്‍കിയത്.
'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്' എന്ന് മുസ്ലിം ലീഗ് പ്രചാരണം നടത്തുന്നുവെന്നും ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളിയാണെന്നുമാണ് എല്‍ഡിഎഫ് വാഹനത്തില്‍ നിന്നുള്ള അനൗണ്‍സ്മെന്റില്‍ പറയുന്നത്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അനൗണ്‍സ്മെന്റില്‍ ആഹ്വാനമുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ മുതല്‍ ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന രീതിയില്‍ എല്‍ഡിഎഫ് വ്യാജപ്രചാരണം നടത്തുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.
വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയ അനൗണ്‍സ്മെന്റ് ആരാണ് നടത്തിയത് എന്ന് തനിക്കറിയില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ അറിഞ്ഞു കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അത്തരമൊരു പ്രചാരണവും നടന്നിട്ടില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാത്തിമ തഹ്ലിയയുമായി തനിക്ക് നല്ല സൗഹൃദമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അനൗണ്‍സ്മെന്റ് ദൃശ്യങ്ങള്‍ തങ്ങളുടേതല്ലെന്ന എല്‍ഡിഎഫ് വാദത്തെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിലെ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദത്തിന് സമാനമായ വിഡ്ഢിത്തരമാണ് സിപിഎം പേരാമ്പ്രയിലും കാണിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അന്ന് ഷാഫി പറമ്പിലിന് കിട്ടിയ വീരപരിവേഷം ഇന്ന് ഫാത്തിമ തഹ്ലിയക്കും ലഭിച്ചുവെന്നും ജനങ്ങള്‍ ഇതിന് ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത വര്‍ഗീയ പ്രചാരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. പരാജയഭീതി ബാധിച്ച സിപിഎം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് പെരുമാറുന്നത്. ബിജെപിയുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീനമായ പ്രചാരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎമ്മിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണ് ഈ വിഷപ്രചാരണം. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചാരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മണ്ഡലം നിലനിര്‍ത്താന്‍ ടി.പി. രാമകൃഷ്ണനും തിരിച്ചുപിടിക്കാന്‍ ഫാത്തിമ തഹ്ലിയയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന പേരാമ്പ്രയില്‍ ഈ വിവാദം വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കും.
