രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് സുപ്രീംകോടതി; ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കി; മമതാ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി; സുരക്ഷയ്ക്ക് കേന്ദ്ര സേനയെ ഇറക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെത്തിയ മൂന്ന് വനിതാ ജഡ്ജിമാര്‍ അടക്കം ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് മാള്‍ഡയില്‍ നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപിന്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനെ കോടതി രൂക്ഷമായ ഭാഷയില്‍ ശാസിച്ചു. 'നിങ്ങളുടെ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അക്രമികള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പുലര്‍ച്ചെ രണ്ട് മണി വരെ ഞാന്‍ സാഹചര്യം നേരിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നു,' എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാനോ നിയമം കൈയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ മാള്‍ഡയിലെത്തിയത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം കാളിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ വെച്ച് ഇവരെ ഉപരോധിക്കുകയായിരുന്നു. വൈകുന്നേരം 4 മണി മുതല്‍ പുലര്‍ച്ചെ വരെ നീണ്ട ഒമ്പത് മണിക്കൂര്‍ ഉപരോധത്തിനൊടുവില്‍ പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. മോചിപ്പിക്കുന്നതിനിടെ പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ മജിസ്ട്രേറ്റുമാര്‍ എന്നിവരെ കോടതി വിമര്‍ശിച്ചു. സുരക്ഷാ വീഴ്ചയില്‍ ഉദ്യോഗസ്ഥരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാനും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ആരെയും അനുവദിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ചു.
പുതിയ വോട്ടര്‍ പട്ടികയില്‍ നിന്ന് 63 ലക്ഷത്തിലധികം പേരുകള്‍ നീക്കം ചെയ്യപ്പെട്ടതാണ് ബംഗാളിലെ നിലവിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണം. ഇതിന് പുറമെ 60 ലക്ഷത്തോളം വോട്ടര്‍മാരെ പുനഃപരിശോധനയ്ക്കായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ പരിശോധിക്കാനെത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് ജനക്കൂട്ടം തടഞ്ഞുവെച്ചത്. കേന്ദ്ര സേനയുടെ സാന്നിധ്യത്തില്‍ മാത്രമേ ഇനി നടപടികള്‍ തുടരാവൂ എന്നാണ് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.
