പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് കരുതലായി കേന്ദ്രസര്‍ക്കാര്‍; പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കി; ജൂണ്‍ 30 വരെ 40 ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയില്ല; മരുന്നിനും പ്ലാസ്റ്റിക്കിനും തുണിത്തരങ്ങള്‍ക്കും വില കുറഞ്ഞേക്കും; വ്യവസായങ്ങള്‍ക്ക് ആശ്വാസകരമാകുമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലുള്ള കുറവും വിലക്കയറ്റവും പ്രതിരോധിക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. നിലവില്‍ ജൂണ്‍ 30 വരെയാണ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മറ്റ് നിര്‍മ്മാണ വിഭാഗങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണകരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനാണ് ഈ അടിയന്തര ഇടപെടല്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലും ഷിപ്പിംഗ് നിരക്കുകളിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ഏകദേശം 50 ശതമാനത്തോളം വര്‍ദ്ധിച്ചു. നിലവില്‍ ബാരലിന് 149 രൂപ എന്ന ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. ഇന്ത്യയുടെ വ്യവസായ മേഖലയുടെ നട്ടെല്ലായ പെട്രോകെമിക്കല്‍ ഘടകങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. മെഥനോള്‍, അണ്‍ഹൈഡ്രസ് അമോണിയ, ടോളുയിന്‍, സ്‌റ്റൈറീന്‍, വിനൈല്‍ ക്ലോറൈഡ് മോണോമര്‍, പോളി ബ്യൂട്ടാഡീന്‍ തുടങ്ങി 40-ഓളം പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ ഇളവ് അനുവദിച്ചിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചിലവ് കുറയുന്നതോടെ ഉല്‍പ്പന്നങ്ങളുടെ അന്തിമ വിലയിലും കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
വ്യവസായ മേഖലയ്ക്കുള്ള ഇളവുകള്‍ക്ക് പുറമെ, ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാര്‍ നേരത്തെ ഇടപെട്ടിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 10 രൂപ വീതമാണ് കഴിഞ്ഞ ആഴ്ച കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയായിരുന്ന എക്സൈസ് നികുതി 3 രൂപയായും, ഡീസലിന് 10 രൂപയുണ്ടായിരുന്ന നികുതി പൂര്‍ണ്ണമായും ഒഴിവാക്കുകയുമാണ് ചെയ്തത്. ക്രൂഡ് ഓയില്‍ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, വിതരണ സ്ഥിരത നിലനിര്‍ത്താനും ആഭ്യന്തര വിപണിയിലെ ആഘാതം കുറയ്ക്കാനും ഈ നടപടികള്‍ സഹായിക്കും. അടുത്ത മൂന്ന് മാസത്തേക്ക് വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ ഈ ഇരട്ട പ്രഹരം (നികുതി കുറയ്ക്കലും തീരുവ ഒഴിവാക്കലും) കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ ഫലമായി ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ കസ്റ്റംസ് തീരുവ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. ആഭ്യന്തര വ്യവസായത്തിന് പെട്രോകെമിക്കല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ചെലവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രാജ്യത്ത് വിതരണ സ്ഥിരത സംരക്ഷിക്കുന്നതിനുമായി താല്‍ക്കാലിക ആശ്വാസമായിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.തീരുവ ഒഴിവാക്കിയതില്‍ മെഥനോള്‍, അണ്‍ഹൈഡ്രസ് അമോണിയ, ടോലുയിന്‍, സ്റ്റൈറൈന്‍, ഡൈക്ലോറോമീഥെയ്ന്‍ (മെത്തിലീന്‍ ക്ലോറൈഡ്), വിനൈല്‍ ക്ലോറൈഡ് മോണോമര്‍, പോളി ബ്യൂട്ടാഡീന്‍, സ്റ്റൈറൈന്‍ ബ്യൂട്ടാഡീന്‍, അണ്‍സാച്ചുറേറ്റഡ് പോളിസ്റ്റര്‍ റെസിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വളം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ കുറിച്ച് ആശങ്ക ഉയരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. വളത്തിന്റെയും പെട്രോളിയത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. അടുത്ത മൂന്ന് മാസത്തേക്ക് ആഭ്യന്തര വിപണിയില്‍ വില സ്ഥിരത നിലനിര്‍ത്താന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
