'തുടര്‍ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു; ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണം': ഡോ.ബി.അശോകിന്റെ കേരളശബ്ദത്തിലെ ലേഖനവും ഏഷ്യാനെറ്റിലെ തുറന്നടിക്കലും കത്തിക്കയറുന്നു; സേവന ചട്ടലംഘനവും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; അശോകിന് പൂട്ടുവീഴുമോ?
ഡോ.ബി.അശോകിന് എതിരെ പരാതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനും സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോകിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് അഡ്വ. കെ. എസ്. അരുണ്‍കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷതയും സേവനച്ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയ സ്വഭാവമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും സര്‍ക്കാരിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.ഏപ്രില്‍ ഒന്നിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി ഇമെയില്‍ മുഖേന സമര്‍പ്പിച്ചത്.
സേവനച്ചട്ടങ്ങളുടെ ലംഘനം
കേരള ഗവണ്‍മെന്റ് സെര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍സ് (Kerala Government Servants' Conduct Rules, 1960) പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നതിനും കര്‍ശനമായ വിലക്കുണ്ട്. പ്രത്യേകിച്ച്, രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നത് തടയുന്ന റൂള്‍ 60 (Rule 60), സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് വിലക്കുന്ന റൂള്‍ 62 (Rule 62) എന്നിവ ബി. അശോക് ലംഘിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ കാത്തുസൂക്ഷിക്കേണ്ട നിഷ്പക്ഷതയെയും പൊതുജന വിശ്വാസത്തെയും ഈ പ്രവൃത്തികള്‍ ദോഷകരമായി ബാധിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ചാനല്‍ ചര്‍ച്ചയും മാഗസിന്‍ ലേഖനവും
ഏഷ്യാനെറ്റ് ന്യൂസ് അവര്‍ (Asianet Newshour) എന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയതാണ് ബി. അശോകിനെതിരെയുള്ള പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന് പുറമെ, 'കേരളശബ്ദം' മാസികയുടെ മാര്‍ച്ച് 16-30 ലക്കത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച കുറിപ്പില്‍ രാഷ്ട്രീയ സ്വഭാവമുള്ളതും സര്‍ക്കാരിനെതിരായതുമായ ഉള്ളടക്കമുണ്ടെന്നും പരാതിയില്‍ പറയുന്നു. ഈ ലേഖനവും ചാനല്‍ ചര്‍ച്ചയുടെ ലിങ്കും പരാതിക്കൊപ്പം അന്വേഷണത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം
തിരഞ്ഞെടുപ്പ് കാലയളവില്‍ പ്രാബല്യത്തിലുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ഡോ. ബി. അശോക് നടത്തിയതെന്ന് പരാതിക്കാരന്‍ വാദിക്കുന്നു. ഈ സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്നും നിയമമുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ഇത്തരം ഇടപെടലുകള്‍ കാരണമാകുമെന്നതിനാല്‍ അടിയന്തരമായി അന്വേഷണം നടത്തി ഉചിതമായ ശാസനാപരവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
തുടര്‍ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നുവെന്ന് ഡോ. ബി. അശോക്
'കേരളശബ്ദം' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. തുടര്‍ച്ചയായ ഭരണാനുഭവം വ്യക്തികളിലും രാഷ്ട്രീയ കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം വളര്‍ത്തുന്നുവെന്ന സച്ചിദാനന്ദന്റെ നിരീക്ഷണത്തെ ശരിവെച്ചുകൊണ്ടാണ് അശോകിന്റെ ലേഖനം.
തുടര്‍ച്ചയായ ഭരണം രാഷ്ട്രീയ കക്ഷികളില്‍ ആധിപത്യ മനോഭാവം ഉണ്ടാക്കുന്നുവെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ലേഖനത്തില്‍ കുറിക്കുന്നു.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് ലേഖനത്തില്‍ കടുത്ത വിമര്‍ശനമുണ്ട്. നടന്‍ മമ്മൂട്ടിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍, മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ചവരോടുള്ള സമീപനം എന്നിവ ഫാസിസം കടന്നുവരുന്ന വഴികളായി അശോക് വിശദീകരിക്കുന്നു. വോട്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും ഫാസിസ്റ്റ് മനോഭാവത്തെ ചെറുത്താല്‍ മാത്രമേ ജനാധിപത്യ സംസ്‌കാരം സംസ്ഥാനത്ത് വേരുറപ്പിക്കൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു
ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ നിലപാടില്‍ ഉറച്ച് ഡോ.ബി.അശോക്
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് ഡോ. ബി അശോക് പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി പറയാന്‍ സാധിക്കണമെന്നില്ലെങ്കിലും, പിന്നീട് എങ്കിലും വ്യക്തമായ വിശദീകരണം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ഭരണം വ്യക്തികളില്‍ ഫാസിസ്റ്റ് പ്രവണതകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന പ്രവണത ശരിയല്ലെന്നും അത് ജനാധിപത്യ സംസ്‌കാരത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നടപടി എടുക്കുമെന്ന് കരുതുന്നില്ലെന്നും ഡോ. ബി അശോക് വ്യക്തമാക്കി.
