സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങി; ബംഗാളി നടിയുടെ പരാതിയും പ്രകൃതി വിരുദ്ധ പീഡന പരാതിയുമൊക്കെ ഒതുക്കിത്തീര്‍ത്തു, പക്ഷേ ഈ അടി കിട്ടിയത് അപ്രതീക്ഷിതം! കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ മിന്നല്‍ നീക്കം; ലൈംഗിക അതിക്രമം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്

സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍.

Update: 2026-03-31 16:42 GMT

കൊച്ചി: സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം. നേരത്തെ ബംഗാളി നടിയുടെ പരാതിയും, മറ്റൊരു പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ ഒത്തുതീര്‍പ്പായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മുമ്പ് ലഭിച്ച പരാതിയില്‍ എറണാകുളം റേഞ്ച് ഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അറസ്റ്റ്. ഫോര്‍ട്ട് കൊച്ചി അടിസ്ഥാനമാക്കി യുവനടി നല്‍കിയ പരാതിയില്‍ രഹസ്യമൊഴി എടുത്ത ശേഷമാണ് തുടര്‍ നടപടികളിലേക്ക് കടന്നത്. ഡിജിപിക്ക് നല്‍കിയ പരാതി സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. രണ്ടുദിവസം മുന്‍പ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണു രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടര്‍നടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.

രഞ്ജിത് നിലവില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗിക അതിക്രമമെന്നാണ് സൂചന. സെറ്റില്‍ വച്ച് നടിയെ കയറിപ്പിടിച്ചു എന്നാണ് വിവരം. രഞ്ജിത്ത് ഇപ്പോള്‍ തൊടുപുഴ സ്റ്റേഷനിലാണുള്ളത്. പിന്നീട് സെന്‍ട്രല്‍ പൊലീസിന് ഇദ്ദേഹത്തെ കൈമാറും.

ബി എന്‍എസ് 376 പ്രകാരം അതീവ രഹസ്യമായാണ് എറണാകുളം നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍ വച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെ വളഞ്ഞ് പിടിക്കുകയായിരുന്നു. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എറണാകുളം കത്രക്കടവിലെ വീട്ടില്‍ രഞ്ജിത്തുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും, രഞ്ജിത് തന്റെ കാറില്‍ അവിടം വിട്ടുപോയിരുന്നു. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ വച്ച് കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

നേരത്തെ, ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വന്നിരുന്ന നിയമനടപടികളാണ് കോടതി അസാധുവാക്കിയത്. 2009-ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷം 2024-ലാണ് നടി പരാതി നല്‍കിയത്. ഇത്രയും ദീര്‍ഘമായ കാലതാമസം കണക്കിലെടുത്താണ് കോടതി നടപടികള്‍ റദ്ദാക്കിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് അന്നത്തെ നിയമപ്രകാരം പരമാവധി രണ്ടു വര്‍ഷം വരെയാണ് തടവുശിക്ഷ. ഇത്തരം കേസുകളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് നിശ്ചിത സമയപരിധിയുണ്ടെന്നും (രണ്ടു വര്‍ഷത്തിനകം പരാതി നല്‍കണം) കോടതി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നുമുള്ള രഞ്ജിത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിനിമയുടെ ചര്‍ച്ചയ്ക്കായി അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു നടിയുടെ പരാതി. എന്നാല്‍ നിയമപരമായ സാങ്കേതിക കാരണങ്ങളാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു

Tags:    

Similar News