'വീട്ടില്‍ പോയി ചോദിക്ക്': ബ്രിട്ടീഷ് പ്രധാനമന്ത്രി പബ്ബിലിരുന്ന് കൂട്ട്കൂടി വോട്ടുചോദിക്കും; ഇവിടെ എല്ലാത്തിനും ഉപദേശവും ശാസനയുമായി വരുന്ന 'അമ്മാവന്‍ സിന്‍ഡ്രോം'; ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ തുടര്‍ഭരണത്തിനായി മുറവിളി കൂട്ടുന്ന വിചിത്ര കാഴ്ച; ശബരിമല വിഷയം 'കത്തിക്കിടക്കുന്ന കനലായി' ഇന്നും ജനമനസ്സുകളില്‍; മറുനാടന്‍ സ്‌പെഷ്യല്‍ പോഡ്കാസ്റ്റില്‍ ഡോ.ബി.അശോക്

മറുനാടന്‍ സ്‌പെഷ്യല്‍ പോഡ്കാസ്റ്റില്‍ ഡോ.ബി.അശോക്

Update: 2026-03-31 15:27 GMT

മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ.ബി.അശോകിനോട് പിണറായി സര്‍ക്കാരിന് വിരോധമുണ്ടോ? വിരോധം ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു തരില്ല. ഒരു പക്ഷേ അതൃപ്തിയുണ്ടാകും. തുടര്‍ഭരണവുമായി ബന്ധപ്പെട്ട് അശോക് എഴുതിയ ഒരുലേഖനം ഇടതുരാഷ്ട്രീയക്കാരുടെ പുരികം ചുളിപ്പിച്ചിരുന്നു. എന്നല്‍, വിവാദത്തില്‍ കഴമ്പില്ലെന്നാണ് മറനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായുള്ള പോഡ്കാസ്റ്റില്‍ അദ്ദേഹം വിശദീകരിക്കുന്നത്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായിരുന്ന ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അടുത്തിടെ മാറ്റി നിയമിച്ചിരുന്നു, യുവജനവകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.


Full View

പോഡ്കാസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍:

ഉദ്യോഗസ്ഥര്‍ക്ക് എന്ത് തുടര്‍ഭരണം?

'ജനങ്ങളില്‍ വരുന്ന സ്വാഭാവികമായ അതൃപ്തിയെയാണ് ആന്റി ഇന്‍കംബന്‍സി ( ഭരണവിരുദ്ധ വികാരം) എന്നുപറയുന്നത്. അതിന് സര്‍ക്കാരൊന്നും തെറ്റായി ചെയ്യണമെന്നില്ല. ഭരണത്തുടര്‍ച്ച എന്നുപറയുന്നത് നമ്മുടെ ഭരണഘടനയില്‍ ഇല്ല. രാഷ്ട്രീയമായിട്ട് പറയാം. ഉദ്യോഗസ്ഥര്‍ക്ക് പറയാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല. ഭരണത്തുടര്‍ച്ച വേണമെന്ന് ഉദ്യോഗസ്ഥര്‍ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ഇംപ്ലിസിറ്റായി അവര്‍ പറയുന്നത് പ്രതിപക്ഷം തോല്‍ക്കണമെന്നല്ലേ? '-ഡോ.ബി.അശോക് ചോദിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തില്‍ കയറേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രം ബാധ്യതയാണ്. എന്നാല്‍ ഇവിടെ ഉദ്യോഗസ്ഥര്‍ തന്നെ തുടര്‍ഭരണത്തിനായി മുറവിളി കൂട്ടുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. 'ഒരു ഗവണ്‍മെന്റിന് രാഷ്ട്രീയമായി തുടര്‍ഭരണം എന്ന് മുദ്രാവാക്യം വിളിക്കാം. പക്ഷേ, ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നില്ല. ഓരോ അസംബ്ലിയും പുതിയതാണ്. രാവിലെ രാഷ്ട്രീയ യോഗം കൂടി ഇതേ സര്‍ക്കാരിനെ ജയിപ്പിക്കണം എന്ന് തീരുമാനിക്കുന്നവര്‍ക്ക് പിറ്റേന്ന് എങ്ങനെ നിഷ്പക്ഷമായി ഇലക്ഷന്‍ ഡ്യൂട്ടി ചെയ്യാന്‍ കഴിയും?' - അദ്ദേഹം ചോദിക്കുന്നു.

ചീഫ് സെക്രട്ടറിമാര്‍ കടുപ്പക്കാരായിരുന്ന കാലം

പഴയ കാലത്തെ സിസ്റ്റം ടോട്ടലി ന്യൂട്രല്‍ ആയിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് മൂന്നില്‍ രണ്ട് ചീഫ് സെക്രട്ടറിമാരും രാഷ്ട്രീയ ഇടപെടലുകളെ മുളയിലേ നുള്ളുമായിരുന്നു. രാഷ്ട്രീയ പ്രേരിതമായ യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നു എന്ന് കണ്ടാല്‍ ഉടന്‍ വിലക്ക് വരുമായിരുന്നു. എന്നാല്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ പോലും പരസ്യമായി തുടര്‍ഭരണ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും അതിനെ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നില്ല എന്നത് വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ് വിരല്‍ ചൂണ്ടുന്നത്.

മാഗസിനുകളിലോ മറ്റോ എഴുതുന്ന കാര്യങ്ങളില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അത് ആര്‍ക്കും വായിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുന്നതിനെതിരെ ശക്തമായ നിലപാടാണ് അഭിമുഖത്തിലുടനീളം അദ്ദേഹം സ്വീകരിച്ചത്.

അധികാരത്തിന്റെ ഹുങ്കില്‍ ആരുടെ മേലും മെക്കിട്ടുകയറാം എന്ന മനോഭാവം വര്‍ധിച്ചുവരുന്നത് അപകടകരമായ സൂചനയാണെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കുന്നു. ചോദ്യം ചോദിക്കരുത്, പറയുന്നത് മാത്രം അനുസരിക്കുക എന്ന ഫാസിസ്റ്റ് മനോഭാവം സമൂഹത്തില്‍ പിടിമുറുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി അധികാരത്തിലിരിക്കുമ്പോള്‍ സമൂഹത്തിലെ ക്രിമിനല്‍ ഘടകങ്ങള്‍ ഭരണസംവിധാനങ്ങളെ പിടിച്ചെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 'ബംഗാളില്‍ സംഭവിച്ചത് ഇതാണ്. പാര്‍ട്ടി യൂണിറ്റുകള്‍ പ്രാദേശിക ക്രിമിനലുകളുടെ നിയന്ത്രണത്തിലായി. അതോടെ ജനം അകന്നു. കേരളത്തില്‍ ഇത് അത്ര രൂക്ഷമായിട്ടില്ലെങ്കിലും ആശങ്കാജനകമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണം പോലുള്ള സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്,' അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വീസില്‍ രാഷ്ട്രീയ അതിപ്രസരം

കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയില്‍ രാഷ്ട്രീയ അതിപ്രസരം പിടിമുറുക്കുന്നുവെന്നും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുവെന്നുമാണ് ബി. അശോകിന്റെ അഭിപ്രായം. സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും, ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന നിഷ്പക്ഷത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഭരണഘടനയനുസരിച്ച് ഓരോ അഞ്ചുവര്‍ഷവും പുതിയ അസംബ്ലിയും ഭരണവുമാണ് നിലവില്‍ വരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ പോലും 'തുടര്‍ഭരണമാണ് ലക്ഷ്യം' എന്ന് പ്രഖ്യാപിക്കപ്പെടുന്നത് ലജ്ജാകരമാണ്. ഒരു ഉദ്യോഗസ്ഥന്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു എന്നതിനര്‍ത്ഥം പ്രതിപക്ഷം തോല്‍ക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇത് സര്‍വീസ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ചീഫ് സെക്രട്ടറിമാര്‍ ഇത്തരം രാഷ്ട്രീയ ഇടപെടലുകളെ ശക്തമായി വിലക്കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ 2016-ന് മുന്‍പുള്ള കാലഘട്ടത്തെ 'ഇരുണ്ട കാലം' എന്ന് വിശേഷിപ്പിക്കുന്നത് ഒബ്ജക്റ്റീവ് മെരിറ്റിലല്ല. വിഴിഞ്ഞം, മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്കെല്ലാം തറക്കല്ലിട്ടത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ആ കാലത്താണ്.

പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷനും ചീഫ് സെക്രട്ടറിയുടെ നിലപാടും

എന്‍. പ്രശാന്ത് ഐഎഎസിനെ ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബി. അശോക് പറഞ്ഞു. കൃഷി വകുപ്പില്‍ തന്നോടൊപ്പം മികച്ച രീതിയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭാഷാപ്രയോഗം തെറ്റാണെന്ന് താന്‍ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. എങ്കിലും, പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

'പേഴ്‌സണ നോണ്‍ ഗ്രേറ്റ' - അനഭിമതനാക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍

സിസ്റ്റത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ 'പേഴ്‌സണല്‍ നോണ്‍ ഗ്രേറ്റ' (അനഭിമതന്‍) ആയി മുദ്രകുത്തുന്ന പ്രവണതയുണ്ട്. ഇത്തരക്കാരോട് സംസാരിക്കാന്‍ പോലും സഹപ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. താന്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടതാണ് പലര്‍ക്കും അലോസരമുണ്ടാക്കിയത്. നൈസ് ഗയ്‌സ് (Nice Guys) എപ്പോഴും രണ്ടാമതാകുമെന്നും, തലയുയര്‍ത്തി നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും പരിക്കേല്‍ക്കുമെന്നും അദ്ദേഹം ബി.കെ. നെഹ്റുവിന്റെ പുസ്തകത്തെ ഉദ്ധരിച്ച് വിശദീകരിച്ചു.

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാവില്ല

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. കേന്ദ്രം പണം നല്‍കുന്നില്ല എന്ന വാദത്തിനപ്പുറം, കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭാവിയില്‍ വലിയ ബാധ്യതയാകും. പലിശ തിരിച്ചടവ് മാത്രം കോടികളിലെത്തുന്ന സാഹചര്യം വരാനിരിക്കുകയാണ്. മനോഹരമായ കെട്ടിടങ്ങള്‍ പണിയുമ്പോഴും മെഡിക്കല്‍ കോളേജുകളില്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നത് ഈ സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സര്‍വീസില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തരാണെന്നും ബി. അശോക് അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളത്തിന്റെ സാമ്പത്തിക അടിത്തറ അപകടകരമായ അവസ്ഥയിലാണെന്നും വരും വര്‍ഷങ്ങളില്‍ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പള പരിഷ്‌കരണ കുടിശികയും കടം തിരിച്ചടവും ചേര്‍ന്ന് 2030-ഓടെ കേരളത്തിന്റെ ഖജനാവ് ശൂന്യമാകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎ കുടിശിക 70,000 കോടി കടക്കും; ജുഡീഷ്യല്‍ ഇടപെടല്‍ ഉണ്ടായേക്കാം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ (ക്ഷാമബത്ത) കുടിശിക ഇപ്പോള്‍ ഏകദേശം 280 മാസത്തോളമായിട്ടുണ്ടെന്ന് ബി. അശോക് ചൂണ്ടിക്കാട്ടി. ഇത് പൂര്‍ണ്ണമായി നല്‍കാന്‍ ഏകദേശം 60,000 മുതല്‍ 70,000 കോടി രൂപ വരെ ആവശ്യമാണ്. ബംഗാളിലെ സമാനമായ കേസില്‍ സുപ്രീം കോടതി ഡിഎ എന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വിധിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരമൊരു ജുഡീഷ്യല്‍ വിധി വന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ സര്‍ക്കാര്‍ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. നിലവില്‍ കുടിശിക എട്ട് ഗഡുക്കളായി നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 2029-ന് മുന്‍പ് ഇത് ജീവനക്കാരുടെ കൈകളില്‍ എത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

കിഫ്ബിയും സാമ്പത്തിക 'ഡബിള്‍ വാമി'യും

കിഫ്ബി വഴി നടത്തുന്ന വികസനങ്ങള്‍ താല്‍ക്കാലികമായി മെച്ചമായി തോന്നാമെങ്കിലും അത് വലിയൊരു സാമ്പത്തിക കെണിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ 8 ശതമാനം പലിശയ്ക്ക് കടമെടുക്കുമ്പോള്‍ കിഫ്ബി 9.5 ശതമാനം പലിശയ്ക്കാണ് പണമെടുക്കുന്നത്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നു. 2022-ല്‍ കേന്ദ്ര സര്‍ക്കാര്‍ കിഫ്ബി കടം സര്‍ക്കാരിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ സംവിധാനത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. 2029-30 കാലയളവില്‍ മാത്രം തിരിച്ചടവിനായി 9,000 കോടി രൂപ മാറ്റിവയ്‌ക്കേണ്ടി വരും. ആകെ വരുമാനം രണ്ട് ലക്ഷം കോടിയുള്ള കേരളത്തിന് ഇത് വലിയ ഭാരമാകും.

വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വിപ്ലവം വെറും കെട്ടിടങ്ങളിലോ?

പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വലിയ പുരോഗതിയുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഗുണനിലവാരത്തില്‍ കേരളം പിന്നോട്ട് പോവുകയാണെന്ന് ബി. അശോക് വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിലെ സര്‍വകലാശാലകളില്‍ 70,000 ഡിഗ്രി സീറ്റുകള്‍ ഒഴിവു കിടന്നു. കുട്ടികള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് ഇവിടുത്തെ കോഴ്‌സുകള്‍ക്ക് തൊഴില്‍ സാധ്യതയില്ലാത്തതിനാലാണ്.

ആരോഗ്യ മേഖലയില്‍, മനോഹരമായ കെട്ടിടങ്ങളും പേവാര്‍ഡുകളും പണിയുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളേജുകളില്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു.

രക്ഷാമാര്‍ഗ്ഗം: ഘടനാപരമായ മാറ്റം

ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേരളം അതിന്റെ പ്രവര്‍ത്തന ശൈലി പൂര്‍ണ്ണമായും മാറ്റണമെന്ന് ബി. അശോക് നിര്‍ദ്ദേശിക്കുന്നു.

നഷ്ടത്തിലുള്ള 66 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉടച്ചുവാര്‍ക്കുകയോ ഓഹരി വിറ്റഴിക്കുകയോ ചെയ്യുക. അനാവശ്യമായ തസ്തികകള്‍ കുറച്ച് ഭരണച്ചെലവ് നിയന്ത്രിക്കുക. നികുതി ഘടനയില്‍ മാറ്റം വരുത്തുക. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി നിയമം വളച്ചൊടിക്കുന്നതും 'ഊരാളുങ്കല്‍' പോലുള്ള സൊസൈറ്റികള്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ വര്‍ക്ക് നല്‍കുന്നതും പുതിയ ഗവണ്‍മെന്റ് വന്നാല്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസിലെ സമ്മര്‍ദ്ദവും രാഷ്ട്രീയ അതിപ്രസരവും

ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് പോലീസ് സേനയിലാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ദം ഇതിന് ഒരു പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ കേരളത്തിലെ ഒരു ഡിജിപിയുടെ അനുഭവം ഉദാഹരണമായി അദ്ദേഹം വിവരിച്ചു. പാര്‍ട്ടിക്കാര്‍ തീയിട്ട കട ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉന്നതര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യം സിസ്റ്റത്തെയാകെ ദുര്‍ബലപ്പെടുത്തുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയല്ല നടപ്പിലാക്കുന്നത് എന്ന ബോധം ഉദ്യോഗസ്ഥരെ നിരാശരാക്കുന്നു.

വീട്ടില്‍ പോയി ചോദിച്ചാല്‍ മതി പ്രയോഗത്തിന്റെ ഔചിത്യം

ജനാധിപത്യത്തില്‍ ഭരണാധികാരികള്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യവും മാധ്യമങ്ങള്‍ പണം വാങ്ങി വാര്‍ത്തകള്‍ ചമയ്ക്കുന്ന പ്രവണതയും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ മലിനമാക്കുന്നുവെന്ന് ബി. അശോക് പറഞ്ഞു. ലണ്ടനില്‍ താന്‍ നേരിട്ട് കണ്ട ജനാധിപത്യ മര്യാദകള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി പബ്ബിലിരിക്കും; ഇവിടെ 'അമ്മാവന്‍ സിന്‍ഡ്രോം'

ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് കാലത്ത് ടോണി ബ്ലെയറെ പോലുള്ള ഭരണാധികാരികള്‍ വോട്ടര്‍മാരോട് പുലര്‍ത്തുന്ന വിനയം നാം മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'പന്ത്രണ്ട് പേരുള്ള ചെറിയ സദസ്സില്‍ വന്ന് സംസാരിക്കാനും വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മണിക്കൂറുകളോളം ക്ഷമയോടെ മറുപടി നല്‍കാനും അവര്‍ക്ക് മടിയൊന്നുമില്ല. അതിനുശേഷം നാട്ടുകാര്‍ക്കൊപ്പം പബ്ബിലിരുന്ന് സൗഹൃദം പങ്കിട്ടാണ് അവര്‍ വോട്ട് ചോദിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു 'പെഡസ്റ്റലില്‍' നിന്നുകൊണ്ട് ആജ്ഞാപിക്കുന്ന ശൈലിയാണ്.'

ഇന്നത്തെ യുവതലമുറ 'അതോറിറ്റേറിയന്‍' ശൈലിയെ വെറുക്കുന്നവരാണ്. എല്ലാത്തിനും ഉപദേശവും ശാസനയുമായി വരുന്ന 'അമ്മാവന്‍ സിന്‍ഡ്രോം' തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കും. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ശകാരിക്കുന്നത് പണ്ട് നടക്കുമായിരിക്കും, എന്നാല്‍ ഇക്വല്‍സ് (Equals) ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാത്തവര്‍ക്ക് വരുംകാലത്ത് നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ 'ഇമേജ് മേക്കിംഗ്' പ്രഹസനങ്ങള്‍ പലപ്പോഴും തിരിച്ചടിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കമ്മ്യൂണിക്കേഷന്‍ സയന്‍സില്‍ പിഎച്ച്ഡിയുള്ള ബി. അശോക്, നിലവിലെ പ്രചാരണ തന്ത്രങ്ങളെ ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ '1984' എന്ന വിഖ്യാത നോവലിലെ 'ബിഗ് ബ്രദര്‍' നിരീക്ഷണത്തോടാണ് ഉപമിച്ചത്.

കോവിഡ് കാലത്തെ മോണോപോളി ഇനി നടക്കില്ല

2021-ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നു. അന്ന് വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ അതൊരു 'മോണോപോളി' ആയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. കിഫ്ബിയും പിആര്‍ഡിയും ചേര്‍ന്ന് നൂറുകോടിയിലധികം രൂപയാണ് പരസ്യങ്ങള്‍ക്കായി ഒഴുക്കുന്നത്. മുന്‍കാലങ്ങളെ 'ഇരുണ്ട കാലം' എന്ന് ആക്ഷേപിക്കുന്ന പരസ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തരം 'ഓവര്‍കില്‍' (അമിതപ്രചാരണം) ജനങ്ങളില്‍ അവിശ്വാസവും മടുപ്പും മാത്രമേ ഉണ്ടാക്കൂ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

മോഹന്‍ലാലും സീരിയലുകളും; സ്‌ക്രിപ്റ്റ് ചെയ്ത 'സഹജീവി സ്‌നേഹം'

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെക്കൊണ്ട് ഇന്റര്‍വ്യൂ ചെയ്യിക്കുന്നതും സീരിയലുകള്‍ക്കിടയില്‍ ഗവണ്‍മെന്റ് സന്ദേശങ്ങള്‍ തിരുകിക്കയറ്റുന്നതും പുതിയ തന്ത്രമാണ്. കടുത്ത ഭരണാധികാരി എന്ന ഇമേജ് മാറ്റി 'സഹജീവി സ്‌നേഹമുള്ള ദീനദയാലു' എന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ ശ്രമം. എന്നാല്‍, ടിവിയില്‍ ഇത്തരത്തില്‍ 'സോഫ്റ്റ്' ആയി പ്രത്യക്ഷപ്പെടുകയും തൊട്ടടുത്ത നിമിഷം ലൈവ് വാര്‍ത്തകളില്‍ മുഖ്യമന്ത്രി പ്രകോപിതനായി സംസാരിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ ശ്രദ്ധിക്കും. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം പിആര്‍ വര്‍ക്കുകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ അല്ലാത്ത ഒന്നായി എന്നെ സ്‌നേഹിക്കരുത് എന്ന് ആന്ദ്രെ ജിദ് പറഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ പരസ്യങ്ങള്‍ കാണുമ്പോള്‍ അത് വില്‍ക്കാനുള്ള ശ്രമമാണെന്ന് ഓഡിയന്‍സിന് മനസ്സിലാകും. ഇത് വലിയ തിരിച്ചടിയുണ്ടാക്കും.' - ബി. അശോക് പറഞ്ഞു.

മാധ്യമങ്ങള്‍ 'വാടകയ്ക്ക്'; വാര്‍ത്തകള്‍ വില്‍ക്കപ്പെടുന്നു

മാധ്യമ രംഗത്തെ നിഷ്പക്ഷത പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് ബി. അശോക് ആശങ്കപ്പെട്ടു. പണം നല്‍കുന്നവര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ചമയ്ക്കുന്ന 'പെയ്ഡ് ക്യാമ്പയിനുകള്‍' ജനാധിപത്യത്തിന് ഭീഷണിയാണ്. ഒരു അഡ്വര്‍ടൈസറില്‍ നിന്ന് പണം വാങ്ങി അത് പരസ്യമാണെന്ന് സൂചിപ്പിക്കാതെ വാര്‍ത്തയായി നല്‍കുന്നത് അങ്ങേയറ്റം അധാര്‍മ്മികമാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ ഇത്തരം അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് ഡിക്ലയര്‍ ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ അത് സംഭവിക്കുന്നില്ല.

ഭാവിയില്‍ വലിയ പണച്ചെലവുള്ള രാഷ്ട്രീയ പാര്‍ട്ടികളോ വ്യവസായികളോ ചാനലുകളെയും പത്രങ്ങളെയും മാസങ്ങളോളം 'വാടകയ്ക്ക്' എടുക്കുന്ന സാഹചര്യം വന്നേക്കാം. എഡിറ്റോറിയല്‍ പേജുകള്‍ പോലും പണം കൊടുക്കുന്നവര്‍ക്കായി നീക്കിവെക്കുന്ന ദുരവസ്ഥയാണിന്ന്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പുതിയ വെല്ലുവിളികളും

ഡിജിറ്റല്‍ മീഡിയയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കടന്നുവരുന്നതോടെ വാര്‍ത്തകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങള്‍ ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെങ്കില്‍ വരുംകാലം കൂടുതല്‍ പ്രയാസകരമാകുമെന്നും ബി. അശോക് പറഞ്ഞു.

വിമര്‍ശിക്കുന്നവരെ ടാര്‍ഗെറ്റ് ചെയ്യുന്നതും സത്യം പറയുന്ന ഉദ്യോഗസ്ഥരെ സൈഡ്ലൈന്‍ ചെയ്യുന്നതും ഭരണസംവിധാനത്തിന്റെ തകര്‍ച്ചയ്ക്കാണ് വഴിയൊരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല: ഉള്ളില്‍ കനലായി ഇലക്ഷന്‍ ഡേറ്റിലെ സുപ്രീം കോടതി വാദം

ശബരിമല വിഷയം കേരള രാഷ്ട്രീയത്തില്‍ ഇന്നും നിര്‍ണ്ണായകമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭക്തജനങ്ങളുമായി അടുത്ത ബന്ധമുള്ള തനിക്ക് അറിയാവുന്നത് അതൊരു 'കത്തിക്കിടക്കുന്ന കനലായി' ഇന്നും ജനമനസ്സുകളിലുണ്ടെന്നാണ്. പ്രത്യേകിച്ച്, ഏപ്രില്‍ ഒന്‍പതിലെ വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ (ഏഴ്, എട്ട് തീയതികളില്‍) ശബരിമല റിവ്യൂ പെറ്റീഷന്‍ സുപ്രീം കോടതി പരിഗണിക്കുന്നത് വലിയ ഓളങ്ങള്‍ ഉണ്ടാക്കിയേക്കാം.

വീട് വളഞ്ഞ അക്രമികള്‍; പോലീസിന്റെ സാഹസം

മുന്‍പ് നടന്ന ചില സംഭവങ്ങള്‍ വിവരിക്കവെ, രാഷ്ട്രീയ വൈരാഗ്യം വ്യക്തിജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. തന്റെ വീട് വളയാന്‍ വരെ ആള്‍ക്കൂട്ടം എത്തിയെന്നും മതിലില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ചവരെ പോലീസ് വളരെ പണിപ്പെട്ടാണ് മാറ്റിയതെന്നും ആ രാത്രി താന്‍ നേരിട്ടത് തെരുവിലെ 'റോ പവര്‍' (Raw Power) ആണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധം വലിയ വിവാദമായെങ്കിലും, എന്റെ വീട് ആക്രമിക്കാന്‍ വന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെങ്കില്‍ നാല് കേസുകളെങ്കിലും ഉണ്ടാവേണ്ടി വരുമായിരുന്നു,' അദ്ദേഹം പരിതപിച്ചു.

അധികാരത്തിന്റെ തണലില്‍ വ്യക്തികളുടെ ഭാഷയും പെരുമാറ്റശൈലിയും അധിക്ഷേപകരമായി മാറുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. നടന്‍ മമ്മൂട്ടിക്കെതിരെയുണ്ടായ പരാമര്‍ശങ്ങള്‍ ഇത്തരമൊരു ശൈലീമാറ്റത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലാ തലങ്ങളില്‍ പോലും ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സുഹൃത്തുക്കള്‍ സംസാരിക്കുന്ന രീതിയും സ്വരവും മാറുകയാണെന്നും, മുന്‍പ് എസ്എഫ്‌ഐ പ്രസിഡന്റായിരുന്ന ഒരാള്‍ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസില്‍ വന്ന് മോശമായി പെരുമാറിയ സംഭവം ഇതിന് തെളിവാണെന്നും അദ്ദേഹം വെളിപ്പെടുത്തി.


ഭരണകൂടത്തിന്റെ തണലിലുള്ളവരെ സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ നിയമം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നതാണ് ഈ ശൈലി. 'ചൈനയില്‍ അഴിമതിക്കാര്‍ക്ക് വധശിക്ഷ നല്‍കും. പക്ഷേ, അത് ഭരണകൂടത്തിന് പുറത്തുള്ളവര്‍ക്ക് മാത്രമാണ്. ഉള്ളിലുള്ളവര്‍ക്ക് എന്നും സംരക്ഷണമുണ്ടാകും. സമാനമായ രീതിയാണ് നവീന്‍ ബാബുവിന്റെ കേസിലും നാം കണ്ടത്,' അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News